തൊമ്മൻകുത്ത് : കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ തൊമ്മൻകുത്ത് പാലത്തിന്റെ നിർമാണം വൈകാതെ ആരംഭിക്കണമെന്ന് നാട്ടുകാർ.

To advertise here,

പാലം നിർമാണത്തിന് മുന്നോടിയായി ഗതാഗതം തിരിച്ചുവിടുന്നതിനുള്ള താത്കാലിക പാലത്തിന്റെ പണികളാണ് ആദ്യം ആരംഭിക്കേണ്ടത്.

മഴ കുറഞ്ഞ് പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി താത്കാലിക പാലം നിർമാണം ഉടൻ തുടങ്ങാൻ കെ.എസ്.ടി.പി.യും കരാറുകാരനും തയ്യാറാകണം.

തടസ്സം മാറി, പിന്നെന്തേ...

താത്കാലിക പാലം നിർമിക്കുന്നതിനായി പുഴയോരത്തുള്ള തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയുടെ ചാപ്പൽ പൊളിച്ചുമാറ്റണം. ഇതുസംബന്ധിച്ച കരാർ കെ.എസ്.ടി.പി.യും പള്ളിയും തമ്മിൽ കഴിഞ്ഞദിവസം ഒപ്പുവച്ചു. എന്നാൽ, പാലം നിർമാണവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി.യും കരാറുകാരനും തമ്മിലുള്ള കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. നാലുമാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കണമെന്നാണ് കെ.എസ്.ടി.പി.യുടെ കരാറിലെ വ്യവസ്ഥ.

ചീഫ് വിപ്പ് അപു ജോൺ ജോസഫ് കഴിഞ്ഞദിവസം തൊടുപുഴയിൽ കെ.എസ്.ടി.പി., കൺസൾട്ടന്റ് ഏജൻസി, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചിരുന്നു.

പാലം നിർമാണം അടിയന്തരമായി ആരംഭിക്കാനും റോഡിന്റെ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാനും അദ്ദേഹം നിർദേശം നൽകിയിരുന്നു.

ഇതിനിടെ റോഡ് ടേക്ക് ഓവർ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. എക്സിക്യുട്ടീവ് എൻജിനിയർ അവധിയിലായതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് വിവരം.

പാലം നിർമാണം ആരംഭിക്കാൻ ആവശ്യപ്പെട്ട് കരാറുകാരന് കത്ത് നൽകിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി. അധികൃതർ അറിയിച്ചു.

പള്ളി ചാപ്പൽ പൊളിച്ചുനീക്കിയാൽ ഉടൻ പണി തുടങ്ങുമെന്ന് കരാർ കമ്പനി പറയുന്നു. എന്നാൽ, നിർമാണത്തിനാവശ്യമായ യന്ത്രങ്ങൾ ഉൾപ്പടെ എത്തിച്ചാൽ അന്നുതന്നെ ചാപ്പൽ പൊളിച്ചുനീക്കാം എന്ന നിലപാടിൽ ആണ് പള്ളിയും കെ.എസ്.ടി.പി.യും. തർക്കങ്ങൾ അവസാനിപ്പിച്ച് അടുത്ത മഴക്കാലത്തിന് മുമ്പ് പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.