ഏലപ്പാറ : സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്‌സ് അധികൃതരുടെ അനാസ്ഥമൂലം കാടുകയറി നശിക്കുന്നു.

To advertise here,

പീരുമേട് പൊതുമരാമത്ത്‌ ഡിവിഷന് കീഴിൽ ഏലപ്പാറ പഞ്ചായത്തിലെ തണ്ണിക്കാനം വാർഡിൽ പ്രവർത്തിക്കുന്ന റെസ്റ്റ് ഹൗസിനോടുചേർന്നുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സാണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നത്.കെട്ടിടവും പരിസരവും കാടുമൂടി പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ പ്രധാന ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം.

 

വർഷങ്ങളായി ജീവനക്കാർ ആരും താമസിക്കാൻ എത്താത്തതാണ് കെട്ടിടം ഇത്തരത്തിൽ നശിക്കാൻ പ്രധാന കാരണം. മുമ്പ് കെട്ടിടത്തിന് ചുറ്റുമതിൽ ഇല്ലാതിരുന്നതും കാടുകയറിയതും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. തുടർന്ന് അധികൃതർ ഇടപെട്ട് ചുറ്റുമതിൽ പുനർനിർമിച്ചെങ്കിലും ഉള്ളിലെ പ്രധാന കെട്ടിടം നവീകരിക്കാനോ, സംരക്ഷിക്കാനോ നടപടി സ്വീകരിച്ചില്ല.

 

ജീവനക്കാർ ഉപയോഗിക്കുന്നില്ലെങ്കിൽ, കെട്ടിടം പൊതുആവശ്യങ്ങൾക്ക് വിട്ടുനൽകണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ജോജു ജോർജ് ഇരട്ടവേഷത്തിലെത്തിയ ‘ഇരട്ട’ ഉൾപ്പെടെ നിരവധി സിനിമകളുടെ പ്രധാന ലൊക്കേഷനായിരുന്നു തണ്ണിക്കാനത്തെ അതിഥിമന്ദിരവും ഈ ക്വാർട്ടേഴ്‌സും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ വിനോദസഞ്ചാരികൾക്കും കെട്ടിടം ഉപയോഗിക്കാനാകും. സർക്കാർ ഉടമസ്ഥതയിലുള്ള മറ്റ്‌ കെട്ടിടങ്ങളും പ്രദേശത്ത് ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. അതേസമയം, വാടക കൊടുത്ത് പ്രവർത്തിക്കുന്ന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുമുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് നൽകി ഫലപ്രദമായി ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.