പിടിയിലായത് മൂന്നുവർഷത്തിനുശേഷം

To advertise here,

മൂന്നാർ : കേരള ബാങ്കിന്റെ മൂന്നാർ സായാഹ്നശാഖയിൽ നിന്ന് 17 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയശേഷം മുങ്ങിയ പ്രതിയെ മൂന്നുവർഷത്തിനുശേഷം തമിഴ്നാട്ടിൽനിന്ന് പിടികൂടി മൂന്നാർ പോലീസ്. ന്യൂ മൂന്നാർ സ്വദേശി സതീഷ് കുമാർ (47) ആണ് പിടിയിലായത്.

കേരള ബാങ്കായി മാറുന്നതിന് മുൻപ് തന്നെ ഇടുക്കി ജില്ലാ കോപ്പറേറ്റീവ് ബാങ്ക് പ്രവർത്തിക്കുന്ന സമയംമുതൽ മൂന്നാർ സായാഹ്നശാഖയിലെ കളക്ഷൻ ഏജന്റായി ജോലിചെയ്തുവരികയായിരുന്നു സതീഷ്‌കുമാർ. പ്രവർത്തന കാലയളവിലെ 2021 മുതൽ 2023 വരെയുള്ള കാലയളവിലാണ് നിക്ഷേപകരിൽനിന്ന് പല സ്കീമുകൾക്ക് വേണ്ടി സമാഹരിച്ചതുക ബാങ്കിൽ അടയ്ക്കാതെ ഇയാൾ മുങ്ങിയത്. തുടർന്ന് 2024-ലെ ഓഡിറ്റ് റിപ്പോർട്ട് വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തുകയും വിഷയം വകുപ്പിന് കൈമാറുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ മൂന്നാറിൽ നിന്ന് മുങ്ങിയത്.

ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് കേസ് രജിസ്റ്റർചെയ്തു. പിന്നീട് വർഷങ്ങളായി സതീഷ്‌കുമാറിനുവേണ്ടിയുള്ള അന്വേഷണം നീണ്ടു. കഴിഞ്ഞദിവസം ഇയാൾ തമിഴ്നാട് വിരുത് നഗറിന് സമീപമാണ് താമസം എന്ന് അറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാർ സി.ഐ. ബിനോദ്കുമാർ, എസ്.എച്ച്.ഒ. കൃഷ്ണപ്രിയ ഉണ്ണി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻ, ദിലീപ്, സുനീഷ് എന്നിവർ തമിഴ്നാട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മൂന്നാറിൽ എത്തിച്ച പ്രതിയെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കും.