അപകടമൊഴിയാതെ വടക്കടത്തുകാവ്

To advertise here,

അടൂർ : സുരക്ഷാ ഇടനാഴി, വേഗം നിരീക്ഷിക്കാൻ ക്യാമറ, പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും പരിശോധന. എം.സി. റോഡിൽ അപകടം കുറയ്ക്കാൻ സംവിധാനങ്ങൾ പലതുണ്ടെങ്കിലും വടക്കടത്തുകാവ് ജങ്ഷനിൽ അപകടങ്ങൾക്ക് കുറവില്ല. ഏനാത്തിനും അടൂരിനുമിടയിൽ എം.സി. റോഡിൽ പതിവാകുന്ന അപകടങ്ങളിൽ ഏറെയും വടക്കടത്തുകാവ് ജങ്ഷനിലാണ്. ഏറ്റവും ഒടുവിൽ പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികനായ വടക്കടത്തുകാവ് മുരുകൻകുന്ന് സ്വദേശി രാജു (57) മരിച്ചതും ഇതേ ജങ്ഷനിലാണ്. രാവിലെ 7.30-നായിരുന്നു അപകടം.

സെപ്റ്റംബറിൽ ഇവിടെ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതത്തൂണിലേക്ക് ഇടിച്ചുകയറിയിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതേ സ്ഥലത്ത് കാർ ബൈക്കിലിടിച്ച് വടക്കടത്തുകാവ് മൂന്നാം ബറ്റാലിയൻ പോലീസ് ക്യാമ്പിലെ ഹവിൽദാറായ കരുനാഗപ്പള്ളി ആലുംകടവ് മരുതൂർകുളങ്ങര സൗത്ത് പുത്തൻപുരയിൽ എസ്. സച്ചു (44) മരിച്ച സംഭവവുമുണ്ടായി. ജൂലായ് 29-ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചതും ഇവിടെ. തുടർച്ചയായ അപകടങ്ങൾ ജങ്ഷനിലെ സുരക്ഷാസംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നു.

വളവുകൾ അപകടക്കെണി

പുതുശ്ശേരി ഭാഗം കഴിഞ്ഞുള്ള പ്രധാന റോഡിലാണ് വടക്കടത്തുകാവ്. നാല് വളവുകളിലായാണ് പ്രധാനമായും അപകടസാധ്യത കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ, മണക്കാല ഭാഗങ്ങളിൽനിന്നുള്ള ചെറിയ റോഡുകൾ സംഗമിക്കുന്ന സ്ഥലം കൂടിയാണിത്. രാത്രി വലിയ വളവുകൾ അപകടസാധ്യത വർധിപ്പിക്കുന്നു. ഉറക്കത്തിലേക്ക് വഴുതുന്ന ഡ്രൈവർമാർക്ക് വളവുകളിൽ വാഹനത്തിന്റെ വേഗം കുറയ്ക്കാനോ ദിശ മാറ്റാനോ കഴിയാതെ വരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.

തിരിയുംമുമ്പേ സൂചന നൽകണം

ഏനാത്ത് ഭാഗത്തുനിന്ന് അടൂരിലേക്ക് വരുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് പറക്കോട് ഭാഗത്തേക്ക് തിരിയുന്നതാണ് മറ്റൊരു പ്രധാന അപകടകാരണം. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഇൻഡിക്കേറ്റർ നൽകാതെയും പിന്നിൽ വരുന്ന വാഹനങ്ങൾക്ക് സൂചന നൽകാതെയും തിരിയുന്നത് കൂട്ടിയിടികൾക്ക് വഴിയൊരുക്കുന്നു. മുന്നിലുള്ള വാഹനം പെട്ടെന്ന് തിരിയുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ഇടിച്ചുകയറുകയുംചെയ്യുന്നു.

വാഹനം തിരിക്കുന്നതിനും ദിശമാറ്റുന്നതിനും മുൻകൂട്ടി സൂചന നൽകേണ്ടത് മോട്ടോർ വാഹന നിയമത്തിലെ പ്രധാന സുരക്ഷാനിർദേശമാണ്. തിരിയാൻ തൊട്ടുമുൻപ് ഇൻഡിക്കേറ്റർ ഇടുന്നതിനു പകരം മതിയായ അകലം പാലിച്ച് നേരത്തേ തന്നെ സൂചന നൽകണം. സാധാരണ റോഡുകളിൽ തിരിയുന്നതിന് ഏകദേശം 200 അടി മുമ്പും ഹൈവേകളിൽ 900 അടി മുമ്പും ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണമെന്നാണ് നിർദേശം. യു-ടേൺ എടുക്കുമ്പോഴും റൗണ്ട് എബൗട്ടിൽ സഞ്ചരിക്കുമ്പോഴും ലെയിൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ശരിയായ ഇൻഡിക്കേറ്റർ ഉപയോഗിക്കണം. തിരിഞ്ഞശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്യാനും ശ്രദ്ധിക്കണം.

എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൂചന വ്യക്തമായി കാണാൻ കഴിയാത്തവിധം ബ്രൈറ്റ് ലൈറ്റ് ഉപയോഗിച്ചുകൊണ്ട് ഇൻഡിക്കേറ്റർ നൽകുന്നതും ഒഴിവാക്കണം.