തൊടുപുഴ : ഉടുമ്പന്നൂർ-മണിയാറൻകുടി റോഡുപണി തുടങ്ങി. രണ്ടുകിലോമീറ്റർ ഭാഗത്തെ പണിയാണ് നടക്കുന്നത്. വേളൂർ ചപ്പാത്തിന് അപ്പുറത്തുനിന്ന് തുടങ്ങി കോട്ടക്കവല ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വരെയുള്ള രണ്ടു കിലോമീറ്റർ ഭാഗമാണ് പണിയുന്നത്. ഇത് പൂർത്തിയാക്കി ഇതുവഴി വാഹനങ്ങൾ കടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സാഹചര്യം ഉണ്ടായതിനുശേഷമാണ് അടുത്ത രണ്ടുകിലോമീറ്റർ കോൺക്രീറ്റ് ചെയ്യുക.

To advertise here,

​മൂന്നു മീറ്റർ വീതിയിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. 17 കിലോമീറ്റർ ദൂരമാണ് ഉടുമ്പന്നൂർ- മണിയാറൻകുടി റോഡ്. ഇത് പൂർത്തിയാക്കാൻ ആറുഘട്ടം വേണ്ടിവരും. കോൺക്രീറ്റ് ചെയ്യുന്ന ഭാഗത്തുകൂടി വണ്ടി കടത്തിവിടാൻ ഒരാഴ്ചകഴിയും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ പണി പൂർത്തിയാകും. കൈതപ്പാറയിൽനിന്ന് മണിയാറൻകുടിക്ക് നേരത്തേ രണ്ടുകിലോമീറ്റർ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി സഡക്‌യോജനയിൽപെടുത്തിയാണ് റോഡ് പണിയുന്നത്.

​വേളൂർ ചപ്പാത്തിന് പകരം പുതിയപാലം പണിയും. അതിനുള്ള അനുമതിയും ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഓഫീസ് പറഞ്ഞു.

​മൂന്നുമീറ്റർ വീതി പ്രശ്നം

​ഹൈറേഞ്ചുകാർക്ക് തൊടുപുഴയിൽ എത്താനുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് ഉടുമ്പന്നൂർ- മണിയാറൻകുടി റോഡ്. മൂന്ന് മീറ്റർ വീതിയുള്ള റോഡിലൂടെ ചെറുവാഹനങ്ങൾക്കു മാത്രമേ കടന്നുപോകാൻ കഴിയൂ. അഞ്ചുമീറ്ററെങ്കിലും വീതിയില്ലെങ്കിൽ എതിരേ വരുന്ന ചെറിയ വാഹനങ്ങൾക്ക് അരികു നൽകാൻപോലും ബുദ്ധിമുട്ടാകും. റോഡ് തുറന്നതിനുശേഷം പരിവേഷ് പോർട്ടൽ വഴി അപേക്ഷ നൽകി വീതികൂട്ടാമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികൾ.

​വേളൂർ, മനയത്തടം, കൈതപ്പാറ, മണിയാറൻകുടി ഭാഗങ്ങളിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ റൂട്ടിലുണ്ട്. പുൽമേട്, അള്ളുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ നിരവധി കാഴ്ചകൾ അതിലുൾപ്പെടും.