കുമളി: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി കുമളി പഞ്ചായത്ത് ഒരുക്കിയ ശൗചാലയങ്ങളിൽ മലിനജലം ഉപയോഗിക്കുന്നതായി പരാതി. കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ശൗചാലയങ്ങളിലേക്ക് സമീപത്തെ മലിനമായ തോട്ടിൽനിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നതായാണ് ആരോപണം.

To advertise here,

കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി. ജങ്ഷന് സമീപത്തെ പഴയ പാലത്തിൽ കണ്ടെയ്നർ മാതൃകയിലുള്ള സൗജന്യ ശൗചാലയസൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഇത്തവണ ഈ സംവിധാനം ഇവിടെനിന്ന് മാറ്റി, പകരം കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കുള്ളിൽ ശൗചാലയം സ്ഥാപിക്കുകയായിരുന്നു.

ശൗചാലയത്തിലേക്ക് ആവശ്യമായ വെള്ളം സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽനിന്നാണ് ശേഖരിക്കുന്നത്. മാലിന്യം നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലുള്ള തോട്ടിൽനിന്ന് രാത്രിയുടെ മറവിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് പഴയ പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന രണ്ട് ടാങ്കുകളിൽ സംഭരിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവിടെനിന്ന് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ശൗചാലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതായാണ് ആരോപണം. അതേസമയം, ഈ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായി ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്ന ഭാഗം നാലുവശവും മറച്ചുകെട്ടിയ നിലയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ അയ്യപ്പഭക്തരാണ് തീർഥാടനകാലത്ത് കുമളിയിലെത്തുന്നത്. ഇവർ ഉപയോഗിക്കുന്ന ശൗചാലയങ്ങളിലേക്ക് ഇത്തരത്തിൽ മലിനജലം എത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തീർഥാടകർക്ക് ഒരുക്കിയ ശൗചാലയങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണമെന്നും വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.