ഇടുക്കി: വണ്ടിപ്പെരിയാറിനുസമീപത്തെ സത്രം എയർസ്ട്രിപ്പ് പദ്ധതിയുടെ പൂർത്തീകരണത്തിനും സമീപനപാത നിർമാണത്തിനും ആവശ്യമായ അധികഭൂമി കണ്ടെത്തി. ഭൂമി കൈമാറ്റം വേഗത്തിലാക്കി പദ്ധതി പൂർത്തീകരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു.
പീരുമേട് താലൂക്കിൽ കണ്ടെത്തിയ സ്ഥലത്തിന്റെ വിശദാംശങ്ങൾ വനംവകുപ്പിന്റെ പോർട്ടലിൽ അപ്‌ലോഡുചെയ്യാൻ എൻ.സി.സിക്ക് നിർദേശം നൽകി. 450 മീറ്റർ അപ്രോച്ച് റോഡാണ് നിർമിക്കുന്നത്. 800 മീറ്റർ നീളമുള്ള റൺവേ ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ പൂർത്തിയാക്കി പരീക്ഷണ ലാൻഡിങ്ങുകൾ നടത്തിയിരുന്നു. ഇടമലക്കുടിയിലെ വീടുകളുടെ ബലക്ഷയം സംബന്ധിച്ച സമിതി റിപ്പോർട്ട് പരിശോധിക്കാൻ ഡിസംബർ മൂന്നിന് യോഗംചേരും. ജില്ലയിലെ അങ്കണവാടികളുടെ അറ്റകുറ്റപ്പണിയും നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയും രൂപവത്കരിച്ചു.
മൂലമറ്റം–ഉളുപ്പൂണി റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഭൂമിയുടെ അവകാശത്തർക്കം പരിഹരിക്കാൻ മൂന്ന് ദിവസത്തിനകം രേഖകൾ ഹാജരാക്കാൻ വനംവകുപ്പിന് നിർദേശം നൽകി. റവന്യൂവകുപ്പും ബന്ധപ്പെട്ട രേഖകൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. റോഡ് വനഭൂമിയിലാണെന്ന തർക്കത്തെ തുടർന്നാണ് നിർമാണം തടസ്സപ്പെട്ടത്. അങ്കണവാടികളുടെ നിർമാണവും അറ്റകുറ്റപ്പണിയും സംബന്ധിച്ച സമിതിയിൽ തേയിലത്തോട്ടം മേഖലയിലെ കമ്പനികളുടെ പ്രതിനിധികൾ, പൊതുമരാമത്തുവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഐ.സി.ഡി.എസ്., തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
സർക്കാർ ജീവനക്കാർക്ക് ക്വാർട്ടേഴ്സ് ലഭ്യമാക്കുന്നതിനുള്ള നയം രൂപവത്കരിക്കാൻ നിയോഗിച്ച സമിതിയുടെ പ്രവർത്തനവും യോഗം വിലയിരുത്തി. ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ വിവരശേഖരണം ആരംഭിച്ചു. ക്വാർട്ടേഴ്സ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. പി. പ്രവീൺ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Content Highlights: The Idukki District Development Committee has decided to expedite the land transfer process for completing the Sathram airstrip and approach road.
Published: 28 Nov 2026, 05:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented