പ്രായഭേദമന്യേ മൊബൈൽ സ്ക്രീനിനു മുന്നിൽ കുത്തിയിരിക്കുന്നവർ ഏറെയാണ്. ഇതുണ്ടാക്കുന്ന മാനസിക-ശാരീരിക പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയുള്ളപ്പോഴും മൊബൈൽ ആസക്തിയിൽനിന്നു വിട്ടുനിൽക്കാൻ കഴിയാത്തവരാണ് മിക്കവരും. അത്തരത്തിലുള്ളവരെ ലക്ഷ്യമിട്ടാണ് ഓഗസ്റ്റ് രണ്ട് ഡിജിറ്റൽ ടോക്സിസിറ്റി അവബോധ ദിനം ആയി ആചരിക്കാൻ ഫിസിഷ്യനും സൈക്കോളജിസ്റ്റുമായ ഡോ. യൂജീൻ ലിപോവ് ആഹ്വാനം ചെയ്യുന്നത്. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം മാനസികമായും ശാരീരികമായും എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും അവബാധം പകരുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

To advertise here,

സ്ക്രീൻ ടൈം അധികരിക്കുന്നത് കണ്ണുകൾക്ക് ആയാസം, കഴുത്തിനും തോളുകൾക്കും വേദന, നടുവേദന എന്നിവയുണ്ടാക്കും. മാനസികാരോഗ്യ പ്രശ്നങ്ങളായ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയും വർധിക്കും. കൂടാതെ മൊബൈൽ ഫോണിനു മുന്നിൽ ഏറെസമയം ചെലവഴിക്കുക വഴി സാമൂഹിക ബന്ധങ്ങളും വൈജ്ഞാനിക പ്രവർത്തനങ്ങളും കുറയുകയും ചെയ്യും.

ഡിജിറ്റൽ ഡിടോക്സ് പ്രോഗ്രാമുകൾക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അതിലൂടെ സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും അമിതവണ്ണമുണ്ടാകാനുള്ള സാധ്യത തടയാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. കമ്പ്യൂട്ടർ സ്ക്രീനുകൾ, സ്മാർട്ട്ഫോണുകൾ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിലേക്ക് ദീർഘനേരം നോക്കിയിരിക്കുന്നതിലൂടെ ഉണ്ടാകുന്ന കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന അവസ്ഥയും സാധാരണമാണിന്ന്. കണ്ണുകൾക്ക് ആയാസം, തലവേദന, മങ്ങിയ കാഴ്ച, വരണ്ട കണ്ണുകൾ, കഴുത്തിനും തോളുകൾക്കും വേദന എന്നിവ ഇതിന്റെ പ്രധാനലക്ഷണങ്ങളാണ്. ഡിജിറ്റൽ ഉപകരണങ്ങൾക്കു മുമ്പിൽ ഏറെസമയം ഇരിക്കുന്നതുമൂലം പോസ്ചറും മാറുകയും കഴുത്തിനും തോളുകൾക്കും വേദനയും ഉണ്ടാവുകയും ചെയ്യും. കൂടാതെ നടുവേദനയ്ക്കും മറ്റ് പേശീസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

ദിവസവും അഞ്ച് മണിക്കൂറിൽ കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങളിൽ സമയം ചെലവഴിക്കുന്ന കൗമാരക്കാരിൽ ദിവസത്തിൽ ഒരു മണിക്കൂറിൽ കുറവ് സമയം ചെലവഴിക്കുന്നവരെ അപേക്ഷിച്ച് ആത്മഹത്യാചിന്തകളും വിഷാദസംബന്ധമായ പ്രശ്നങ്ങളുമുണ്ടാവാനുള്ള സാധ്യത 70% കൂടുതലാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്. അമിതമായ സ്ക്രീൻ സമയം ഉറക്കമില്ലായ്മയിലേക്കും നയിക്കും. കൂടാതെ, സാമൂഹിക ഒറ്റപ്പെടലിലേക്കും ഏകാന്തതയിലേക്കും നയിക്കും. ശ്രദ്ധ കുറയ്ക്കുക, സർഗാത്മകത കുറയ്ക്കുക വീഡിയോ ഗെയിമുകളിൽ അടിമപ്പെടുക തുടങ്ങിയവയ്ക്കും കാരണമാകും.

ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും മെച്ചപ്പെടാൻ അമിതമായ സ്ക്രീൻ സമയത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം പകരേണ്ടതുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ഔട്ട്‌ഡോർ കളികളും മറ്റും പ്രോത്സാഹിപ്പിക്കുകയും വേണം. സ്ക്രീൻ സമയത്തിന് പരിധി നിശ്ചയിക്കാൻ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളെയും തൊഴിലിടങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നത് പ്രയോജനം ചെയ്യും.

മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് അവരുടെ ഫോൺ തട്ടിയെടുക്കുന്ന കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷണസമയത്ത് സ്‌ക്രീൻ ടൈം ഒഴിവാക്കുക. ഗെയിം അഡിക്ഷനുകളിൽനിന്ന് കുട്ടികളെ വിമുക്തരാക്കുക. സ്‌ക്രീൻ ടൈം എത്രയാണെന്ന് കൃത്യമായി വിലയിരുത്തുക. മറ്റ് ആക്ടിവിറ്റികളിൽ അവരെ ഉൾപ്പെടുത്താൻ ശ്രമിക്കുക.