കല്പറ്റ: തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന സമ്മർദം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദവും ആത്മഹത്യാ പ്രവണതയും വിശകലനം ചെയ്യും.

To advertise here,

തൊഴിൽ മേഖലയിൽ നേരിടുന്ന സമ്മർദം ലഘൂകരിക്കുകയാണ് പഠന ലക്ഷ്യം. ഐ.ടി., ടെക്‌സ്റ്റയിൽസ് തുടങ്ങി വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക. അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സൈക്കോളജി, സോഷ്യോളജി വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കും. 2025 ഏപ്രിലോടെ പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.

കമ്മിഷന്റെ നേതൃത്വത്തിൽ യുവജനതയുടെ മാനസിക- ആരോഗ്യ മേഖല സംബന്ധിച്ച് നടത്തിയ ഒന്നാംഘട്ട പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്ത് അഞ്ച് വർഷത്തിനകം നടന്ന 895 ആത്മഹത്യാകേസുകളാണ് പഠനവിധേയമാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം എം.എസ്.ഡബ്ല്യൂ. വിദ്യാർഥികളാണ് പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്.

വിദേശ രാജ്യങ്ങളിൽ ജോലിക്കും പഠന സംബന്ധമായി പോകുന്നവർ, വിവിധ സ്ഥാപനങ്ങൾക്ക് നിയമ വശങ്ങളറിയാതെ പണം നൽകി വഞ്ചിതരാവുന്ന പരാതികൾ കൂടിവരുകയാണെന്നും വിദേശത്ത് പോകുന്നവരും രക്ഷിതാക്കളും സ്ഥാപനങ്ങൾക്ക് പണം നൽകുമ്പോൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

യുവജനങ്ങളുടെ അവകാശ നിഷേധം, വിദ്യാഭ്യാസം, വായ്പ, പോലീസ്, തൊഴിൽ സ്ഥാപങ്ങൾക്കെതിരേയുള്ള പരാതികൾ യുവജന കമ്മിഷൻ പരിഗണിച്ചു. പി.എസ്.സി. റാങ്ക് ജേതാക്കളുടെ പരാതികൾ ഉൾപ്പെടെ 19 പരാതികൾ ലഭിച്ചു. ഇതിൽ എട്ട് പരാതികൾ തീർപ്പാക്കി. കമ്മിഷൻ അംഗങ്ങളായ കെ.റഫീഖ്, പി.സി. ഷൈജു, പി. അനിഷ, പി.പി. രൺദീപ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.