കണ്ണൂർ: നവംബർ നാലിന് തുടങ്ങി ഒരുമാസത്തിനുള്ളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്‌ഐആർ) ജോലി തീർക്കണമെന്നായിരുന്നു ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള (ബിഎൽഒ) നിർദേശം. എന്നാൽ, നവംബർ 15-നുമുൻപ് ഫോം വിതരണം പൂർത്തിയാക്കണമെന്ന പുതിയ നിർദേശം അവരെ ശരിക്കും സമ്മർദത്തിലാക്കി. ഒപ്പം രാഷ്ട്രീയകക്ഷികളുടെ ഭാഗത്തുനിന്നുള്ള സമ്മർദംകൂടിയായപ്പോൾ താങ്ങാവുന്നതിലപ്പുറമെന്നതായി സ്ഥിതി.

To advertise here,

ഒരു ബൂത്തിൽ ശരാശരി 1100-ഓളം വോട്ടർമാരുണ്ടാകും. 1400 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്. അവർക്കുള്ള ഫോറം നൽകുന്നതിന് 325 മുതൽ 400 വീടുകൾ കയറണം. കുന്നും മലയും താണ്ടിയെത്തുമ്പോൾ പല വീടുകളിലും ആളുണ്ടാകില്ല. താത്കാലികമായി താമസം മാറിയ കുടുംബങ്ങളുമുണ്ട്. വീട്ടിൽ ആളുണ്ടായാൽത്തന്നെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ പരതി സമയം പോകും.

ഫോം വിതരണത്തിൽ പുരോഗതിയില്ലെങ്കിൽ ഫോണിൽ വിളിച്ച് ശാസിക്കുന്നുവെന്നും പരാതിയുണ്ട്. ജില്ലാതലത്തിൽ‌ എന്യൂമറേഷൻ ഓഫീസർമാർക്ക് മുകളിൽവരുന്ന സമ്മർദം താലൂക്ക്, വില്ലേജ് തലത്തിലും ഒടുവിൽ ബിഎൽഒമാരിലേക്കും ചെന്നെത്തുന്നു.

ആപ്പിലാക്കുന്ന ആപ്പ്

2002-ൽ വോട്ടില്ലാത്തവരെ ബന്ധിപ്പിക്കാൻവേണ്ടി സഹോദരൻ, ഭാര്യ, ഭർത്താവ് തുടങ്ങിയവരുടെ വിവരം മതിയെന്ന് വാക്കാൽ നിർദേശമുണ്ട്. എന്നാൽ, ആപ്പിൽ അച്ഛൻ, മുത്തച്ഛൻ, അമ്മ, അമ്മമ്മ എന്നീ ഓപ്ഷൻമാത്രമാണുള്ളത്.

ഫോം പൂരിപ്പിച്ച് വാങ്ങിയാൽമാത്രം പോരാ, ബിഎൽഒമാർതന്നെ ആപ്പിൽ വിവരം അപ്‌ലോഡും ചെയ്യണം. രാവിലെമുതൽ ഉച്ചവരെ ഇരുന്നാൽ 10 എണ്ണത്തിന്റെ വിവരംപോലും ആപ്പിലാക്കാനാകില്ലെന്നാണ് ബിഎൽഒമാരുടെ അനുഭവം.

സമ്മർദം വിദ്യാലയങ്ങൾക്കും

പരീക്ഷ അടുത്തിരിക്കുന്നതിനാൽ സ്കൂൾ വിട്ട് നിൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് അധ്യാപകരായ ബിഎൽഒമാർ. താത്കാലിക അധ്യാപകരെ നിയമിക്കാൻ ഉത്തരവിറങ്ങിയിരുന്നെങ്കിലും തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അത് നടന്നില്ല.