ആഗ്രഹിച്ചതുപോലെ ഇത്തവണ വൈദ്യശാസ്ത്രനൊബേൽ കോവിഡിനെതിരേ ഫലപ്രദമായ എം.ആർ.എൻ.എ. വാക്സിനുകൾ വികസിപ്പിച്ചെടുത്തതിന്‌ കാത്തലിൻ കരിക്കോയ്ക്കാണ്. അമേരിക്കൻ ശാസ്ത്രജ്ഞൻ ഡ്രൂ വെയ്‌സ്മാനുമായാണ് കാത്തലിൻ കരിക്കോ സമ്മാനം പങ്കിട്ടത്.

To advertise here,

വാക്സിനുകൾ ഉത്‌പാദിപ്പിക്കുന്ന കമ്പനികളും രാജ്യങ്ങളുമെല്ലാം അറിയപ്പെടുന്നുണ്ടെങ്കിലും കോവിഡ് വാക്സിൻ ഗവേഷണത്തിൽ മൗലികസംഭാവന ചെയ്ത ശാസ്ത്രജ്ഞകൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കാത്തലിൻ കരിക്കോയ്ക്ക്‌ നൊബേൽ സമ്മാനം കിട്ടിയ സന്ദർഭത്തിൽ വാക്സിൻ ഗവേഷണത്തിൽ മൗലികസംഭാവന ചെയ്ത മറ്റ് വനിതകളെക്കുറിച്ചും അറിയേണ്ടതുണ്ട്

കാത്തലിൻ കരിക്കോ

ഹംഗറിയിൽ ജനിച്ച കരിക്കോ സെഗെഡ് സർവകലാശാലയിൽ (University of Szeged) നിന്ന്‌ ജീവശാസ്ത്രത്തിൽ പിഎച്ച്‌.ഡി. നേടി. മനുഷ്യശരീരത്തിൽ ഏതു പ്രോട്ടീൻ നിർമിക്കപ്പെടണമെന്നതിനെ നിയന്ത്രിക്കുന്നത് എം.ആർ.എൻ.എ. (mRNA - messenger ribonucleic acid) ആയതിനാൽ നമുക്കാവശ്യമുള്ള പ്രോട്ടീനുകളെയുണ്ടാക്കാൻ എം.ആർ.എൻ.എ.യെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പിന്നീട് അവരുടെ ഗവേഷണവിഷയം അമേരിക്കയിൽ പെൻസിൽവേനിയയിലെ ടെമ്പിൾ സർവകലാശാലയിൽനിന്നാണ്‌ അവർ പോസ്റ്റ് ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയത്‌. 2019 മുതൽ കരിക്കോയുടെ ടീം ബയോൺടെക്കിനുവേണ്ടി ഇൻഫ്ലുവെൻസ വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കോവിഡ് ലോകത്തെ ഗ്രസിച്ചത്. സന്ദർഭത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ബയോൺടെക്, ഫൈസർ കമ്പനിയുമായിച്ചേർന്ന് കരിക്കോയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ ഗവേഷണത്തിലേർപ്പെട്ടു. അതിലവർ വിജയിക്കുകയും 2020 ഡിസംബറിൽ കോമിർനാറ്റി (Comirnaty) എന്ന പേരിലുള്ള അവരുടെ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി നേടുകയും ചെയ്തു. കരിക്കോ പിന്നീട് ബയോൺടെക് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായി.

 ഡോ. കെ. സുമതി

ഇന്ത്യയിലെ ഭാരത് ബയോടെക്കിന്റെ ഗവേഷണവിഭാഗത്തിൽ സിക, ചിക്കുൻഗുനിയ എന്നീ പകർച്ചവ്യാധികൾക്കെതിരായ വാക്സിൻ കണ്ടെത്താൻ ശ്രമിച്ചുവന്നിരുന്ന ശാസ്ത്രജ്ഞ ഡോ. കെ. സുമതിയാണ് ഐ. സി.എം.ആറിന്റെകൂടി സഹായത്തോടെ കോവാക്സിൻ എന്ന കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രസംഘത്തിൽപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞ.

നിത കെ. പട്ടേൽ

ഇന്തോ-അമേരിക്കൻ ശാസ്ത്രജ്ഞയായ നിത കെ. പട്ടേലാണ് അമേരിക്കൻ കമ്പനിയായ നൊവോവാക്സിനുവേണ്ടി നൊവോവാക്സിൻ കോവിഡ്-19 വാക്സിൻ ഗവേഷണം ചെയ്തെടുത്തത്‌. ജോൺ ഹോപ്കിൻസ് സർവകലാശാലയിൽനിന്ന്‌ ബയോടെക്നോളജിയിൽ ബിരുദം നേടി ആസ്‌ട്രസെനക്ക കമ്പനിയിലും പിന്നീട് നോവോവാക്സിൻ കമ്പനിയിലും വാക്സിൻ ഗവേഷണത്തിലേർപ്പെട്ടു. ഡി.എൻ.എ. പുനഃസംയോജന സാങ്കേതികവിദ്യ (Recombinant DNA) പ്രയോഗിച്ചാണ് നിതാ പട്ടേലും സഹപ്രവർത്തകരും കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. നിതാ പട്ടേലിന്റെ വാക്സിൻ ഗവേഷക ടീമിലെ എല്ലാ അംഗങ്ങളും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.

സാറ കാതറൈൻ ഗിൽബെർട്ട്

ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിച്ചുവരുന്ന കോവിഷീൽഡ് വാക്സിൻ ബ്രിട്ടനിലെ ഓക്സ്‌ഫഡ്‌ സർവകലാശാലയിലെ ഏഡ്‌വേർഡ് ജെന്നർ കേന്ദ്രത്തിലാണ് ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തത്. ചൈനയിൽ 2002-ൽ പൊട്ടിപ്പുറപ്പെട്ട മെഴ്സ് രോഗത്തിനെതിരേ ഡി.എൻ.എ. വാക്സിൻ വികസിപ്പിക്കാൻ ഏതാണ്ട് പത്തുവർഷം മുമ്പ്‌ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ശ്രമമാണ് 2020-ൽ ആദ്യത്തെ കോവിഡ് വാക്സിൻ കോവിഷീൽഡ്‌ കണ്ടെത്താൻ കാരണമായത്. സാറ കാതറൈൻ ഗിൽബെർട്ട് എന്ന ശാസ്ത്രജ്ഞയാണ് മെഴ്സ് വാക്സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയത്. സ്പൈക്ക് പ്രോട്ടീൻ സൃഷ്ടിക്കുന്ന ജീൻ ചിമ്പാൻസിയെ ബാധിക്കുന്ന നിരുപദ്രവകാരിയായ അഡിനോവൈറസിൽ ജനിതക എൻജിനിയറിങ്‌ വഴി സന്നിവേശിപ്പിക്കയാണ് ഗിൽബർട്ടും സംഘവും ചെയ്തത്. അത് മനുഷ്യകോശങ്ങളിലെത്തി സ്പൈക്ക് പ്രോട്ടീൻ നിർമിക്കാൻ തുടങ്ങുമ്പോൾ ശരീരപ്രതിരോധ സംവിധാനം ശക്തമായി പ്രതികരിക്കും. മെഴ്സ് വൈറസിനെതിരേ ശരീരത്തിൽ ആന്റി ബോഡികളുണ്ടാവും. 2014-ൽ വാക്സിൻ രൂപപ്പെടുത്തിയപ്പോഴേക്കും മെഴ്സ് ബാധ കെട്ടടങ്ങിയതിനാൽ അത് വ്യാപകമായി ഉപയോഗിക്കേണ്ടിവന്നില്ല. ഈ സങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടാണ് സാറ ഗിൽബർട്ടും സഹപ്രവർത്തകരും കോവിഡ് വൈറസിന്റെ ജനിതകശ്രേണി ലഭ്യമായപ്പോൾത്തന്നെ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചതും അതിൽ വിജയിച്ചതും.

 ഹനക്കെ ഷൂറ്റ്‌മേക്കർ

ജോൺസൺ ആൻഡ്‌ ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സിൻ ഗവേഷണത്തിൽ നിർണായക പങ്കുവഹിച്ച ഡച്ച് വൈറോളജിസ്റ്റ് ഹനക്കെ ഷൂറ്റ്‌മേക്കർ ആംസ്റ്റർഡാം സർവകലാശാലയിൽ നിന്ന്‌ എയ്ഡ്സ് പത്തോളജിയിൽ പി എച്ച്.ഡി. നേടിയിരുന്നു. എയ്ഡ്‌സ് രോഗഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഷൂറ്റ്‌മേക്കർ 2010-ൽ ജോൺസൺ ആൻഡ്‌ ജോൺസന്റെ വാക്സിൻ ഗവേഷണത്തിനായുള്ള ജാൻസെൻ വാക്സിൻസിന്റെ (Janssen Vaccines) മേധാവിയായി (Global Head of Viral Vaccines Discovery and Translational Medicine) ചുമതലയേറ്റു. സാർവലൗകിക ഫ്ലൂ വാക്സിനും (Universal Flu Vaccine) എയ്ഡ്സ് വാക്സിനും കണ്ടെത്താനുള്ള ശ്രമങ്ങളാണ് അവർ നടത്തിവന്നിരുന്നത്. കോവിഡ് മഹാമാരി വന്നതോടെ ഷുറ്റ്‌മേക്കറും സഹപ്രവർത്തകരും കോവിഡ് വാക്സിൻ ഗവേഷണത്തിൽ മുഴുകി. 2021 ഫെബ്രുവരിയിൽ അവർ വികസിപ്പിച്ചെടുത്ത വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചു.

എലിന സ്മോളിയാർചുക്ക്

റഷ്യയിലെ ഷെചനേവ് സർവകലാശാലയിൽ (Sechenov University Center for Clinical Research) എലിന സ്മോളിയാർചുക്ക് നടത്തിയ ഗവേഷണത്തെത്തുടർന്ന് ഗമേലിയ കേന്ദ്രം (Gamaleya National Research Center for Epidemiology and Microbiology) സ്പുട്‌നിക്ക് V എന്ന കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തു.