കാഞ്ഞങ്ങാട്: പെയ്തൊഴിയാത്ത മഴക്കാലം വിടവാങ്ങിയതോടെ ശൈത്യകാലം പടിവാതിൽക്കലെത്തിക്കഴിഞ്ഞു. ഉത്സവങ്ങളുടെയും കളിയാട്ടങ്ങളുടെയും വ്രതാനുഷ്ഠാനങ്ങളുടെയും കാലം കൂടിയാണ് മുന്നിലുള്ളത്. ഇതിനൊക്കെ പുറമെ, തിരഞ്ഞെടുപ്പുകാലവും. ഇവയെല്ലാം ഒത്തുചേരലുകളുടെയും യാത്രകളുടെയും സന്തോഷത്തിന്റെയും കാലമാണെങ്കിൽപോലും രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കൂടി ഒരു സമ്മേളനകാലം കൂടിയാണെന്ന് ആരും മറക്കരുതെന്നാണ് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നത്.

To advertise here,

പ്രതിരോധശേഷി കുറയുന്ന തണുപ്പുകാലം

തുമ്മൽ, ജലദോഷം, പനി, ചുമ മുതലായ രോഗങ്ങൾ ശൈത്യകാലത്ത് സർവസാധാരണമാണ്. മരുന്നില്ലാതെത്തന്നെ ശ്രദ്ധിച്ചാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് സ്വയംതന്നെ കുറഞ്ഞുപോകുന്ന ഈ രോഗങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയപോലുള്ള രോഗാവസ്ഥയിലേക്കെത്താൻ എളുപ്പമാണ്. ആസ്മ, സിഒപിഡി തുടങ്ങിയ അസുഖങ്ങൾ കാലങ്ങളായി ഉള്ളവർ ശൈത്യകാലത്തെ പേടിക്കേണ്ടതുണ്ട്. തണുത്ത വായുവും ചിലയിനം പുല്ലുകളുടെയും ചെടികളുടെയും പൂക്കളും വിത്തുകളും ശ്വാസനനാളികളെ പ്രതിരോധത്തിലാക്കി ശ്വാസകോശരോഗങ്ങളുടെ ആക്കം കൂട്ടാനിടയാക്കുന്നു. രോഗാവാസ്ഥ ആസ്പത്രിവാസത്തിലേക്കും നീങ്ങാം.

തണുത്ത കാലാവസ്ഥയിൽ രോഗാണുക്കൾ പെരുകുന്നത് വളരെ പെട്ടെന്നായിരിക്കും. പ്രതേകിച്ച്‌ വൈറസ് പോലുള്ളവ. വൈറസിന്റെ രോഗവ്യാപനശേഷി കൊറോണ വൈറസിന്റെ കാര്യം ചിന്തിച്ചാൽതന്നെ നമുക്ക് ബോധ്യമാകും.

ത്വഗ്രോഗങ്ങളിലും ശ്രദ്ധവേണം

ആർദ്രത കുറഞ്ഞ കാലാവസ്ഥ നമ്മുടെ ചുണ്ടുകളെയും ചർമത്തെയും വരണ്ടതാക്കും. ഇത് ചൊറിച്ചിൽ, വിണ്ടുകീറൽ, തൊലിപ്പുറത്ത്‌ എക്സിമ മുതലായ രോഗങ്ങൾക്ക് കാരണമാകാം. അനുയോജ്യമായ ലേപനങ്ങൾ, നെയ്യ്, വെളിച്ചെണ്ണ മുതലായവയുടെ ഉപയോഗം ഒരുപരിധിവരെ രോഗത്തിന് തടയിടാൻ സഹായിക്കും. വെയിലത്ത് പുറത്തിറങ്ങുമ്പോൾ കുടചൂടൽ ശീലമാക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച്‌ വെള്ളംകുടിക്കാനും പ്രത്യേകം ഉത്സാഹം കാട്ടേണ്ടതുണ്ട്.

ഹൃദയത്തെയും കാക്കണം

തണുപ്പുകാലത്ത് ശരീരോഷ്മാവ് കൃത്യമായി നിലനിർത്താൻ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരോഷ്മാവിലെ വ്യതിയാനം ഹൃദയത്തെ സമ്മർദത്തിലാക്കുകയും തുടർന്ന് ഹൃദയസ്തംഭനം, സ്‌ട്രോക്ക് എന്നിവയിലേക്കുള്ള സാധ്യതയ്ക്കും കാരണമാകാം. പൊതുവിൽ ഇത്തരം രോഗങ്ങൾ ശൈത്യകാലത്ത് കൂടുന്നതായും കാണാറുണ്ട്. ഹൃദയ-ശ്വാസകോശ രോഗമുള്ളവർ തെർമൽവെയർ പോലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് നന്നായിരിക്കും. ശരീരചൂട് നിലനിർത്താൻ ഇത് സഹായിക്കും. തണുപ്പുകാലം പേശികൾക്ക് അധികമായ മുറുക്കവും വേദനയും നൽകുന്നതാണ്. യോഗയിലൂടെയും മറ്റു വ്യായാമങ്ങളിലൂടെയും ശരീരാവയവങ്ങളെ മയപ്പെടുത്തേണ്ടതുണ്ട്. വേദന കൂടിയാൽ ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്.

പ്രമേഹവും മാനസികാരോഗ്യവും

തണുപ്പ്കാലം പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടാനുള്ള പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. ശരീരോഷ്മാവ് കൃത്യമായി നിലനിർത്താൻ കൂടുതലായി കോശങ്ങൾ പ്രവർത്തിക്കുകയും അധികമായി ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും ഇത് വിശപ്പിലേക്ക് നയിക്കുകയും ചെയ്യും. ഇടയ്ക്കിടെയുള്ള ചെറിയ പോഷകസംപുഷ്ടമായ ഭക്ഷണവും പാനീയവും അനുയോജ്യമായ വ്യായാമങ്ങളും പ്രമേഹത്തിനെ വരുതിയിൽ നിർത്താൻ സഹായിക്കും. മാനസികാരോഗ്യ വിഷയത്തിലും ഏറെ ശ്രദ്ധവേണ്ടകാലമാണ്. ശൈത്യരാജ്യങ്ങളിൽ വിന്റർ ബ്ലൂ അല്ലെങ്കിൽ സീസണൽ അഫക്റ്റീവ് ഡിസോഡർ എന്ന അവസ്ഥതന്നെയുണ്ട്. നമ്മുടെ നാട്ടിൽ ഒറ്റപ്പെടലും വീട്ടിനകത്തുതന്നെയുള്ള വാസവും മാനസികാവസ്ഥയെ ബാധിച്ചേക്കാം. സമപ്രായക്കാരോടൊപ്പമോ സുഹൃത്തുകളോടൊപ്പമോ അല്ലെങ്കിൽ കുടുംബത്തിൽനിന്ന് തന്നെയുള്ള ആരോഗ്യകരമായ സംഭാഷണങ്ങളും നടത്തവും ഒക്കെ നമ്മെ കൂടുതൽ പോസിറ്റീവായ ഒരു ജീവിതം നയിക്കാൻ തീർച്ചയായും സഹായിക്കും.

പാമ്പുകടിയേൽക്കാതെ നോക്കണം

തണുപ്പുകാലം വിഷപ്പാമ്പുകളുടെ ശല്യം കൂടുന്ന കാലമാണ്. പാമ്പുകടിയേൽക്കൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇക്കാലത്താണ്. കല്ലുകളുടെ ഇടയിലും പൊത്തിലും കൈയിടുന്നത് സൂക്ഷിച്ചുവേണം. സന്ധ്യാനേരങ്ങളിലും രാത്രികാലങ്ങളിലുമുള്ള ഇടവഴികളിലൂടെയുള്ള നടത്തം ജാഗ്രതയോടെ വേണം. കരിയിലക്കൂട്ടം, വിറക് പുരകൾ, ചെടിച്ചട്ടികൾ എന്നിവയിൽ പാമ്പുകളുടെ സാന്നിധ്യം പതിവാണ്. ഷൂ, അലസമായി ഊരിയിടുന്ന ചെരിപ്പുകളും, ഹെൽമെറ്റ് മുതലായവയിലും ശ്രദ്ധവേണം.

മാസ്ക് ധരിക്കുന്നത് കുറച്ചിലല്ല, കരുതലാണ്

തണുപ്പുകാലം മനുഷ്യശരീരത്തിൽ പ്രതിരോധശക്തി കുറയുന്ന കാലമാണ്. ചികിത്സയേക്കാൾ പ്രതിരോധത്തിനാണ് ഇവിടെ പ്രാധാന്യം. ശരീരോഷ്മാവ് കൃത്യമായി നിലനിർത്തുക, കൈകഴുകൽ ശീലമാക്കുക, ധാരാളം വെള്ളംകുടിക്കുക, പോഷകസമ്പുഷ്ടമായ ഭക്ഷണശീലം, വ്യായാമം, കൃത്യസമയത്തുള്ള ചികിത്സതേടൽ എന്നിവയിലൂടെ നമുക്ക് പ്രതികൂലസ്ഥിതിയെ മറികടക്കാനാവും. രോഗപ്രതിരോധശേഷിയുള്ളവരിൽ അസുഖങ്ങൾ എളുപ്പം പോയിക്കിട്ടും.

അസുഖബാധിതർ സമൂഹത്തിൽ ഇറങ്ങുമ്പോഴും കുടുംബത്തിൽ ഇടപെടുമ്പോഴും മാസ്ക് ധരിച്ചാൽ, രോഗം പകരുന്നത് ഒരുപരിധിവരെ തടയാം. നാം കാരണം വേറെ ഒരാൾക്ക് അസുഖം വരുന്നത് ഒഴിവാക്കണം എന്ന ചിന്തയ്ക്കാണ് ഇവിടെ പ്രാധാന്യം നൽകേണ്ടത്. നമ്മളിൽനിന്ന് മറ്റൊരാലിലേക്ക് പകർന്നുനൽകുന്ന രോഗം ചിലപ്പോൾ അവരുടെ മരണത്തിനുതന്നെ കാരണമായേക്കാം. മാസ്ക് ധരിക്കണമെന്നാവശ്യപ്പെടുന്നവരോട് ധിക്കാരപരമായി സർക്കാർ ഉത്തരവ് കാണിക്കണമെന്ന് ആവശ്യപ്പെടുന്നവരും നമ്മുടെ ഇടയിലുണ്ട്. സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കാതെ പകർച്ചവ്യാധികളെ തുരത്താൻ വിരലിലെണ്ണാവുന്ന ആരോഗ്യപ്രവർത്തകരെക്കൊണ്ട് സാധിക്കില്ല.

ഡോ. കെ.ജി. അശ്വതി

ഇൻഎടി വിഭാഗം, ഗവ. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്