ഏകാന്തത നിശ്ശബ്ദകൊലയാളിയാണെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ചഒ) മുന്നറിയിപ്പ്. ഒറ്റപ്പെടലിന്റെ മടുപ്പിൽ ഓരോ മണിക്കൂറിലും 100 മരണങ്ങൾ ലോകത്ത് സംഭവിക്കുന്നു. അതായത്, ഏകാന്തത പ്രതിവർഷം 8,71,000 ജീവനുകൾ കവർന്നെടുക്കുന്നു.

To advertise here,

സമൂഹവുമായി ബന്ധപ്പെടാൻ അനന്തമായ സാധ്യതകളുള്ള കാലത്തും കൂടുതൽപ്പേർ ഒറ്റപ്പെടൽ അനുഭവിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. എല്ലാ പ്രായത്തിലുള്ളവരിലും ഏകാന്തത പിടിമുറുക്കുന്നുണ്ട്. ദരിദ്ര, ഇടത്തരം സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങളിലെ യുവാക്കളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് വിഷാദത്തിനുള്ള സാധ്യത സാധാരണയിലും ഇരട്ടിയാണെന്നും ഉത്കണ്ഠയും ആത്മഹത്യാചിന്തയും ഉണ്ടാകുമെന്നും ഡബ്ല്യുഎച്ചഒ പറയുന്നു.

മോശം ആരോഗ്യം, കുറഞ്ഞ വരുമാനം, ഒറ്റയ്ക്കുള്ള താമസം, കുറഞ്ഞ വിദ്യാഭ്യാസം, പൊതുവിടങ്ങളിലെ ഇടപെടലുകൾ കുറയുന്നത്, അടിസ്ഥാനസൗകര്യവികസനത്തിന്റെ അപര്യാപ്തത തുടങ്ങിയ ഘടകങ്ങൾ ഏകാന്തതയിലേക്കും സാമൂഹിക ഒറ്റപ്പെടലിലേക്കും വ്യക്തികളെ തള്ളിവിടും. ഒറ്റപ്പെടൽ പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം, അകാലമരണം തുടങ്ങിയവയ്ക്കും കാരണമാകും. അതിനാൽ, ഒറ്റയ്ക്കിരിക്കാതെ സാമൂഹികബന്ധങ്ങളുണ്ടാക്കൂ എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ ഉപദേശം.

ഏകാന്തതയകറ്റാൻ ഇവ ശീലമാക്കാം

  • ദിവസേന ഒരുമണിക്കൂറെങ്കിലും വ്യായാമംചെയ്യണം. രാവിലെയും വൈകീട്ടും അരമണിക്കൂർ ഇളംവെയിൽകൊണ്ട് നടക്കാം.
  • സമപ്രായക്കാരായ സുഹൃത്തുക്കളുമായി അരമണിക്കൂറെങ്കിലും നേരിട്ട് സംസാരിക്കാം.
  • രാത്രിയിൽ കിടക്കുന്നതിനുമുൻപ് അരമണിക്കൂർ പാട്ടുകേൾക്കാം.
  • പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ സമയം ചെലവിടാം.
  • മക്കളോടോ കൊച്ചുമക്കളോടോ സംസാരിച്ച് പുതിയ കാര്യങ്ങൾ പഠിക്കാം. കുട്ടികളോടൊപ്പം കളിക്കുകവഴി മനസ്സ് ഊർജസ്വലമാകും.
  • പഴയ സഹപാഠികളുമായി മാസത്തിലൊരിക്കലെങ്കിലും വീഡിയോ കോളിലൂടെയെങ്കിലും സംസാരിക്കാൻ ശ്രമിക്കാം.
  • വർഷത്തിലൊരിക്കലെങ്കിലും പഴയ സുഹൃത്തുക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതും നല്ലതാണ്.