2050 ആകുമ്പോഴേക്കും കാൻസർ കേസുകൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യസംഘടന. പ്രതിവർഷം 35 ദശലക്ഷം കാൻസർ കേസുകൾ ഉണ്ടാകുമെന്നും 2024 നെ അപേക്ഷിച്ച് 66.7% വർധനയാണ് ഉണ്ടാവുകയെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗം പ്രതിരോധിക്കുന്നതിനും നേരത്തേ കണ്ടെത്തുന്നതിനും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ലോകാരോഗ്യസംഘടന വ്യക്തമാക്കി.

To advertise here,

നിലവിൽ ആഗോളതലത്തിൽ പ്രതിദിനം 26,000 പേർ കാൻസർ മൂലം മരിക്കുന്നുണ്ട്. ഹൃദ്രോഗത്തിന് ശേഷം മരണകാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണിത്. പ്രതിവർഷം ഏകദേശം 20.6 ദശലക്ഷം പുതിയ കേസുകളും 10 ദശലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 2010 മുതൽ ലോകമെമ്പാടും പുകയില ഉപയോഗം 27% കുറഞ്ഞത് ആശ്വാസകരമായ കാര്യമാണെന്നും ഇത് ചിലയിടങ്ങളിലെങ്കിലും ശ്വാസകോശ കാൻസർ കേസുകളും മരണങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

അമിതവണ്ണം, അണുബാധകൾ, അമിതമായ മദ്യാസക്തി തുടങ്ങിയ മറ്റ് പ്രധാന പ്രതിരോധ മേഖലകളിൽ കൂടുതൽ ഊർജ്ജിതമായ നടപടികൾ ആവശ്യമാണെന്നും പുകയില നിയന്ത്രണവും കൂടുതൽ മെച്ചപ്പെടണമെന്നും റിപ്പോർട്ടിലുണ്ട്.

2024-ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള കാൻസർ കേസുകൾക്ക് പ്രധാന കാരണങ്ങൾ പുകയില ഉപയോഗം, അണുബാധകൾ, മദ്യാസക്തി, ഉയർന്ന ബോഡി മാസ് ഇൻഡെക്സ് (BMI) എന്നിവയാണ്. കാൻസർ രോഗനിർണയവും ചികിത്സയും ലഭ്യമാക്കുന്നതിലെ അസമത്വങ്ങളെക്കുറിച്ചും റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ട്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ സ്തനാർബുദം ബാധിച്ച 87% സ്ത്രീകളും രോഗനിർണയം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ അതിജീവിക്കുമ്പോൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് ഏകദേശം 42% മാത്രമാണ്.

2024 ൽ, ഏഷ്യയിലാണ് ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തത്, ലോകത്തിലെ മൊത്തം കേസുകളിൽ പകുതിയോളം (50.7%) മരണങ്ങളിൽ 56.5% ഏഷ്യയിലാണ്. അണുബാധകളുടെ കാര്യത്തിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ഗർഭാശയ കാൻസറിന് ഒരു പ്രധാന കാരണമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകളിൽ ഇത് മരണനിരക്ക് വർധിപ്പിക്കുന്നുണ്ട്. സ്തനാർബുദ, ഗർഭാശയ കാൻസർ സ്ക്രീനിംഗുകൾ ഉയർന്നതും താഴ്ന്നതുമായ വരുമാനമുള്ള രാജ്യങ്ങളിൽ മെച്ചപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കാൻസർ കേസുകളിൽ പകുതിയോളം തടയാൻ കഴിയുന്ന അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പ്രത്യേകിച്ച് ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), ഹെപ്പറ്റൈറ്റിസ് ബി, സി, ഹെലിക്കോബാക്ടർ പൈലോറി, മദ്യം, പുകയില ഉപയോഗം, ഉയർന്ന ബോഡി മാസ് ഇൻഡെക്സ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവ കാൻസർ പ്രതിരോധത്തിൽ പ്രധാനമാണ്. പക്ഷേ പല അപകടഘടകങ്ങൾക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത് രോഗപ്രതിരോധത്തിൽ വെല്ലുവിളിയാകുന്നു.

വിവിധ തരം കാൻസറുകളിൽ, ശ്വാസകോശ കാൻസറാണ് ലോകമെമ്പാടും കാൻസർ മരണങ്ങൾക്ക് ഏറ്റവും പ്രധാന കാരണമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. പുരുഷന്മാരിൽ ശ്വാസകോശ, പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറുകളാണ് ഏറ്റവും സാധാരണമായി സ്ഥിരീകരിക്കുന്നതെങ്കിൽ. സ്ത്രീകൾക്കിടയിൽ സ്തനാർബുദം, ശ്വാസകോശ കാൻസർ, വൻകുടൽ കാൻസർ എന്നിവ സ്ഥിരീകരിക്കുന്നത് കൂടുന്നുണ്ട്

കാൻസർ ചികിത്സ പല കുടുംബങ്ങൾക്കും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 116 രാജ്യങ്ങളിലെ 4,000 പേരെ ഉൾക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യ സർവേ അനുസരിച്ച്, കുറഞ്ഞത് 45% ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. പകുതിയിലധികം പേർ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ്. സാമൂഹിക ഒറ്റപ്പെടൽ അനുഭവപ്പെടുന്നവരുമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.