ആലപ്പുഴ: എലിപ്പനി വ്യാപകമായ ആലപ്പുഴ ജില്ലയിൽ ചെള്ളുപനിയും (സ്ക്രബ് ടൈഫസ്) സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. ഈ മാസം 11-നാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ ജാഗ്രതാനിർദേശം നൽകിയില്ലെന്നാണ് ആരോപണം. സാധാരണ നീണ്ട ഇടവേളയ്ക്കുശേഷം രോഗം ശ്രദ്ധയിൽപ്പെടുമ്പോൾ രോഗലക്ഷണങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും പുറപ്പെടുവിക്കാറുണ്ട്. എന്നാൽ, ഇത്തവണ ബോധവത്കരണ പോസ്റ്ററുകളിറക്കാൻ പോലും തയ്യാറായില്ലെന്നാണ് ആരോഗ്യവകുപ്പിലെതന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ ചെള്ളുപനിയെ ജാഗ്രതയോടെ നേരിടേണ്ടത് അനിവാര്യമാണ്.
എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകൾ മനുഷ്യരെ കടിക്കുമ്പോൾ രോഗം പകരാം. എലി വ്യാപകമായ ജില്ലയിൽ ചെള്ളുപനി വരാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞവർഷം 400-ൽപ്പരം പേർക്ക് ചെള്ളുപനി പിടിപെട്ടിരുന്നു. ആറുമരണവുമുണ്ടായി.
തൃശ്ശൂരിൽ മരിച്ചത് ആലപ്പുഴക്കാരി
തൃശ്ശൂരിലെ അയ്യന്തോളിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ചെറിയനാട് സ്വദേശിനി ലീന കഴിഞ്ഞമാസം ചെള്ളുപനി ബാധിച്ചുമരിച്ചിരുന്നു. തൃശ്ശൂർ ജില്ലയിലെ ആദ്യ ചെള്ളുപനി മരണമായിരുന്നു ഇത്. എലിപ്പനിയാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ചെള്ളുപനി സ്ഥിരീകരിച്ചതായി വ്യക്തമായത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാതെ വരുമ്പോഴാണ് ചെള്ളുപനി പടരാനുള്ള സാധ്യതയേറുന്നത്. ഒറിയൻഷ്യസുസുഗാമി എന്ന ബാക്ടീരിയായാണ് രോഗംപരത്തുന്നത്. മണ്ണിനടിയിലുള്ള ചെള്ളിൽനിന്നാണ് ഇവ പടരുന്നത്. ചെള്ളിൽ നേരിട്ടും അല്ലാതെയും രോഗം പകരാം. എലി, വളർത്തുമൃഗങ്ങൾ എന്നിവ വഴിയും രോഗം പടരാം.
എന്താണ് ചെള്ളുപനി
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ്. മണ്ണിനടിയിലുള്ള ചെള്ളിൽനിന്നാണ് ഇവ പടരുന്നത്. കൂടാതെ, എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിൽനിന്നു രോഗം പകരാം. അവയുടെ ശരീരത്തിലുള്ള ചെള്ളുകൾ മനുഷ്യരെ കടിക്കുമ്പോഴാണിത്. ചെള്ളുകടിയേറ്റാൽ 10 മുതൽ 12 ദിവസം വരെയാകുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടിയേറ്റ ഭാഗത്ത് ചുവന്ന പാടുകൾ രൂപപ്പെടും. പിന്നീട്, കറുത്തവ്രണമായി മാറും.
ലക്ഷണങ്ങൾ
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശിവേദന, വരണ്ട ചുമ. നേരത്തെ കണ്ടെത്തിയാൽ ആന്റി ബയോട്ട് മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാനാകും. ഗുരുതരാവസ്ഥയിലെത്തിയാൽ മരണമുണ്ടാകാം. വ്യക്തിശുചിത്വവും പരിസര ശുചിത്വവുമാണ് രോഗം വരാതിരിക്കാനുള്ള പോംവഴി.
Content Highlights: what is scrub typhus, symptoms and treatment of scrub typhus
Published: 15 Nov 2022, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented