തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച രണ്ടുപേർ മരിച്ചത് ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയർത്തുന്നു. ഭക്ഷ്യവിഷബാധ തന്നെയാണോ നിലമേൽ സ്വദേശികളുടെ മരണത്തിനു കാരണമെന്നത് ഉറപ്പായിട്ടില്ല. പക്ഷേ, സാധ്യതകൾ ഇതിലേക്കു വിരൽചൂണ്ടുന്നുണ്ട്. 

To advertise here,

ഭക്ഷണത്തിൽനിന്നുള്ള അലർജിയും ഭക്ഷ്യവിഷബാധയും രണ്ടാണെന്നാണ് വിദഗ്‌ധർ പറയുന്നത്. ഭക്ഷ്യവിഷബാധതന്നെ പലരെയും പലതരത്തിലാണ് ബാധിക്കുന്നതെന്ന് ഐ.എം.എ. ദേശീയ കൺവീനർ ഡോ. എൻ. സുൽഫി പറഞ്ഞു. ചില ആഹാരങ്ങൾ കഴിച്ചാൽ ഭക്ഷ്യവിഷബാധയാണെങ്കിൽ രോഗലക്ഷണങ്ങൾ പെട്ടെന്നുവരും. മിക്കപ്പോഴും ഇത് തലവേദന, ഛർദിൽ, അമിതമായ ക്ഷീണം എന്നിവയുടെ രൂപത്തിലാകും. ഇ-കോളി, ലിസ്‌റ്റൈരിയ മോണോസൈറ്റോജെൻസ്, സാൽമോണല്ല, തുടങ്ങിയ ബാക്ടീരിയകളാണ് മിക്കപ്പോഴും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്നത്. ഇവ ശരീരത്തിനകത്ത് വിഷവസ്തുക്കൾ ഉത്‌പാദിപ്പിക്കും. ഇവ പരമാവധി ആറുമണിക്കൂറിനുള്ളിൽ നമ്മെ ഗുരുതരാവസ്ഥയിലെത്തിക്കും. ഭക്ഷണം കഴിച്ചശേഷം പന്ത്രണ്ട് മണിക്കൂർമുതൽ ഒരുദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുന്ന വിഷബാധകളുമുണ്ട്. ഇവ തലച്ചോറിനെയും നാഡീവ്യൂഹത്തേയുമൊക്കെ ബാധിച്ചാൽ മരണംവരെ സംഭവിക്കാം.

എന്നാൽ, അലർജി ഇങ്ങനെയല്ല. സ്ഥിരമായി ഒരു ആഹാരം കഴിച്ചാൽ ചിലർക്ക് അലർജിയുണ്ടാകും. ചിലർക്ക് ചിക്കൻ എപ്പോൾ കഴിച്ചാലും അലർജി വരും. ഇത് അലർജിക് റിയാക്ഷനാണ്. ശരീരത്തിൽ ചൊറിച്ചിൽ, ശരീരഭാഗങ്ങളിൽ നീർക്കെട്ട് എന്നിവയൊക്കെ ലക്ഷണങ്ങളാകാം.

ചെമ്മീൻ, കണവ, മീൻമുട്ട തുടങ്ങിയ കടൽവിഭവങ്ങൾ അലർജിക്കും ഭക്ഷ്യവിഷബാധയ്‌ക്കും ഒരുപോലെ കാരണമാകാം. അലർജിയില്ലാത്തവർ ഇവ കഴിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നെങ്കിൽ അതൊരുപക്ഷേ ഭക്ഷ്യവിഷബാധയാകാം. കടൽവിഭവങ്ങളിൽ കാണപ്പെടുന്ന പ്രത്യേക പ്രോട്ടീനിന്റെ സാന്നിധ്യത്തോടു ശരീരം അമിതമായി പ്രതികരിക്കും. ഇതിന്റെ ഫലമായി വിഷബാധയ്ക്കു കാരണമാകുന്ന രാസവസ്തുക്കൾ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടും. ഇതാണ് ഷെൽഫിഷ് അലർജി. ശരിയായി പാചകംചെയ്യാത്ത കടൽവിഭവങ്ങളും ബാക്ടീരിയകൾ വളരാൻ കാരണമാകും.

ഭക്ഷ്യവിഷബാധയെന്ന് സംശയം

ചടയമംഗലം (കൊല്ലം): വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു മടങ്ങിയ കുടുംബത്തിലെ രണ്ടുപേരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. നിലമേൽ പ്ലാച്ചിയോട് കുന്നിൽവീട്ടിൽ റഷീദാബീവി (58), മരുമകൻ നിസാറുദ്ദീൻ (ഷാജി-48) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ (37) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് റഷീദാബീവി, ഷാജി, ഭാര്യ സജിമോൾ, മക്കളായ ഷാൻ (15), ഷിബിൻ (10) ഷാജിയുടെ സുഹൃത്ത് കണ്ണൻ (38) എന്നിവരുൾപ്പെട്ട ആറംഗസംഘം വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിലമേലിൽനിന്ന് പോയത്. കൊഞ്ച്, കണവത്തോരൻ, മീൻമുട്ട എന്നിവ കഴിച്ചു. ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ഷാജിക്കും റഷീദാബീവിക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഛർദിയുമുണ്ടായി. തുടർന്ന് നിലമേലിലെത്തി കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

ഇരുവരുടെയും നില ഗുരുതരമായതോടെ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും റഷീദാബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരിച്ചു.

ഇവരോടൊപ്പം ഭക്ഷണം കഴിച്ച കണ്ണൻ, ഷാൻ, ഷിബിൻ എന്നിവർക്ക് അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ല. വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ച മറ്റാർക്കും പ്രശ്നങ്ങളില്ല. അതേസമയം ഷാജി മുൻപ് അലർജിക്ക് ചികിത്സിച്ചിരുന്നതായി പറയുന്നു.

ഷാജിയും ഭാര്യയും ചേർന്ന് വൈദ്യശാല ജങ്ഷനിൽ തട്ടുകട നടത്തുകയായിരുന്നു. റഷീദാബീവിക്ക് പഴയചന്തയിൽ ചായക്കട ഉണ്ടായിരുന്നു. ചടയമംഗലം പോലീസ് ഇൻക്വസ്റ്റ് നടത്തി.