വിനോദരംഗത്ത് ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മേഖലകളിലൊന്നാണ് വീഡിയോ ഗെയിമിങ്. ജനപ്രീതി വർധിക്കുന്നതിനൊപ്പം തന്നെ അതുണ്ടാക്കുന്ന മാനസിക-ശാരീരിക പ്രത്യാഘാതങ്ങളും ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ വീഡിയോ ഗെയിമർമാർക്കിടയിലെ കേൾവിസംബന്ധമായ തകരാറുകളേക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
ഉയർന്ന ശബ്ദത്തിൽ വീഡിയോ ഗെയിം കളിക്കുന്നതുകൊണ്ടുതന്നെ ഇക്കൂട്ടർക്കിടയിൽ പരിഹരിക്കാനാകാത്ത കേൾവിത്തകരാറും ടിനിറ്റസും(ചെവിയിൽ ഇടയ്ക്കിടെയുണ്ടാകുന്ന മൂളലും ഇരമ്പലും) കണ്ടുവരുന്നുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. ബി.എം.ജെ. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്പതിനായിരത്തിൽപ്പരം പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്. വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചാണ് അവലോകനം നടത്തിയത്.
വീഡിയോ ഗെയിമർമാരിൽ പലരും സുരക്ഷിതമായ അളവും കടന്ന് ശബ്ദം വെക്കുന്നവരാണെന്ന് പഠനത്തിൽ പറയുന്നു. ഹെഡ്ഫോണുകൾ, ഇയർബഡ്സ് തുടങ്ങിയവ തുടർച്ചയായി ഉയർന്നശബ്ദത്തിൽ ഉപയോഗിക്കുന്നവരിൽ കേൾവിപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. വീഡിയോ ഗെയിമുകൾക്കുള്ള പ്രചാരംകൂടി കണക്കിലെടുത്ത് ഉടനടി അടയന്തിര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നുണ്ട്.
ഇയര്‍ഫോണ്‍ ഉപയോഗം ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നതിനേക്കുറിച്ച് മറ്റൊരു പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. 19-25 വയസ്സിനിടയിൽ പ്രായമുള്ളവരിൽ കേൾവിപ്രശ്നങ്ങൾ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരിൽ 69 ശതമാനവും വർധിച്ചുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മൊബൈൽ തലമുറയ്ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹെഡ്ഫോണുകളിൽ അഭയം തേടുന്നത് കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുകയുണ്ടായി.
2050 ആകുമ്പോഴേക്കും ലോകത്തെ നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയും നേരത്തേ വ്യക്തമാക്കിയിരുന്നു. അണുബാധകള്‍, രോഗങ്ങള്‍, ജന്‍മ വൈകല്യങ്ങള്‍, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയെന്നും ഇവ തടയാനാകുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇയർഫോൺ പ്രശ്നമാകുന്നതെങ്ങനെ?
ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കുള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർഡ്രമ്മിലേക്കെത്തുന്നു. അപ്പോൾ ശക്തിയേറിയ കമ്പനങ്ങൾ ആന്തരകർണത്തിലെത്തും. ഇത് സെൻസറി കോശങ്ങൾക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്പോൾ സെൻസറി കോശങ്ങൾ നശിക്കാൻ തുടങ്ങുന്നു. കേൾവിപ്രശ്നങ്ങൾ വന്നുതുടങ്ങുകയും ചെയ്യും. 30-40 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേൾവിക്കുറവ് തിരിച്ചറിയാനാകൂ.
പരിഹാരം
- ഇയർഫോൺ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തിൽ ഉപയോഗിക്കുന്നത് കേൾവിപ്രശ്നങ്ങൾക്ക് സാധ്യത കൂട്ടും. എങ്കിലും ഇയർഫോണുകളെക്കാൾ ഹെഡ്ഫോണുകൾ കുറച്ചുകൂടി അനുയോജ്യമെന്ന് പറയാം.
- ഇയർഫോണുകൾ അതിന്റെ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവൂ.
- ഒരേസമയം രണ്ട് ചെവിയിലും ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുറച്ചുനേരം ഒരു ചെവിയിൽ ഇയർഫോൺ ഉപയോഗിച്ചാൽ പിന്നീട് കുറച്ചുസമയം അടുത്ത ചെവിയിൽ ഉപയോഗിക്കാം.
- ഗുണനിലവാരമുള്ള ഇയർഫോണുകൾ മാത്രം ഉപയോഗിക്കുക.
- ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ശബ്ദംകുറഞ്ഞ അളവിലാണെങ്കിലും ദീർഘനാൾ ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകും.
- സ്വകാര്യമായ ചുറ്റുപാടിലാണെങ്കിൽ ദീർഘസംഭാഷണങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാം.
- ഒരുദിവസം കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കേണ്ടിവന്നാൽ അടുത്ത കുറച്ചുദിവസം ചെവിക്ക് വിശ്രമം നൽകണം.
- കേൾവിക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഇ.എൻ.ടി. വിദഗ്ധനെ കാണണം. ഓഡിയോമെട്രിക് ടെസ്റ്റ് വഴി കേൾവിത്തകരാർ കണ്ടെത്താം. നേരത്തേ കണ്ടെത്തിയാൽ പരിഹരിക്കാൻ സാധിക്കും. കേൾവിശക്തി നഷ്ടപ്പെട്ടുതുടങ്ങിയാൽ ഹിയറിങ് എയ്‌ഡ് ഉപയോഗിക്കേണ്ടിവരും.
Content Highlights: Video gamers may suffer irreversible hearing loss and tinnitus says study
Published: 18 Jan 2024, 09:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented