നിങ്ങൾ ബൈക്കിൽ യാത്ര ചെയ്യുമ്പോഴോ നേരെ നിൽക്കുമ്പോഴോ വീഴാതെ നിൽക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ഒരിക്കലെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ? അതിന്റെ രഹസ്യം നിങ്ങളുടെ കാതുകൾക്കുള്ളിലാണ് — വെസ്റ്റിബുലാർ സിസ്റ്റം!
സന്തുലിതാവസ്ഥ (balance) നിലനിർത്താൻ സഹായിക്കുന്ന ശരീരത്തിന്റെ പ്രധാന ഭാഗമാണിത്. വെസ്റ്റിബുലാർ സിസ്റ്റം നിങ്ങളുടെ ആന്തരിക ചെവിയിലെ (inner ear) സെൻസറി അവയവങ്ങളെ ഉൾക്കൊള്ളുന്നു. ഇവയാണ് നിങ്ങളുടെ ശരീരത്തിന് സന്തുലിതാവസ്ഥ നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്നത്.
നമ്മളും നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്ന ലോകവും നിരന്തരം ചലനത്തിലാണ്. വെസ്റ്റിബുലാർ സിസ്റ്റത്തിന്റെ പ്രവർത്തനത്തിന്റെ സഹായത്തോടെ, നമ്മൾ എങ്ങനെ ചലിക്കുന്നുവെന്നും ചുറ്റുമുള്ള വസ്തുക്കൾ എങ്ങനെ ചലിക്കുന്നുവെന്നും നമ്മുടെ ശരീരം മനസ്സിലാക്കുന്നു. അതുവഴി സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിർത്താൻ കഴിയുന്നു.
എന്താണ് വെസ്റ്റിബുലാർ സിസ്റ്റം?
സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന വെസ്റ്റിബുലാർ സിസ്റ്റത്തിലെ അവയവങ്ങൾ ആന്തരിക ചെവിയുടെ ഉള്ളിലാണ്. മൂന്നു അർധവൃത്താകൃതിയിലുള്ള കനാലുകളിലെ ദ്രാവകത്തിന്റെ (fluid) ചലനം സെൻസറി സെല്ലുകളെ പ്രവർത്തിപ്പിക്കുന്നു. അവിടുനിന്ന് വരുന്ന സിഗ്നലുകൾ മസ്തിഷ്കത്തിലെത്തി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നു.
സാധാരണ കണ്ടുവരുന്ന വെസ്റ്റിബുലാർ പ്രശ്നങ്ങൾ
വെസ്റ്റിബുലാർ സിസ്റ്റത്തിലുണ്ടാകുന്ന തടസ്സങ്ങൾ തലകറക്കം, തലചുറ്റൽ, അസന്തുലിതാവസ്ഥ, മനംപുരട്ടൽ (nausea) തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകാം. BPPV (Benign Paroxysmal Positional Vertigo), മോഷൻ സിക്ക്നസ് (motion sickness), വെസ്റ്റിബുലാർ മൈഗ്രെയ്‌ൻ, വെസ്റ്റിബുലാർ ന്യൂറൈറ്റിസ്, ലാബിറിന്തൈറ്റിസ് തുടങ്ങിയ അവസ്ഥകൾ വെസ്റ്റിബുലാർ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രായമായവരിൽ ബാലൻസ് പ്രശ്നങ്ങളെ പലപ്പോഴും ആശങ്കയുമായി (anxiety) അല്ലെങ്കിൽ വൃദ്ധാപ്യവുമായി (aging) ബന്ധിപ്പിക്കാറുണ്ട്.
എന്നാൽ, വെസ്റ്റിബുലാർ പ്രവർത്തനക്കുറവ് എല്ലാ പ്രായക്കാർക്കും ബാധിക്കുന്ന പ്രധാന ആരോഗ്യപ്രശ്നമാണ്. കുട്ടികളിലും കൗമാരക്കാരിലും (1–19 വയസ്) ഇതിന്റെ ആഗോള വ്യാപ്തി ഏകദേശം 30% ആണ്. മുതിർന്നവരിൽ വെസ്റ്റിബുലാർ വെർട്ടിഗോയുടെ വ്യാപ്തി ഏകദേശം 7% ആണ്.
വെസ്റ്റിബുലാർ സിസ്റ്റവും ആധുനിക ജീവിതശൈലിയും
വേഗമേറിയതും ശബ്ദമേറിയതുമായ നമ്മുടെ ജീവിതശൈലി ആരോഗ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു. ദീർഘകാലം ഉയർന്ന ശബ്ദങ്ങളിൽ കഴിയുന്നത്, പ്രത്യേകിച്ച് വ്യക്തിപരമായ കേൾവി ഉപകരണങ്ങളിലൂടെ സംഗീതം കേൾക്കുന്നത് കേൾവി സംവിധാനത്തിനും ബാലൻസ് നിലനിർത്താനുള്ള ശേഷിക്കും ഹാനികരമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. അതുപോലെ തന്നെ, അത്യധികം സ്‌ക്രീൻ സമയം, തെറ്റായ ഇരിപ്പുസ്ഥിതി, ശരീരപ്രവർത്തനക്കുറവ് തുടങ്ങിയവ — പ്രത്യേകിച്ച് യുവജനങ്ങളിലും ഓഫീസ് ജോലിക്കാരിലും — വെസ്റ്റിബുലാർ സിസ്റ്റത്തിന് അധിക സമ്മർദ്ദം സൃഷ്ടിക്കുന്നു.
സമതുലിതമായ ജീവിതത്തിനുള്ള മാർഗങ്ങൾ
- ഉച്ചത്തിലുള്ള ശബ്ദം പരിമിതപ്പെടുത്തുക: ശബ്ദമുള്ള ഇടങ്ങളിൽ ചെവിരക്ഷ ഉപകരണം ഉപയോഗിക്കുക.
- സന്തുലിതാവസ്ഥ നിലനിർത്തുന്ന വ്യായാമങ്ങൾ ചെയ്യുക: യോഗ പോലുള്ള പരിശീലനങ്ങൾ സ്ഥിരത വർധിപ്പിക്കും.
- സജ്ജീവമായി ഇരിക്കുക: സ്ഥിരമായ ചലനം മസ്തിഷ്കവും ശരീരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും.
- മതിയായ വെള്ളം കുടിക്കുക, ലഹരി ഒഴിവാക്കുക: ജലാംശക്കുറവും ലഹരിപദാർഥങ്ങളുടെ ഉപയോഗവും തലകറക്കം കൂടുതൽ വഷളാക്കും.
- ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക: സമതുലിതമായ ഭക്ഷണക്രമവും നല്ല ഉറക്കശീലങ്ങളും വെസ്റ്റിബുലാർ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
(എ.ഡബ്ല്യു.എച്ച് സ്പെഷ്യൽ കോളേജിലെ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗത്തിൽ ക്ലിനിക്കൽ ഓഡിയോളജിസ്റ്റാണ് ലേഖിക)
Content Highlights: Understanding the Vestibular System: Your Body's Balance Control Center
Published: 13 Aug 2025, 04:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented