തിരുവനന്തപുരം: അടുത്തിടെ തിരുവനന്തപുരം നഗരത്തിൽ സായാഹ്നസവാരി നടത്തുകയായിരുന്ന സാധാരണയിൽ കവിഞ്ഞു വണ്ണമുള്ള പ്രമുഖ യുവഗായികയ്ക്കടുത്തേക്ക് ഒരു പെൺകുട്ടിയെത്തി ഒരു കുറിപ്പ് നൽകി. ‘വണ്ണം കുറയ്ക്കാനുള്ള വിശ്വസനീയമായ ചികിത്സയ്ക്കു ഞങ്ങളെ സമീപിച്ചാൽ മതി’; കൂടെ ഫോൺ നമ്പരുകളും. ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം. തന്റെ വണ്ണംകുറച്ചുതരാമെന്നു വാഗ്ദാനംചെയ്യുന്ന നഗരത്തിലെ ഒരു ന്യൂജെൻ കോസ്‌മെറ്റിക് ആശുപത്രിയുടെ കാൻവാസിങ്ങാണ് ഇതെന്നു കുറിപ്പു വായിച്ചപ്പോഴാണ് ഗായികയ്ക്കു മനസ്സിലായത്.
ഇങ്ങനെ തെരുവിൽ കാണുന്നവരെ നേരിട്ടെത്തിയാണ് നഗരത്തിലെ സൗന്ദര്യവർധക ചികിത്സാകേന്ദ്രങ്ങൾ കാൻവാസ് ചെയ്യുന്നത്. വണ്ണംകുറയ്ക്കൽ, ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കംചെയ്യൽ, സൗന്ദര്യം വർധിപ്പിക്കൽ തുടങ്ങിയവയാണ് പ്രധാന ചികിത്സകൾ. ടെക്‌നോപാർക്കിലും പരിസരത്തും ശാഖകൾ തുടങ്ങി യുവജനങ്ങളുടെ സൗന്ദര്യബോധത്തെ ചൂഷണം ചെയ്താണ് പല സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവർത്തനം.
ലിപ്പോ സക്ഷൻ, അബ്ഡിനോ പ്ലാസ്റ്റി, ബാരിയാട്രിക് സർജറി തുടങ്ങിയവയാണ് പലരും നിർദേശിക്കുന്നത്. പ്ലാസ്റ്റിക് സർജറി യോഗ്യതയുള്ള ഡോക്ടറും ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യവുമുണ്ടെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിക്കും.
പക്ഷേ, പലയിടത്തും കേരളത്തിനു പുറത്തുള്ള പ്രമുഖ ഡോക്ടർമാരുടെ പേരുകൾവെച്ച സ്ഥാപനങ്ങൾപ്പോലും പ്രവർത്തിക്കുന്നുണ്ട്. വിദഗ്‌ധരായ ഡോക്ടർമാർ മുംബൈയിൽനിന്ന് എത്തി ഇവിടെ എംബിബിഎസ് യോഗ്യതയുള്ളവർക്ക് ഹ്രസ്വകാല പരിശീലനം നൽകി ഇത്തരം ചികിത്സാകേന്ദ്രങ്ങൾ നടത്തുന്നുണ്ട്.
വൈദഗ്ധ്യമില്ലാത്തവർ കോസ്‌മെറ്റിക് ചികിത്സ നടത്തിയാൽ അപകടസാധ്യത കൂടുതലാണെന്ന് ഡോക്ടർമാർതന്നെ ചൂണ്ടിക്കാണിക്കുന്നു.
കുറച്ചുദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ രോഗി ഗുരുതരാവസ്ഥയിലായതോടെ എയർലിഫ്ട് ചെയ്ത് മുംബൈയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.
അലോപ്പതിയല്ലാതെ മറ്റു ശാഖകളിൽ മെഡിക്കൽ ബിരുദം നേടിയവരും ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇവയൊന്നും കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമില്ല.
കേരളത്തിനുപുറത്തുള്ള പല സ്ഥാപനങ്ങളുടെയും ബ്രാഞ്ചുകളും ഇത്തരം ചികിത്സ നൽകുന്നുണ്ട്. ഒരുലക്ഷം മുതൽ 10 ലക്ഷംവരെ ചെലവുവരുന്ന ശസ്ത്രക്രിയകളാണ് ഇവിടങ്ങളിൽ നടത്തുന്നത്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും വിദഗ്ധരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഉയർന്ന തുക ചികിത്സകൾക്ക് ഈടാക്കുന്നത്.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന ഡോക്ടർമാരുടെ യോഗ്യതകൾ കൃത്യമായി നിരീക്ഷണത്തിനു വിധേയമാക്കാനും സംവിധാനമില്ല.
വിവാദ ആശുപത്രിക്ക് ആരോഗ്യ വകുപ്പിന്റെ സഹായം
തിരുവനന്തപുരം: ശസ്ത്രക്രിയയിലെ പിഴവുകാരണം യുവതിക്ക് കൈകാൽ വിരലുകൾ നഷ്ടപ്പെടാനിടയാക്കിയ കുളത്തൂർ തമ്പുരാൻമുക്കിലെ കോസ്‌മെറ്റിക് ആശുപത്രിക്ക് ആരോഗ്യവകുപ്പിൽനിന്ന് വഴിവിട്ട സഹായങ്ങൾ ലഭിച്ചതായി സംശയം.
ഇതുസംബന്ധിച്ച വിവാദം കത്തിനിൽക്കെയാണ് കഴിഞ്ഞദിവസം ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന സമിതി സ്ഥാപനത്തിനു ലൈസൻസ് അനുവദിച്ചത്.
തുടക്കം മുതലേ തങ്ങളുടെ പരാതി അട്ടിമറിക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർ ശ്രമിച്ചതെന്ന് ചികിത്സപ്പിഴവിനിരയായ നീതുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
പോലീസിൽ നിന്നും സമാന അവസ്ഥ കുടുംബം നേരിട്ടു
ശസ്ത്രക്രിയ കഴിഞ്ഞ് നീതുവിന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടശേഷമാണ് ഈ ആശുപത്രി ലൈസൻസിന് അപേക്ഷിച്ചത്. നീതുവിന്റെ അവസ്ഥ നേരിട്ടുകണ്ട് സംഭവത്തിന്റെ തീവ്രത മനസ്സിലാക്കിയ ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥയടങ്ങിയ സമിതി തന്നെ പിന്നീട് ഇവർക്ക് ലൈസൻസ് നൽകുകയും ചെയ്തു.
നീതുവിന്റെ കുടുംബം ബുധനാഴ്ച വീണ്ടും ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ടിരുന്നു. മെഡിക്കൽ പരിശോധനയിൽ നീതി ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ലൈസൻസ് അനുവദിച്ചത് സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചപ്പോൾ ഡിഎംഒ മറുപടി നൽകിയില്ലെന്ന് നീതുവിന്റെ ഭർതൃപിതാവ് പത്മകുമാർ മാതൃഭൂമിയോട് പറഞ്ഞു.
പ്രസവത്തെ തുടർന്ന് വയറിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് നീതു കോസ്മെറ്റിക് ആശുപത്രിയിൽ ഫെബ്രുവരി 22-ന് കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഡോ. ബിബിലാഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കോസ്മെറ്റിക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോക്ടർമാരായ ഷിനോൾ ശശാങ്കൻ, അഖില മോഹൻ എന്നിവരാണെന്ന് ബന്ധുക്കൾ പറയുന്നു.
Content Highlights: Examining the Unregulated Cosmetic Surgery Clinics in Kerala
Published: 08 May 2025, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented