ലോക പ്ലാസ്റ്റിക് സർജറി ദിനത്തിൽ (ജുലൈ 15), ശസ്ത്രക്രിയാ വിഭാഗത്തിന്റെ യഥാർത്ഥ വശങ്ങളും വിവിധ ചികിത്സാരീതികളും അതിന്റെ ഗുണദോഷങ്ങളും പങ്കുവെക്കുകയാണ് കോട്ടക്കൽ ആസ്റ്റർ മിംസിലെ പ്ലാസ്റ്റിക് ഏസ്തറ്റിക് ആന്റ് റീകൺസ്ട്രക്ടീവ് സർജറി സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ഫിറാസ് മുഹമ്മദ് അൻവർ.
'പ്ലാസ്റ്റിക് സർജറി' എന്ന് കേൾക്കുമ്പോൾ പ്രശസ്തരുടെ സൗന്ദര്യവർദ്ധക ചികിത്സകളാണ് ഭൂരിഭാഗം പേരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക. എന്നാൽ ഇത് കേവലം ബാഹ്യസൗന്ദര്യം വർദ്ധിപ്പിക്കാൻ മാത്രമുള്ള ഒരു ചികിത്സാരീതി മാത്രമല്ല എന്നതാണ് യാഥാർഥ്യം. ശരീരത്തിന്റെ രൂപവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും അപകടങ്ങളിലോ രോഗങ്ങളിലോ നഷ്ടപ്പെട്ട ശരീരഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിനും സഹായിക്കുന്ന വളരെ സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ ഒരു ചികിത്സാ വിഭാഗമാണിത്. രൂപം നൽകുക അല്ലെങ്കിൽ പുനർനിർമിക്കുക എന്ന് അർഥം നൽകുന്ന ഗ്രീക്ക് പദമായ 'പ്ലാസ്റ്റിക്കോസ്' എന്ന പദത്തിൽ നിന്നുമാണ് പ്ലാസ്റ്റിക് സർജറി എന്ന പേരുത്ഭവിച്ചത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയോടെ ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. സൂക്ഷ്മമായ രക്തക്കുഴലുകളും ഞരമ്പുകളും തുന്നിച്ചേർക്കാൻ സഹായിക്കുന്ന മൈക്രോസർജറി, ശസ്ത്രക്രിയയുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ രോഗിയുടെ വേഗത്തിലുള്ള രോഗമുക്തിക്കും സഹായിക്കുന്നു.
അടിസ്ഥാനപരമായി പ്ലാസ്റ്റിക് സർജറിയെ രണ്ടു പ്രധാന വിഭാഗങ്ങളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. പുനർനിർമാണ ശസ്ത്രക്രിയകൾ (റീകൺസട്രക്ടീവ് സർജറി), സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ (കോസ്മിക് സർജറി).
പ്രധാനപ്പെട്ട പ്ലാസ്റ്റിക് സർജറികൾ
1. പുനർനിർമാണ ശസ്ത്രക്രിയകൾ
ജന്മനായുള്ള വൈകല്യങ്ങൾ, വലിയ അപകടങ്ങൾ, അർബുദം പോലെയുള്ള രോഗങ്ങൾ എന്നിവ കാരണം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ പരിഹരിക്കാനും അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനുമാണ് ഈ ശസ്ത്രക്രിയകൾ ചെയ്യുന്നത്.
മുറിചുണ്ടും പാലറ്റും (ക്ലെഫ്റ്റ് റിപെയർ and പാലറ്റ് റിപെയർ): ജന്മനായുള്ള ഈ വൈകല്യം പരിഹരിച്ച് കുട്ടികൾക്ക് സാധാരണ രൂപവും സംസാരശേഷിയും നൽകാൻ ഇത് സഹായിക്കുന്നു.
പൊള്ളലുകൾക്കുള്ള ചികിത്സ (ബേർൺ സർജറി): ഗുരുതരമായി പൊള്ളലേറ്റ ഭാഗങ്ങളിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും തൊലിയെടുത്ത് തുന്നിച്ചേർക്കുന്ന (സ്കിൻ ഗ്രാഫ്റ്റിങ്) ശസ്ത്രക്രിയകൾ.
സ്തന പുനർനിർമ്മാണം (ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ): സ്തനാർബുദത്തെ തുടർന്ന് സ്തനങ്ങൾ നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ ശസ്ത്രക്രിയ സഹായിക്കുന്നു.
കൈകാലുകളുടെ പുനർനിർമ്മാണം: അപകടങ്ങളിൽ അറ്റുപോയതോ തകർന്നതോ ആയ കൈകാലുകൾ, വിരലുകൾ എന്നിവ മൈക്രോ സർജറി വഴി തുന്നിച്ചേർക്കുകയും അവയുടെ പ്രവർത്തനക്ഷമത തിരികെ കൊണ്ടുവരികയും ചെയ്യുന്നു.
കാൻസർ റീകൺസ്ട്രക്ഷൻ; കാൻസർ ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്ത ശേഷമോ അപകടങ്ങൾക്ക് ശേഷമോ മുഖം, താടിയെല്ല് എന്നിവ പഴയ രൂപത്തിലാക്കുന്ന പ്രക്രിയ.
2. സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ
ശരീരത്തിന്റെ ബാഹ്യസൗന്ദര്യവും ആകൃതിയും വർദ്ധിപ്പിക്കുന്നതിനായി യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്ത വ്യക്തികൾ അവരുടെ താല്പര്യപ്രകാരം ചെയ്യുന്ന ശസ്ത്രക്രിയകളാണിത്.
റൈനോപ്ലാസ്റ്റി: മൂക്കിന്റെ ആകൃതിയും വലുപ്പവും കൃത്യമാക്കാനും മുഖത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാനും ചെയ്യുന്ന ശസ്ത്രക്രിയ.
ലൈപ്പോസക്ഷൻ: വയറ്, തുടകൾ, കൈകൾ തുടങ്ങിയ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ അമിതമായ കൊഴുപ്പ് വലിച്ചെടുത്ത് നീക്കം ചെയ്യുന്ന പ്രക്രിയ.
ഫെയ്സ് ലിഫ്റ്റ്: വാർദ്ധക്യസഹജമായി മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റാനും ചർമ്മത്തിന് കൂടുതൽ യൗവനം തോന്നിക്കാനുമുള്ള ചികിത്സ.
ബ്രെസ്റ്റ് സർജറികൾ: സ്തനങ്ങളുടെ വലുപ്പം കൂട്ടാനോ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ വലുപ്പം കുറയ്ക്കാനോ ഉള്ള ശസ്ത്രക്രിയകൾ.
ഹെയർ ട്രാൻസ്പ്ലാന്റേഷൻ: കഷണ്ടിയോ അമിതമായ മുടികൊഴിച്ചിലോ ഉള്ളവർക്ക് സഹായികരമാകുന്ന ചികിത്സ.
കാരണങ്ങളും അപകടസാധ്യതകളും
മനുഷ്യർ പ്ലാസ്റ്റിക് സർജറിയെ ആശ്രയിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് വൈദ്യശാസ്ത്രപരമായ ആവശ്യകതകൾ. അപകടങ്ങൾ, കാൻസർ മൂലമുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ പരിഹരിക്കാൻ പുനർനിർമാണ ശസ്ത്രക്രിയകൾ അനിവാര്യമാണ്. രണ്ടാമത്തേത് വ്യക്തിപരമായ കാരണങ്ങളാണ്. അതായത് സ്വന്തം രൂപത്തെക്കുറിച്ചുള്ള അപകർഷതാബോധം ഇല്ലാതാക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സൗന്ദര്യം കൂട്ടാനുമാണ് ആളുകൾ കോസ്മെറ്റിക് സർജറികൾ ചെയ്യുന്നത്.
എന്നാൽ ഏതൊരു വലിയ ശസ്ത്രക്രിയയെയും പോലെ പ്ലാസ്റ്റിക് സർജറിക്കും അതിന്റേതായ അപകടസാധ്യതകളുണ്ട്. ശസ്ത്രക്രിയാ വേളയിലോ അതിനു ശേഷമോ അമിതമായ രക്തസ്രാവം ഉണ്ടാകാനും അണുബാധ ഏൽക്കാനുമുള്ള സാധ്യത ഇതിൽ വളരെ പ്രധാനമാണ്. കൂടാതെ, അനസ്തേഷ്യ നൽകുമ്പോൾ ചില രോഗികളിൽ അലർജിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായേക്കാം. ചിലരിൽ മുറിവുണങ്ങാൻ വൈകുന്നതും, വലിയ പാടുകൾ ശരീരത്തിൽ സ്ഥിരമായി അവശേഷിക്കുന്നതും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രധാന വെല്ലുവിളികളാണ്. സ്തന പുനർനിർമ്മാണം പോലുള്ളവയിൽ കൃത്രിമ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ അവ ശരീരവുമായി പൊരുത്തപ്പെടാതിരിക്കുകയോ സ്ഥാനചലനം സംഭവിക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ, കോസ്മെറ്റിക് സർജറിയ്ക്ക് ശേഷം പ്രതീക്ഷിച്ച രൂപഭംഗി ലഭിച്ചില്ലെങ്കിൽ അത് വ്യക്തികളിൽ കടുത്ത മാനസിക സമ്മർദ്ദത്തിനും വിഷാദരോഗത്തിനും വരെ കാരണമാകാനും ഇടയുണ്ട്.
പ്ലാസ്റ്റിക് സർജറി എന്നത് ഒരു മാന്ത്രിക വിദ്യയല്ല എന്ന് ആദ്യം മനസ്സിലാക്കുക. സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ കണ്ടോ, മറ്റുള്ളവരെ അനുകരിക്കാനോ ഇത്തരം ശസ്ത്രക്രിയകൾക്ക് മുതിരരുത്. നിങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ള പരിചയസമ്പന്നനായ ഒരു പ്ലാസ്റ്റിക് സർജനെ മാത്രം സമീപിക്കുക.
ശസ്ത്രക്രിയയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഫലത്തെക്കുറിച്ച് യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകൾ ഉണ്ടായിരിക്കണം. കൂടാതെ ഡോക്ടറുമായി നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അലർജികളെക്കുറിച്ചും തുറന്നു സംസാരിക്കുക. ഏറ്റവും പ്രധാനമായി ഒരു സർജറിയിലൂടെ മാറ്റിയെടുത്ത ശരീരപ്രകൃതി ദീർഘകാലം നിലനിൽക്കണമെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ജീവിതശൈലിയായി മാറ്റേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമാണ് യഥാർത്ഥ സൗന്ദര്യം എന്നത് എപ്പോഴും ഓർമ്മിക്കുക.
Content Highlights: While plastic surgery is widely popular for cosmetic enhancements like rhinoplasty and liposuction, its primary medical role lies in critical reconstructive procedures that restore function and appearance after accidents, cancers, and congenital defects.
Published: 15 Jul 2026, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented