തിരുവനന്തപുരം: തൈറോയ്ഡ് കാൻസർ ചികിത്സയ്ക്കുള്ള അയഡിൻ തെറാപ്പിക്കായി സംസ്ഥാനത്തെവിടെയുള്ള രോഗികളും കോഴിക്കോട്ടെത്തണം. സർക്കാർമേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമാണ് നിലവിൽ അയഡിൻ തെറാപ്പി സംവിധാനമുള്ളത്. 

To advertise here,

മെച്ചപ്പെട്ട ചികിത്സതേടി തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർസിസി) എത്തുന്ന രോഗികളെപ്പോലും കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയാണിപ്പോൾ. ആർസിസിയിലുണ്ടായിരുന്ന അയഡിൻ തെറാപ്പി യൂണിറ്റ് മൂന്നുവർഷം മുൻപ്‌, പുതിയകെട്ടിടം നിർമിക്കുന്നതിനുവേണ്ടി നിർത്തലാക്കുകയായിരുന്നു. കെട്ടിടനിർമാണം നടക്കുന്നുണ്ട്. ഇതു പൂർത്തിയായാലും അയഡിൻ തെറാപ്പി ആരംഭിക്കാൻ സമയമെടുക്കുമെന്നാണ് വിവരം.

തൈറോയ്ഡ് കാൻസറിനുള്ള ചികിത്സയാണ് അയഡിൻ തെറാപ്പി. ശസ്ത്രക്രിയക്കുശേഷവും നിലനിൽക്കുന്ന കോശങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച തൈറോയ്ഡ് കാൻസറും ഭേദമാക്കാൻ ഇതാവശ്യമാണ്.

അവശനിലയിലായ രോഗികളെയും കൊണ്ട് കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കോട്ടും തിരിച്ചുമുള്ള യാത്ര ദുരിതമാണ്. പണമുള്ളവർ സ്വകാര്യമേഖലയെ ആശ്രയിക്കും. അതിനുപക്ഷേ ഒന്നര-രണ്ട് ലക്ഷം രൂപയിലധികമാകും. അതിന് നിവൃത്തിയില്ലാത്തവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഊഴം കാത്തിരിക്കുന്നു.

രോഗിയുടെ അവസ്ഥയനുസരിച്ച്‌ ഒരുവർഷം പലപ്രാവശ്യം അയഡിൻ തെറാപ്പി ചെയ്യേണ്ടിവരാം. കനത്ത റേഡിയേഷൻ ഉള്ളതിനാൽ ആശുപത്രിയിൽത്തന്നെ നാലുദിവസം ഐസലേഷൻ വാർഡിൽ കഴിയണം. ഇതിനുശേഷം 14 ദിവസത്തോളം ക്വാറന്റീനും വേണം.

സംസ്ഥാനമെമ്പാടുമുള്ള രോഗികൾ എത്തുന്നതുകാരണം കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി ആറുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. രണ്ട് ഐസലേഷൻ മുറികളാണ് ഇവിടെയുള്ളത്. അയഡിൻ തെറാപ്പി ചെയ്യുന്നവരിൽനിന്ന്‌ തുടർദിവസങ്ങളിൽ റേഡിയേഷൻ ഉണ്ടാകാമെന്നതിനാൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് മറ്റുയാത്രക്കാർക്കും ബുദ്ധിമുട്ടാകും.