മെഡിക്കല്‍ കോളേജ്: രോഗാവസ്ഥയ്ക്കിടയിലും ആതുരസേവനത്തിന്റെ മഹത്ത്വം നിലനിര്‍ത്തി തൃശ്ശൂർ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍. ഗുരുതരാവസ്ഥയില്‍ രാത്രിയില്‍ ആശുപത്രിയിലെത്തിച്ച 31 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിക്കുകയായിരുന്നു.

To advertise here,

ഒരാഴ്ച മുമ്പ് നടന്നതാണെങ്കിലും കുഞ്ഞിന്റെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞപ്പോഴാണ് ഡോക്ടറുടെ നന്മ പുറംലോകം അറിഞ്ഞത്. മെഡിക്കല്‍ കോളേജ് ശിശുരോഗ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ബിജോണ്‍ ജോണ്‍സനാണ് തന്റെ രോഗത്തെ അവഗണിച്ച് രാത്രിയില്‍ ഓടിയെത്തി ശസ്ത്രക്രിയ നടത്തിയത്. അടുത്തിടെ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഡോ. ബിജോണിന് ബൈപാസ് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു.

പാലക്കാട് മലമ്പുഴ അകത്തേത്തറ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന്റെ ജീവനാണ് രക്ഷിച്ചത്. ഛര്‍ദിയെത്തുടര്‍ന്നാണ് കുഞ്ഞിനെ രാത്രി പതിനൊന്നോടെ ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. ഉടനെ ഡോ. ബിജോണിനെ വിവരമറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖംപ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.

വകുപ്പില്‍ ഡോക്ടര്‍മാര്‍ കുറവായതിനാല്‍ അവധിയെടുക്കാതെ ഡോക്ടര്‍ ജോലിക്കെത്തുന്നുണ്ട്. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. നീതു, ഡോ. ഡാരിസ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.