കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ മൊബൈൽ ഫോണിന് മുന്നിലാണിന്ന്. ചിലരാകട്ടെ മൊബൈൽ ഫോണിനോട് അമിതാസക്തിയുള്ളവരുമാണ്.  വെറുതെയിരിക്കുമ്പോൾ മാത്രമല്ല ഉണ്ണാനും ഉറങ്ങാനുമൊക്കെ മൊബൈൽ ഫോൺ വീഡിയോകളെ ആശ്രയിക്കുന്നവർ. ഇക്കൂട്ടരിൽ പൊതുവേ കണ്ടുവരുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥ. എന്നാൽ കഴുത്തിനും തോളിനും മാത്രമല്ല 'ടെക്സ്റ്റ് നെക്ക്' പണിതരുന്നത്, ഹൃദയാരോ​ഗ്യത്തേക്കൂടിയാണെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. 

To advertise here,

ക്യുറിയസ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്തൊമ്പതിനും നാൽപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള 84 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോഴുള്ള ശരീരഘടനയും ഇത് ഹൃദയാരോ​ഗ്യത്തേയും മാനസികാരോ​ഗ്യത്തേയും ബാധിക്കുന്നത് എങ്ങനെയെന്നുമാണ് ​ഗവേഷകർ വിലയിരുത്തിയത്. പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്​ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷനിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ കഴുത്തിൽ നിന്നും തല മുന്നോട്ട് നീട്ടിപ്പിടിക്കുന്ന അസാധാരണമായ പോസ്ചറിനേയാണ് ടെക്സ്റ്റ് നെക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫോണിലേക്ക് നോക്കാൻ തലകുനിഞ്ഞിരിക്കുന്നത് കഴുത്തിനും തോളിനും സമ്മർദം നൽകുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യും. ചിലരിൽ പുറംവേദന, തലവേദന, കണ്ണുകൾക്ക് സമ്മർദം, അമിതക്ഷീണം തുടങ്ങിയവയും അനുഭവപ്പെടാം. ഇതുകൂടാതെ ശരീരഘടന തെറ്റുന്നതുവഴി നട്ടെല്ലിന് സമ്മർദം നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ തരാറിലാക്കുകയും അതുവഴി രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും കൂടുകയും ചെയ്യുമെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. 

മൊബൈൽ ഉപയോ​ഗിക്കുമ്പോൾ തല മുന്നോട്ട് ആഞ്ഞിരിക്കുന്നതുവഴി സമ്മർദം കൂടുകയും ശരീരത്തിന് ആയാ​സരഹിതമായി ഇരിക്കാനുള്ള കഴിവ് കുറയുകയും ചെയ്യും. 

കൂടാതെ നോമോഫോബിയ എന്ന അവസ്ഥയേക്കുറിച്ചും ​ഗവേഷകർ പഠനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ അരികിൽ ഇല്ലാതിരിക്കുമ്പോൾ ഭീതിയും ഉത്കണ്ഠയും തോന്നുന്ന അവസ്ഥയാണിത്. മൊബൈൽ ഫോണിനോട് അടിമപ്പെട്ടിരിക്കുന്നവരിലാണ് ഇത് കൂടുതലായും കണ്ടത്. 

കഴുത്തിനേയും നട്ടെല്ലിനേയും ആയാസപ്പെടുത്താത്ത രീതിയിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ ശീലമാക്കുക, മൊബൈൽ ആസക്തി കുറയ്ക്കുക എന്നിവയാണ് അടിയന്തരമായി കൈക്കൊള്ളേണ്ടതെന്നും ​​ഗവേഷകർ പറയുന്നുണ്ട്. മൊബൈൽ ഫോണിന്റെ അമിതോപയോ​ഗം ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയ്ക്കപ്പുറം ഹൃദയാരോ​ഗ്യത്തേക്കൂടി സാരമായി ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു ​ഗവേഷകരുടെ ലക്ഷ്യം. 

മുന്‍കരുതലാണ് പരിഹാരം 
 

  • പരമാവധി കണ്ണിന്റെ അതേ നിരപ്പില്‍ ഫോണ്‍ ഉപയോഗിക്കുക. ഇതുവഴി കഴുത്ത് വളയുന്നത് ഒഴിവാക്കാം
  • ദീര്‍ഘനേരം ഫോണ്‍ ചുമലുകൊണ്ട് താങ്ങി കഴുത്ത് ചെരിച്ച് സംസാരിക്കരുത്.
  • ഗുണനിലവാരമുള്ള ഇയര്‍ഫോണ്‍ ഉപയോഗിക്കുക. സ്വകാര്യത പ്രശ്‌നമല്ലെങ്കില്‍ ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കുക.
  • ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ചാറ്റ് ചെയ്യരുത്. 
  • കഴുത്തിന് ഉണ്ടാവുന്ന അസ്വസ്ഥകള്‍ അകറ്റാന്‍ കഴുത്തും താടിയും മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ഇളക്കുക.
  • തോളുകള്‍ ഘടികാര ദിശയിലും എതിര്‍ദിശയിലും ചലിപ്പിക്കുന്നതു വഴി ചുമലുകളുടെ അസ്വസ്ഥതകൾ അകറ്റാം.