അൽപസമയം വെറുതെകിട്ടിയാൽ അപ്പോൾ ഫോണിൽ സ്ക്രോൾ ചെയ്യുന്നവരുണ്ട്. റീൽസിലും സാമൂഹിക മാധ്യമങ്ങളിലുമായി ഒരു ദിവസത്തിന്റെ വലിയ പങ്കും അപഹരിക്കുന്നത് അവരറിയുന്നില്ല. ഈ ശീലം ആരോഗ്യത്തെ ചെറിയ തോതിലൊന്നുമല്ല ബാധിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഗവേഷകർ. ഇതിനു പകരം ശാരീരിക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുക വഴി വലിയ രീതിയിൽ ആരോഗ്യത്തിൽ മാറ്റം വരുത്താമെന്നാണ് ഗവേഷകർ പറയുന്നത്.

To advertise here,

ജർമനിയിലെ റൂ ബോചം യൂണിവേഴ്സിറ്റിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദിവസവും വെറും 30 മിനിറ്റുപോലും സാമൂഹിക മാധ്യമത്തിൽനിന്ന് വിട്ടുനിന്ന് ആ സമയം വ്യായാമത്തിനായി മാറ്റിവെക്കുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു.

642 പേരെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. രണ്ട് ഗ്രൂപ്പിനുമായി രണ്ടാഴ്ചത്തേക്ക് മൂന്ന് ശീലങ്ങളാണ് നൽകിയത്. ഒരു ഗ്രൂപ്പ് സാമൂഹിക മാധ്യമത്തിന്റെ ഉപയോഗം ദിവസവും 30 മിനിറ്റായി കുറച്ചപ്പോൾ അടുത്ത ഗ്രൂപ്പ് സാമൂഹികമാധ്യമ ഉപയോഗത്തിൽ മാറ്റം വരുത്താതെ 30 മിനിറ്റ് വ്യായാമത്തിനായി നീക്കിവെച്ചു. മൂന്നാമത്തെ ഗ്രൂപ്പ് സാമൂഹികമാധ്യമ ഉപയോഗം 30 മിനിറ്റായി കുറയ്ക്കുകയും ആ സമയം വ്യായാമത്തിനായി നീക്കിവെക്കുകയും ചെയ്തു.

തുടർന്ന് പഠനത്തിൽ പങ്കാളികളായവരുടെ മാനസികനില, സമ്മർദത്തിന്റെ തോത്, സംതൃപ്തി തുടങ്ങിയവ പഠനത്തിനുമുമ്പും പഠനകാലത്തും പഠനശേഷവും പരിശോധിച്ചു. സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുകയോ വ്യായാമം ആരംഭിക്കുകയോ ചെയ്തവർ കൂടുതൽ സന്തോഷവും സംതൃപ്തിയും ഉള്ളവരായി കാണപ്പെട്ടു. അവരിൽ സമ്മർദത്തിന്റെയും വിഷാദത്തിന്റെയും തോതും കുറവായിരുന്നു. ഒരേസമയം സോഷ്യൽ മീഡിയ ഉപഭോഗം കുറയ്ക്കുകയും ആ സമയം വ്യായാമത്തിനായി നീക്കിവെക്കുകയും ചെയ്തവരിൽ സന്തോഷവും സംതൃപ്തിയും വീണ്ടും കൂടുന്നുവെന്ന് കണ്ടെത്തി.

തുടർച്ചയായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലൂടെ അവയോട് അടിമകളാകാനുള്ള സാധ്യത കൂടുതലാണ്. നെഗറ്റീവ് കണ്ടന്റുകൾ ഉത്കണ്ഠയും അരക്ഷിതാവസ്ഥയും സമ്മർദവും കൂട്ടും. സോഷ്യൽ മീഡിയ ഉപയോഗം കുറച്ച് ചെറിയ തോതിൽ പോലും നടക്കുക, ജോഗിങ്, യോഗ തുടങ്ങിയവ ചെയ്യുന്നതും ചെറിയ രീതിയിൽ സ്ട്രെച്ചിങ് ചെയ്യുന്നതുപോലും നല്ല ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

മാനസികാരോഗ്യം മെച്ചപ്പെടാനും സമ്മർദം കുറയ്ക്കാനും ജീവിതശൈലി പാടേ മാറ്റേണ്ടതില്ലെന്നും ലളിതമായ ഇത്തരം കാര്യങ്ങളിലൂടെ വലിയമാറ്റം കണ്ടെത്താനാവുമെന്നും പറയുകയാണ് ഗവേഷകർ.