കഴിഞ്ഞദിവസമാണ് നടി ഷക്കീല അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗം കഴുത്തിന് സർജറി ചെയ്യുന്നതിലേക്ക് നയിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷക്കീല മൊബൈൽ ഫോൺ ഉപയോഗപ്രദമാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിച്ചതാണ് സർജറിക്ക് കാരണമായതായി പറഞ്ഞത്.

To advertise here,

കി‌‌ടക്കയിൽ ചരിഞ്ഞുകിടന്ന് തു‌ടർച്ചയായി നാലുമണിക്കൂർവരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നുെവന്നും ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നതെന്നും ഷക്കീല പറഞ്ഞിരുന്നു. ഇത് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും സർജറിയിൽ കലാശിക്കുകയുമായിരുന്നു. ‌

മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കഴുത്തിനെ സാരമായി ബാധിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കാം. അതിൽ പ്രധാനമാണ് ടെക്സ്റ്റ് നെക്ക് സിൻഡ്രോം എന്ന അവസ്ഥ.

ഏറെനേരം മൊബൈൽഫോണിൽ നോക്കിയിരിക്കുന്നതിലൂടെ കഴുത്തു വളഞ്ഞ് തല താഴ്ന്നുവരും. ശ്രദ്ധ മുഴുവൻ ഫോണിലായതുകൊണ്ട് തല താഴുന്നതിനേക്കുറിച്ച് ശ്രദ്ധിക്കുകയുമില്ല. കഴുത്തിനു വേദന വരുമ്പോൾ മാത്രമായിരിക്കും നിവരുക. ‌താഴ്ന്ന തലയുടെ ഭാരം മുഴുവൻ നട്ടെല്ലിന് താങ്ങേണ്ടിവരുമ്പോൾ കഴുത്തിന്റെ പിൻഭാഗത്തുനിന്ന് തുടങ്ങുന്ന വേദനയാണ് ടെക്സ്റ്റ് നെക്ക് സിൻഡ്രോം.

താഴ്ന്ന തലയുടെ ഭാരം മുഴുവൻ നട്ടെല്ലിന് താങ്ങേണ്ടിവരുമ്പോൾ കഴുത്തിന്റെ പിൻഭാഗത്തുനിന്ന് തുടങ്ങുന്ന വേദനയാണ് ടെക്സ്റ്റ് നെക്ക് സിൻഡ്രോം. തല താഴുന്നതിന് അനുസരിച്ച് നട്ടെല്ലിന് താങ്ങേണ്ടി വരുന്ന ഭാരവും കൂടുന്നുണ്ട്. അപ്പോൾ പുറംഭാഗത്തെ പേശികളും നാഡികളും വലിഞ്ഞുമുറുകും. ഇതോടെ കഴുത്തുവേദന, കൈവേദന, ചുമൽവേദന, തലവേദന എന്നിവയൊക്കെ അനുഭവപ്പെട്ടുതുടങ്ങും.

മരുന്നുപയോഗിച്ച് ഭേദമാക്കാനാവാത്ത അത്യപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് സർജറി ആവശ്യമായി വരിക. നേരത്തേതന്നെ കഴുത്തുവേദന ഉള്ളവരാണെങ്കിൽ മൊബൈൽ ഫോൺ ഉപയോഗം കൂ‌ടുന്നത് വേദന വഷളാക്കും. അമിതമായി ഫോൺ ഉപയോഗിക്കുന്നുന്നുവെന്നതിനർഥം സർജറി ഒഴിവാക്കാനാവില്ല എന്നതല്ലെന്നും വിദഗ്ധർ പറയുന്നുണ്ട്. മൊബൈൽ ഉപയോഗം കൂടുന്നതുകൊണ്ടുള്ള കഴുത്തുവേദനകളിലേറെയും പോസ്ചർ മാറ്റുന്നതിലൂടെയും വിശ്രമിക്കുന്നതിലൂടെയും ഫിസിയോതെറാപ്പിയിലൂടെയുമൊക്കെ ഭേദമാക്കാവുന്നതാണ്.

ഇത് കൂടാതെ ചെവിയ്ക്കും കഴുത്തിനും ഇടയിൽ ഫോൺ ഇറുക്കിപ്പിടിച്ച് സംസാരിച്ചുകൊണ്ട് അടുക്കള ജോലിയും ഓഫീസ് ജോലിയുമൊക്കെ ഏറെ നേരം തുടരുന്നതും കഴുത്തിന് വേദന വരാൻ കാരണമാകും.

പരിഹാരം

  • കണ്ണിന്റെ അതേ നിരപ്പിൽ തന്നെ ഫോൺ ഉപയോഗിക്കാൻ ശീലിക്കുക. കഴുത്ത് വളയുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
  • കഴുത്തിലെ ആയാസം കുറയ്ക്കാൻ മുഖം മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും തിരിക്കുക.
  • തോളുകൾ ഘടികാര ദിശയിലേക്കും എതിർദിശയിലേക്കും ചലിപ്പിക്കുക. ചുമലിന്റെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇത് സഹായിക്കും.
  • ദീർഘനേരം ഫോൺ ചുമലിൽ താങ്ങി കഴുത്ത് ചെരിച്ച് സംസാരിക്കരുത്. സ്വകാര്യത പ്രശ്നമല്ലെങ്കിൽ ലൗഡ്സ്പീക്കറിൽ സംസാരിക്കാം.