വൈറ്റമിൻ കെ-യുടെ അളവ് കുറയുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ഇക്കൂട്ടരിൽ ആസ്ത്മ, ക്രോണിക് ഒബ്സട്രക്റ്റീവ് പൾമണറി ഡിസീസ്, വലിവ് തുടങ്ങിയ രോഗങ്ങൾ കൂടുതലായിരിക്കുമെന്നും പഠനത്തിലുണ്ട് .
പച്ചനിറത്തിലുള്ള ഇലക്കറികളിലും ധാന്യങ്ങളിൽ നിന്നുമൊക്കെ ലഭിക്കുന്ന വൈറ്റമിൻ കെ രക്തം കട്ടംപിടിക്കുന്നതിൽ വലിയ സ്ഥാനം വഹിക്കുന്നുണ്ട്. മുറിവുകൾ ഉണങ്ങാൻ ശരീരത്തെ സഹായിക്കുന്നതും ഇതാണ്. എന്നാൽ വൈറ്റമിൻ കെ-യും ശ്വാസകോശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വലിയരീതിയിലുള്ള പഠനങ്ങൾ മുമ്പ് നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കോപ്പൻഹേഗൻ സർവകലാശാലയിലെയും കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകർ സംയുക്തമായി പഠനം നടത്തിയത്.
ഇ.ആർ.ജെ. ഓപ്പൺ റിസർച്ച് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ വൈറ്റമിൻ കെ-യുടെ സ്ഥാനം വലുതാണെന്ന് പഠനത്തിൽ പങ്കെടുത്ത ഡോ.ടോർകിൽ ജെസ്പേഴ്സൺ പറഞ്ഞു.
4,092 പേരെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. കോപ്പൻഹേഗനിൽ താമസിക്കുന്ന ഇരുപത്തിനാലിനും എഴുപത്തിയേഴിനും ഇടയിൽ പ്രായമുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ലങ് ഫങ്ഷൻ ടെസ്റ്റ്, രക്തപരിശോധന, ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ തുടങ്ങിയവയ്ക്കൊടുവിലാണ് ഗവേഷകസംഘം വിലയിരുത്തലിൽ എത്തിയത്.
തുടർന്നാണ് വൈറ്റമിൻ കെ ശരീരത്തിൽ കുറവുള്ളവരിൽ ശ്വാസകോശത്തിന്റെ പ്രവർത്തനവും അത്രമെച്ചമായിരുന്നില്ല എന്നുകണ്ടെത്തിയത്. ഇക്കൂട്ടരിൽ സി.ഒ.പി.ഡി., ആസ്ത്മ, വലിവ് എന്നിവ കണ്ടതായും ഗവേഷകർ പറയുന്നു. ശ്വാസകോശാരോഗ്യത്തിന് വൈറ്റമിൻ കെ നിർദേശിക്കുന്നത് ഗുണംചെയ്യുമോ എന്നതുതുടങ്ങി പ്രസ്തുത വിഷയത്തിൽ വിശാലാടിസ്ഥാനത്തിലുള്ള പഠനങ്ങൾ വരേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.
വൈറ്റമിൻ കെ സമ്പന്നമായ ഭക്ഷണങ്ങൾ
ഇലക്കറികൾ
പച്ചനിറത്തിലുള്ള ഇലവർഗങ്ങളിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിനും മുടിക്കും പ്രതിരോധശേഷിക്കും നല്ലതാണിവ. പച്ചയ്ക്കും വേവിച്ചും കഴിക്കുന്നത് ഗുണം ചെയ്യും.
ശതാവരിച്ചെടി
അവശ്യമായ വൈറ്റമിനുകൾ ഉൾപ്പെടെയുള്ളവ അടങ്ങിയ പോഷകസമ്പന്നമായ വിഭവമാണിത്. 90ഗ്രാം വേവിച്ച ശതാവരിയിൽ നിന്ന് 72 mcg വൈറ്റമിൻ കെ ലഭിക്കും.
ചിക്കൻ
ചിക്കനിലും വൈറ്റമിൻ കെ നന്നായി അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചിക്കനിൽ 60 mcg വൈറ്റമിൻ കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം തുടങ്ങിയവയാൽ സമ്പന്നവുമാണ് ചിക്കൻ.
പ്രൂൺസ്
ആന്റിഓക്സിഡന്റുകൾ, ഫൈബറുകൾ എന്നിവയാൽ സമൃദ്ധമാണ് പ്രൂൺസ്. എല്ലുകളുടെയും പേശിയുടെയും ആരോഗ്യം വർധിപ്പിക്കുന്ന ഇവയിലും വൈറ്റമിൻ കെ അടങ്ങിയിട്ടുണ്ട്. അഞ്ച് പ്രൂൺസിൽ 28 mcg വൈറ്റമിൻ കെ ഉണ്ട്.
ഗ്രീൻപീസ്
മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ ഗ്രീൻപീസിലും വൈറ്റമിൻ കെ ധാരാളമുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുകവഴി ദഹനപ്രക്രിയ സുഗമമാക്കാം. 100 ഗ്രാം ഗ്രീൻപീസിൽ 26 mcg വൈറ്റമിൻ കെ അടങ്ങിയിട്ടുണ്ട്.
Content Highlights: Study says People with low levels of Vitamin K have less healthy lungs
Published: 12 Aug 2023, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented