വാഷിങ്ടൺ: വായുമലിനീകരണം നവജാതശിശുക്കളിലും ചെറിയ കുട്ടികളിലും വൈജ്ഞാനിക വളർച്ചയെ ബാധിക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ഇന്ത്യയിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന പരിണിതഫലങ്ങളാണ് ഇത് കുട്ടികളുടെ തലച്ചോറിൽ സൃഷ്ടിക്കുകയെന്നാണ് ഗവേഷകർ പറയുന്നത്.
വായുവിന്റെ ഗുണനിലവാരം മോശമാകുന്നത് കുട്ടികളിൽ വൈജ്ഞാനികപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം അവരിൽ വൈകാരികമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഇത് അവരുടെ പെരുമാറ്റത്തേയും ബാധിക്കുന്നുണ്ട്. കുടുംബത്തിന്റെ ആരോഗ്യപരമായ അന്തരീക്ഷമാണ് ഇതുമൂലം തകർക്കപ്പെടുകയെന്നാണ് മുഖ്യഗവേഷകനായ പ്രൊഫസർ ജോൺ സ്‌പെൻസർ പറയുന്നത്. യുഎഇ സ്‌കൂൾ ഓഫ് സൈക്കോളജിയിലെ പ്രൊഫസറാണദ്ദേഹം.
അന്തരീക്ഷത്തിലെ തീരെ ചെറിയ പാർട്ടിക്കിളുകളാണ് ഏറ്റവും അപകടകാരി. ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളിലൊന്നും അന്തരീക്ഷമലിനീകരണവും കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വികസനവുമായുള്ള ബന്ധം കണ്ടുപിടിച്ചിരുന്നില്ല. കുഞ്ഞുങ്ങളിൽ തലച്ചോറിന്റെ വളർച്ച ഏറ്റവുമധികം നടക്കുന്ന സമയത്ത് എല്ലാവിധത്തിലുള്ള ടോക്‌സിനുകളോടും സെൻസിറ്റീവായിരിക്കും. ഇത് എടുത്തുകാട്ടുന്ന ആദ്യത്തെ പഠനം തങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലാണ് സംഘം ഗവേഷണം നടത്തിയത്. ഗ്രാമപ്രദേശങ്ങളിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് എത്തരത്തിലാണ് വായുവിന്റെ ഗുണനിലവാരം തങ്ങളുടെ കുട്ടികളുടെ വൈജ്ഞാനികവളർച്ചയെ സ്വാധീനിച്ചതെന്ന് പഠിക്കുകയായിരുന്നു ഗവേഷണലക്ഷ്യം. ലക്നൗവിലുള്ള കമ്മ്യൂണിറ്റി എംപവർമെന്റ് ലാബുമായി സഹകരിച്ചാണ് ഇത്തരമൊരു ശാസ്ത്രപരീക്ഷണം നടത്തിയത്.
2017 ഒക്ടോബർ മുതൽ 2019 ജൂൺവരെയുള്ള കാലയളവിൽ 215 കുട്ടികൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത കൊഗ്നീഷൻ ടാസ്‌ക്കുകളിലൂടെ കുട്ടികളിലെ വിഷ്വൽ വർക്കിങ് മെമ്മറിയും വിഷ്വൽ പ്രോസസിങ് സ്പീഡും വിലയിരുത്തി. ഏറ്റവുമധികം വായുമലിനീകരണം അഭിമുഖീകരിക്കുന്ന പ്രദേശമായ ഉത്തർപ്രദേശിലെ ശിവ്ഗറിലായിരുന്നു പരീക്ഷണം. കുട്ടികളുടെ വീടുകളിൽ എയർ ക്വാളിറ്റി മോണിറ്ററുകൾ വെച്ചാണ് വായുവിന്റെ ഗുണനിലവാരം അളന്നത്.
ആദ്യത്തെ രണ്ട് വർഷങ്ങളിലാണ് കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വികസനം പരമാവധി സംഭവിക്കുന്നത്. ഈ സമയത്ത് മോശം വായുവുമായുള്ള സമ്പർക്കം അവരുടെ വിഷ്വൽ കൊഗ്നീഷനെ ദുർബലപ്പെടുത്തുന്നു. ഈ കണ്ടുപിടുത്തവും ആദ്യമായി പുറത്തുവരുന്നത് തങ്ങളുടെ ഗവേഷണത്തിലൂടെയാണെന്ന് പ്രൊഫസർ ജോൺ പറഞ്ഞു. അതിന്റെ പരിണിതഫലങ്ങൾ കുഞ്ഞുങ്ങളിൽ ദീർഘകാലത്തേയ്ക്ക് നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: study claims air pollution can impact cognitive development of babies
Published: 27 Apr 2023, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented