കാൻസർ സ്ഥിരീകരണത്തേക്കുറിച്ചും അതിജീവനപോരാട്ടത്തേക്കുറിച്ചും നിരന്തരം പങ്കുവെച്ചിട്ടുള്ള ബോളിവുഡ് നടി സൊനാലി ബിന്ദ്രെ ഒരിക്കൽക്കൂടി തന്റെ കാൻസർ അതിജീവനയാത്ര പങ്കുവെച്ചിരിക്കുകയാണ്. ഫോർബ്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നാലാം ഘട്ട കാൻസറിനെ അതിജീവിച്ചതിനേക്കുറിച്ചും നേരത്തേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ താൻ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നുപോവില്ലായിരുന്നുവെന്നും സൊനാലി പറഞ്ഞത്.
താൻ കാൻസറിനേക്കുറിച്ച് തുറന്നുപറയുന്ന കാലത്ത് അതൊരു വിലക്കപ്പെട്ട വിഷയം പോലെയായിരുന്നു. കാൻസറിനേക്കുറിച്ച് പറയാൻ പാടില്ലെന്ന് കരുതുന്ന സമൂഹമായിരുന്നു. കാൻസർ എന്നു പറയാതെ സി രോഗം എന്നാണ് അതിനെ പലരും വിളിച്ചിരുന്നത്. തന്റെ കാര്യത്തിൽ രോഗം തിരിച്ചറിയാൻ വൈകി. നേരത്ത തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ നാലാമത്തെ സ്റ്റേജ് എത്തുമായിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ഇത്രത്തോളം കഷ്ടങ്ങളിലൂടെ കടന്നുപോവില്ലായിരുന്നു- സൊനാലി പറഞ്ഞു.
കാൻസർ എന്നത് കഠിനമാണെങ്കിലും നേരത്തേ തിരിച്ചറിഞ്ഞാൽ സുഖം പ്രാപിക്കാനാവുന്ന രോഗമാണെന്നും സൊനാലി പറഞ്ഞു. കാൻസർ കഠിനം തന്നെ, പക്ഷേ നേരത്തേ കണ്ടെത്തിയാൽ ജീവപര്യന്തമല്ല. കാൻസറിനേക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും അതിലൂടെ നേരത്തേ കണ്ടെത്താനാവുമെന്നും സൊനാലി പറഞ്ഞു. അതുകൊണ്ടാണ് താൻ രോഗത്തേക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചത്. ഇന്ന് മുമ്പത്തേക്കാൾ ആളുകൾ കാൻസറിനേക്കുറിച്ച് സംസാരിക്കാനും ടെസ്റ്റുകൾ ചെയ്യാനും തുടങ്ങിയിട്ടുണ്ടെന്നും സൊനാലി കൂട്ടിച്ചേർത്തു.
കാൻസറിന്റെ കാര്യത്തിൽ ജനിതകഘടകം എത്രത്തോളം പ്രധാനമാണെന്ന് സൊനാലി നേരത്തേ പറഞ്ഞിട്ടുണ്ട്. തന്റെ കുടുംബത്തിൽ മുമ്പ് കാൻസർ സ്ഥിരീകരിച്ചിരുന്നു. പക്ഷേ, ആരും അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. തനിക്ക് രോഗം സ്ഥിരീകരിച്ചേതാടെ രാജ്യത്തിനകത്തും പുറത്തുമൊക്കെയുള്ള കുടുംബാംഗങ്ങളോട് ടെസ്റ്റുകൾ ചെയ്യേണ്ട പ്രാധാന്യത്തേക്കുറിച്ച് നിരന്തരം പറയാറുണ്ട്. ഒപ്പം വ്യായാമം ചെയ്യുന്നതിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് സൊനാലി പറയുന്നുണ്ട്. താൻ മെലിഞ്ഞിരിക്കുന്നതിനാൽ ആരോഗ്യവതിയാണെന്നാണ് കരുതിയിരുന്നത്. പുകവലിക്കുകയോ മദ്യപിക്കുകയോ മറ്റ് മോശം ശീലങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷേ, വർക്കൗട്ട് ചെയ്യുക എന്നത് തന്റെ ശീലത്തിന്റെ ഭാഗമായിരുന്നില്ലെന്നും സൊനാലി മുമ്പ് പറഞ്ഞിരുന്നു.
2018-ലാണ് താരത്തിന് അർബുദം സ്ഥിരികരിച്ചത്. തുടർന്ന് അമേരിക്കയിലാണ് സൊനാലി ചികിത്സതേടിയത്. ന്യൂയോർക്കിൽ ചികിത്സയ്ക്കായെത്തിയപ്പോൾ കാൻസറിന്റെ നാലാം സ്റ്റേജ് ആണെന്നും രക്ഷപ്പെടാൻ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞുവെന്നും സൊനാലി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ ഗോൾഡി ഭേൽ ആണ് സൊനാലിയുടെ ഭർത്താവ്.
കുത്തനെ ഉയരുന്ന കാൻസർ നിരക്ക്
2050 ആകുമ്പോഴേക്കും കാൻസർ രോഗികളുടെ കുത്തനെ ഉയരുമെന്നും 35ദശലക്ഷം പുതിയ രോഗികളുണ്ടാകുമെന്നും അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഐ.എ.ആർ.സി. (International Agency for Research on Cancer) നടത്തിയ ഗവേഷണത്തിലാണ് ഇതേക്കുറിച്ച് കണ്ടെത്തിയത്.
ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് രോഗപ്രതിരോധത്തിന് ഗുണംചെയ്യുമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാമെന്നും പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെയും പ്രതിരോധിക്കാനാവുമെന്നും പറഞ്ഞിരുന്നു. ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോഗം കുറയ്ക്കുന്നതുമൊക്കെ ഗുണംചെയ്യുമെന്നും കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുകയുണ്ടായി.
Content Highlights: Sonali Bendre shares her experience with stage 4 cancer and the importance of timely diagnosis., The societal shift from treating cancer as a taboo to an open conversation.
Published: 28 Apr 2026, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented