പുകവലിയുടെ ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് പുകവലി. എന്നാൽ അതുമാത്രമല്ല മുടികൊഴിഞ്ഞ് കഷണ്ടി കയറുന്നതിലും പുകവലിയുടെ പങ്ക് വലുതാണെന്ന് വ്യക്തമാക്കുകയാണ് ഒരു പഠനം.
മുടികൊഴിച്ചിലിന്റെ കാരണങ്ങൾ തേടുമ്പോൾ പ്രായം, ജനിതകം, പോഷകാഹാരം തുടങ്ങിയവയ്ക്കെയാണ് ഇതുവരെ നിരന്തരം ചർച്ച ചെയ്തിരുന്നതെങ്കിൽ ഇനിയതുമാത്രം പോരെന്ന് വ്യക്തമാക്കുന്ന പഠനമാണിത്. പുകവലി ശീലമാക്കുന്നവരിൽ മുടികൊഴിച്ചിലിനും നരയ്ക്കുന്നതിനും സാധ്യത കൂടുതലാണെന്നാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ നേരത്തേ കഷണ്ടിയെത്തുന്നുവെന്നും മുടി നരയ്ക്കുന്നുവെന്നും ഗവേഷകർ പറയുന്നു. പുകവലിക്കുന്നതുമൂലം നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ കെമിക്കലുകൾ ശരീരത്തിലെത്തുകയും ഇത് ശരീരത്തിൽ വീക്കം, തലയോട്ടിയിലേക്ക് രക്തപ്രവാഹം കുറയ്ക്കുക, സമ്മർദം കൂട്ടുക തുടങ്ങിയവയ്ക്ക് കാരണമാവുകയും അതുവഴി മുടികൊഴിച്ചിലിലേക്കും നരക്കുന്നതിലേക്കും നയിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
പുകവലിക്കുന്നത് രക്തചംക്രമണത്തെ ബാധിക്കുകയും രക്തക്കുഴലുകൾ ചുരുങ്ങുന്നതുമൂലം തലയോട്ടിയിലേക്കെത്തുന്ന ഓക്സിജന്റെ അളവും പോഷകങ്ങളും കുറയുമെന്നും ഇതാവാം മുടികൊഴിച്ചിലിലേക്ക് നയിക്കുന്നതെന്നുമാണ് വിദഗ്ധരുടെ വാദം. എന്നുകരുതി പുകവലിക്കുന്ന എല്ലാവരും കഷണ്ടിയാകണമെന്നില്ലെന്നും പക്ഷേ ഇതിനുള്ള സാധ്യത കൂടുതലാകാമെന്നുമാണ് ഗവേഷകർ പറയുന്നത്.
പുകവലിശീലം നിർത്താൻ ചില ടിപ്സ്
നിക്കോട്ടിൻ ആസക്തി അധികമാവുമ്പോൾ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.. സിനിമ കാണുകയോ പാട്ട് കേൾക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയിൽനിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും. ചിലപ്പോൾ വെള്ളത്തിനുവേണ്ടി ദാഹിക്കുമ്പോൾ അത് പുകവലിക്കാനുള്ള സിഗ്നലായി നാം തെറ്റിധരിച്ചേക്കാം. അതിനാൽ, അടുത്ത തവണ സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കുന്നത് നല്ലതായിരിക്കും.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാൽ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിലെ എൻഡോർഫിനുകൾ നമ്മളിൽ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തിൽ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.
പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽനിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധ പുലർത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനിൽക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകൾ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങൾ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊക്കെ വളരെയധികം ഉപകാരപ്രദമാണ്.
നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. പൊതുവേ ഈ തെറാപ്പി സ്വന്തമായി ചെയ്യാമെങ്കിലും നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഡോക്ടറുമായോ ഫാർമസിസ്റ്റുമായോ ബന്ധപ്പെടാവുന്നതാണ്. അടുത്തത്, ആയിരിക്കുന്ന അവസ്ഥകളിലും ചെയ്യുന്ന കാര്യങ്ങളിലും സമ്പൂർണ മനസാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക എന്നതാണ്. ഇത് മാനസിക സമ്മർദം, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുകയും അതുവഴി നിക്കോട്ടിൻ ആസക്തി കുറയ്ക്കുകയും ചെയ്യും.
പുകവലി ഉപേക്ഷിക്കൽ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാൻ കഴിയില്ല. ഒരോ ദിവസവും നാം നേടിയ ചെറിയ പുരോഗതിയെപ്പോലും അഭിനന്ദിക്കുകയും കൂടുതൽ പുരോഗതിയ്ക്കായി സ്വയം പ്രോത്സാഹിപ്പിക്കുകയും വേണം. ഇത്തരത്തിൽ, പതിയെപ്പതിയെ, നമുക്ക് വിജയകരമായി പുകവലി പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും.
Content Highlights: Discover how smoking significantly increases the risk of hair loss and premature graying, impacting your scalp`s health
Published: 19 Feb 2026, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented