കോഴിക്കോട്: നട്ടെല്ലിലെ വളവ് (സ്‌കോളിയോസിസ്) ഭേദമാക്കാനുള്ള ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ കാത്തിരിക്കേണ്ടത് രണ്ടുവര്‍ഷം. നിലവില്‍ 32 രോഗികളാണ് രജിസ്റ്റര്‍ചെയ്ത് ഊഴം കാത്തിരിക്കുന്നത്. കൗമാരപ്രായത്തില്‍ത്തന്നെ ചികിത്സിച്ച് ഭേദമാക്കേണ്ട രോഗമാണിത്. കൂടാതെ, 18 വയസ്സുകഴിഞ്ഞാല്‍ സൗജന്യ ഇന്‍ഷുറന്‍സ് സ്‌കീമില്‍നിന്ന് പുറത്താകുകയും ചെയ്യും. രണ്ടരമുതല്‍ മൂന്നുലക്ഷം രൂപവരെയാണ് പൂര്‍ണ ഇന്‍ഷുറസ് ആനുകൂല്യം. എന്നാല്‍, 18 വയസ്സ് പിന്നിട്ടവര്‍ക്ക് കാസ്പ് പദ്ധതിയില്‍ ലഭിക്കുന്ന ആനുകൂല്യം 70,000 രൂപമാത്രം.

To advertise here,

സ്വകാര്യ ആശുപത്രികളില്‍ ഏഴുമുതല്‍ എട്ടുലക്ഷം വരെയാണ് സ്‌കോളിയോസിസ് കറക്ഷന്‍ ശസ്ത്രക്രിയക്ക് ഈടാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കായി ടേബിള്‍ കിട്ടാത്തതാണ് കാത്തിരിപ്പ് ഇത്രയേറെ നീണ്ടുപോകുന്നതിന് കാരണമെന്ന് എല്ലുരോഗവിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. ആറാഴ്ചയില്‍ ഒരുദിവസമാണ് എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്ക്ക് ടേബിള്‍ ലഭിക്കുന്നത്. 2002-ല്‍ കേരളത്തിലാദ്യമായി ശസ്ത്രക്രിയ തുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്.

മാസത്തില്‍ രണ്ടുദിവസം ശസ്ത്രക്രിയാ ടേബിള്‍ അനുവദിക്കുകയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കുറവുനികത്തുകയും ചെയ്താല്‍ രോഗികള്‍ക്ക് ആശ്വാസകരമാകുംവിധം സ്‌കോളിയോസിസ് കറക്ഷന്‍ സര്‍ജറിയുടെ എണ്ണം കൂട്ടാനാകുമെന്ന് അസി. പ്രൊഫസര്‍ ഡോ. അരുണ്‍പ്രകാശ് പറഞ്ഞു.