മത്തനും മുളകും സെലറിയും പോലുള്ള പച്ചക്കറികൾക്ക് നരയെ തോൽപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. പ്രായമാകുമ്പോൾ നര സ്വാഭാവികമാണ്. എന്നാൽ, ഇത് പലപ്പോഴും ചിലർക്ക് ആത്മവിശ്വാസത്തെയും മറ്റും ബാധിച്ച് മാനസികപ്രയാസം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സ്വാഭാവികപ്രക്രിയയ്ക്ക് കാലതാമസം വരുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഗവേഷകർ പ്രതീക്ഷാവഹമായ ചില കാര്യങ്ങൾ കണ്ടെത്തി. ചില പച്ചക്കറികളിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റായ ല്യൂട്ടോലിൻ നര കുറയ്ക്കാൻ സഹായിക്കും. ല്യൂട്ടോലിൻ ഉപയോഗിച്ചുള്ള ചികിത്സകൾ മുടിയുടെ നിറത്തിന് കാരണമായ സ്റ്റെം സെല്ലുകളെ പരിപോഷിപ്പിച്ച് നരച്ചമുടിയുടെ വളർച്ച കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.

To advertise here,

രോമകൂപത്തിലെ രണ്ടുതരം സ്റ്റെം സെല്ലുകൾക്കിടയിൽ സംഭവിക്കുന്ന സിഗ്നലിങ്ങിലാണ് ഗവേഷകർ ശ്രദ്ധകേന്ദ്രീകരിച്ചത്. ഫോളികുലാർ കെരാറ്റിനോസൈറ്റ് സ്റ്റെം സെൽ, ഫോളികുലാർ മെലനോസൈറ്റ് സ്റ്റെം സെൽ എന്നിവയ്ക്കിടയിൽ സംഭവിക്കുന്ന എൻഡോതെലിനുകൾ ഉൾപ്പെടുന്ന സിഗ്നലിങ് തെറ്റുമ്പോഴാണ് മുടി നരയ്ക്കുന്നത്. ഈ പ്രക്രിയയെ തടയാൻ ശക്തമായ ഒരു സഹായിയെ ആവശ്യമാണ്.

ഹെസ്പെറെറ്റിൻ, ഡയോസ്മെറ്റിൻ, ല്യൂട്ടോലിൻ എന്നീ ആന്റിഓക്സിഡന്റുകളുടെ സ്വാധീനം പരീക്ഷിക്കുകയാണ് ചെയ്തത്. മനുഷ്യർക്ക് പ്രായമാകുമ്പോൾ നരച്ചമുടി വളരുന്നതിന് സമാനമായ രീതിയിൽ നരച്ചരോമങ്ങൾ വളരുന്ന എലികളെ പ്രത്യേകം തയ്യാറാക്കി പരീക്ഷണം നടത്തി.

ഹെസ്‌പെറെറ്റിൻ, ഡയോസ്മെറ്റിൻ എന്നിവയ്ക്ക് വലിയ ഫലമൊന്നും നൽകാനായില്ല. പക്ഷേ, ല്യൂട്ടോലിൻ ഉപയോഗിച്ചുനടത്തിയ ചികിത്സകൾവഴി മുടിനരയ്ക്കാതെ സംരക്ഷിക്കാൻ സാധിച്ചു.

ഏജിങ് മാർക്കർ കുറയ്ക്കുകയും എൻഡോതെലിൻ 1-ന്റെ പ്രവർത്തനത്തെ കൂട്ടുകയുംചെയ്യുന്നതിനാൽ വാർധക്യത്തിലെ ചർമസംരക്ഷണത്തിനും ല്യൂട്ടോലിൻ പ്രയോജനപ്പെടുത്താമെന്ന് പഠനം തെളിയിച്ചു. വേദനകുറയ്ക്കാനും അർബുദചികിത്സയിലും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഇത് സഹായിക്കും.

എന്നാൽ, സപ്ലിമെന്റായി ഉപയോഗിക്കുമ്പോഴുള്ള ഫലപ്രദമായ അളവും സുരക്ഷിതമായ മാർഗനിർദേശങ്ങളും കണ്ടെത്താനുണ്ടെന്ന് പഠനത്തിന് നേതൃത്വംനൽകിയ ഡോ. മസാഷി കാറ്റോ പറഞ്ഞു. പലതരം മുളക്, ആർട്ടിചോക്കുകൾ, മത്തങ്ങ, സെലറി എന്നിവ ധാരാളം കഴിക്കാനാണ് ഗവേഷകർ നിർദേശിക്കുന്നത്. ‘ആന്റിഓക്സിഡന്റ്സ്’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.