കണ്ണൂർ: ഒരുകൂട്ടം വൈറസുകൾ മലയാളികളെ ശ്വാസംമുട്ടിക്കുന്നു. കഠിനമായ ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ, ശബ്ദമടപ്പ് എന്നിവയുമായി അനേകമാളുകൾ ചികിത്സയിലാണ്. ചെറുപ്പക്കാരിൽപ്പോലും അസുഖം ഭേദമാകാൻ നാലാഴ്ചയിൽ കൂടുതലെടുക്കുന്നു. ആസ്ത്മ, സി.ഒ.പി.ഡി. രോഗികളിൽ നില വഷളാവുകയാണ്. യുവാക്കളിൽപ്പോലും വൈറൽ ന്യുമോണിയ ബാധിച്ച് കിടത്തിച്ചികിത്സ വേണ്ടിവരുന്നുമുണ്ട്.
ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ്, സാർസ്-കോവ്-2 വൈറസ് എന്നിവയുടെ മാറിമാറിയുള്ള ആക്രമണമാണ് കടുത്ത ശ്വാസകോശരോഗത്തിന് വഴിവെക്കുന്നത്. മൂന്ന് വൈറസുകളുമുള്ള ട്രിപ്പിൾഡമിക് എന്ന അവസ്ഥയാവാമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു. ഇതിനുപുറമേ റൈനോ വൈറസ്, പാരഇൻഫ്ലുവൻസ വൈറസ് എന്നിവയുമുണ്ടാകാം. ഒരേസമയത്തുതന്നെ ഒന്നിലധികം വൈറസ്ബാധ ഒരാളിൽ ഉണ്ടായെന്നും വരാം.
വൈറസ് ശ്വാസനാളികളിൽ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കും. അതുമൂലമുണ്ടാകുന്ന ബ്രോങ്കൈറ്റിസ്, ഫാരിൻജൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ് എന്നിവയൊക്കെ വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാവാം. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ പ്രൊഫസർ ഡോ. പി.എസ്. ഷാജഹാൻ പറയുന്നു.
‘‘കോവിഡിനുശേഷം പലരിലും ശ്വാസകോശത്തിന്റെ ആരോഗ്യം മോശമായിട്ടുണ്ട് എന്നത് അസുഖം തീവ്രമാവുന്നതിന് ഒരു കാരണമാകാം. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ അപകടസാധ്യത കുറയ്ക്കാൻ ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു’’ -ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പത്മകുമാർ പറയുന്നു.
വൈറസ്ബാധ ഉണ്ടായാൽ
- ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി.) ഉള്ളവരിൽ രോഗം കൂടുതൽ വഷളാവുന്നു. ആന്റിവൈറൽ മരുന്നുകളും ചികിത്സാക്രമത്തിൽ ഉൾപ്പെടുത്തുന്നു.
- ഇതുവരെ ആസ്ത്മ സമാന ലക്ഷണങ്ങൾ ഇല്ലാത്തവരിൽപ്പോലും ചുമയും വലിവും.
- ആസ്ത്മ നിയന്ത്രിച്ചിരുന്നവരിൽ അസുഖം തിരിച്ചുവരുന്നു. വീണ്ടും ചികിത്സവേണ്ടിവരുന്നു.
- ഇൻഹേലർ ഉപയോഗിച്ച് ആസ്ത്മ നിയന്ത്രിച്ചിരുന്നവരിൽ രോഗാവസ്ഥ വഷളാവുന്നു. ഇൻഹേലറിന് പുറമേ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകൾ വേണം.
- വൈറൽ ന്യുമോണിയക്ക് കാരണമാവാം
- പ്രായമായവർ, ഗർഭിണികൾ എന്നിവരിലും പ്രമേഹം, അമിതരക്തസമ്മർദം എന്നിവ ഉള്ളവരിലും രോഗതീവ്രത കൂടാം.
Content Highlights: respiratory diseases on the rise
Published: 13 Apr 2024, 09:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented