പെയിന്റിലും മറ്റും ഉപയോഗിക്കുന്ന ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും

ചെന്നൈ: കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്രിഫ് ചുമമരുന്നിന്റെ നിർമാതാക്കളായ കാഞ്ചീപുരത്തെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് മരുന്നു നിർമാണത്തിൽ പാലിക്കേണ്ട 350 മാനദണ്ഡങ്ങൾ ലംഘിച്ചതായി തമിഴ്‌നാട് ഡ്രഗ് കൺട്രോൾ വകുപ്പ് കണ്ടെത്തി. ചട്ടങ്ങൾ ലംഘിച്ചതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിൽ നിർമിച്ച ചുമമരുന്നാണ് ഉത്തരേന്ത്യയിൽ കുട്ടികളുടെ മരണത്തിന് കാരണമായതെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ വകുപ്പ് പരിശോധന നടത്തിയത്. കാഞ്ചീപുരം സുങ്കുവർഛത്രത്തിലെ വ്യവസായ മേഖലയിലെ ശ്രീശന്റെ കമ്പനി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി.
യോഗ്യതയുള്ള ജീവനക്കാരില്ല, ശുചിത്വമില്ല, അസംസ്കൃത വസ്തുക്കളുടെ ഗുണമേൻമ പരിശോധിക്കാൻ സംവിധാനമില്ല, നിർമാണസ്ഥലത്ത് മതിയായ കാറ്റും വെളിച്ചവുമില്ല, നിർമാണോപകരണങ്ങൾക്ക് ഗുണമേൻമയില്ല, അസംസ്കൃത വസ്തുക്കൾക്ക് മരുന്നുണ്ടാക്കാൻ വേണ്ട ഗുണമില്ല, പുറംതള്ളുന്ന മാലിന്യം പരിശോധിക്കുന്നതിനും സംസ്കരിക്കുന്നതിനും സംവിധാനമില്ല എന്നിങ്ങനെ 350 വീഴ്ചകളാണ് അധികൃതർ കണ്ടെത്തിയത്.
വീഴ്ചകൾ ചൂണ്ടിക്കാണിച്ചും വിശദീകരണങ്ങൾ ആവശ്യപ്പെട്ടും കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ലൈസൻസ് റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കമ്പനി നേരത്തേതന്നെ മുദ്രവെച്ചതുകൊണ്ട് ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നോട്ടീസ് ചുമരിൽ പതിക്കുകയാണ് ചെയ്തത്.
ഇവിടെ നിർമിച്ച ഒരു ബാച്ച് മരുന്നിൽ ‘ഡൈഎത്തിലിൻ ഗ്ലൈക്കോൾ’ എന്ന പദാർഥം വൻതോതിൽ കണ്ടെത്തിയിരുന്നു. പെയിന്റിലും മറ്റും ഉപയോഗിക്കുന്ന ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും. മരുന്നു സിറപ്പുകളിൽ ലായകമായുപയോഗിക്കുന്ന പ്രൊപ്പിലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവിന്റെ ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണ് ഉപോത്പന്നമായി ഡൈഎത്തിലിൻ ഗ്ലൈക്കോളുണ്ടാവുന്നത്.
Published: 08 Oct 2025, 09:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented