മധുരത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഇപ്പോഴിതാ ഗർഭകാലം മുതൽ കുഞ്ഞ് ജനിച്ചുള്ള ആദ്യരണ്ടു വർഷങ്ങൾ വരെ മധുരം കുറയ്ക്കുക വഴി കുട്ടികളിൽ ഭാവിയിലുണ്ടാകാവുന്ന പ്രമേഹരോഗ സാധ്യത കുറയ്ക്കാനാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഗർഭകാലം മുതൽ കുഞ്ഞ് ജനിച്ചുള്ള ആദ്യവർഷങ്ങൾ ഉൾപ്പെടെയുള്ള 1000 ദിവസങ്ങളിൽ മധുരം കുറയ്ക്കുന്നതിലൂടെ പിൽക്കാലത്തെ ടൈപ് 2 ഡയബറ്റിസ് സാധ്യതയും ഹൈപ്പർടെൻഷൻ സാധ്യതയും കുറയ്ക്കാനാവുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. സയൻസ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗർഭം ധരിച്ചതിനുശേഷമുള്ള 1000 ദിവസങ്ങളിൽ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക വഴിയുണ്ടായ മാറ്റങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. യു.കെ. ബയോബാങ്കിൽ നിന്നുള്ള ഡേറ്റയാണ് പഠനത്തിനായി സ്വീകരിച്ചത്. വർഷങ്ങളാളം 60,000 പേരുടെ ആരോഗ്യവിവരങ്ങൾ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഗർഭം ധരിച്ചത് മുതലുള്ള 1000 ദിവസം മധുര ഉപയോഗം കുറച്ചവരുടെ കുഞ്ഞുങ്ങളിൽ ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ സാധ്യത യഥാക്രമം മുപ്പത് ശതമാനവും ഇരുപത് ശതമാനവും കുറഞ്ഞുവെന്ന് കണ്ടെത്തി.
ഗർഭകാലം മുതൽ കുഞ്ഞിന് രണ്ടുവയസ്സാകുന്നതു വരെയുള്ള (പ്രത്യേകിച്ച് കട്ടിയുള്ള ആഹാരംകഴിച്ചുതുടങ്ങുന്ന ആറുമാസംമുതൽ ) സമയംവരെ മധുരം കുറയ്ക്കുന്നത് ഗുണംചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. കാരണം ഈ കാലമാണ് ചയാപചയ പ്രവർത്തനങ്ങൾ നിർണയിക്കുന്നതിൽ പ്രധാനം. ഈ ഘട്ടത്തിൽ ശരീരത്തിൽ മധുരത്തിന്റെ അളവ് കൂടുതലെത്തുന്നത് ഇൻസുലിൻ പ്രതിരോധത്തിനും ഡയബറ്റിസ് ഉണ്ടാകുന്നതിനും കാരണമാകും. കൂടാതെ കുട്ടികളിൽ അമിതവണ്ണം, പല്ലിന് കേട്, പോഷകാഹാരക്കുറവ് തുടങ്ങിയവയ്ക്കും മധുരത്തിന്റെ അളവ് കൂടുന്നത് കാരണമാകും. മാത്രമല്ല വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ തന്നെ മധുരമുള്ളവ കൂടുതൽ കഴിക്കുകവഴി രുചിമുകുളങ്ങളെ ബാധിക്കുകയും മധുരമുള്ളവയോട് ആസക്തി വർധിപ്പിക്കുകയും ചെയ്യുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഗർഭകാലം മുതലുള്ള ആദ്യത്തെ ആയിരം ദിവസങ്ങൾ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും പ്രതിരോധസംവിധാനത്തെയുമൊക്കെ നിർണയിക്കുന്നതാണ്. ഇക്കാലത്ത് അനാരോഗ്യകരമായ മധുരം കൂടിയ പദാർഥങ്ങൾ കഴിക്കുന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും അണുബാധകൾ ഇടയ്ക്കിടെ വരുന്നതിന് കാരണമാവുകയും ചെയ്യും.
ടൈപ്പ് 2 ഡയബറ്റിസ്
ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് ഇന്‍സുലിന്‍ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാന്‍ക്രിയാസിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങള്‍, ജനിതക ഘടന, പൊണ്ണത്തടി എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.
Content Highlights: How sugar restrictions in early life could reduce the risk of diabetes later on
Published: 20 Dec 2024, 08:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented