ആരാധകരെ അമ്പരപ്പിക്കുന്ന മാറ്റമായിരുന്നു നടൻ റാം കപൂർ തന്റെ ശരീരഭാരം കുറയ്ക്കുന്നതുവഴി വരുത്തിയത്. ഇപ്പോഴിതാ, ആരോ​ഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടർമാർ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. പ്രമേഹവും പക്ഷാഘാതവും പോലുള്ള പ്രശ്നങ്ങൾ ബാധിച്ചേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

To advertise here,

ഒരു പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ നടൻ തുറന്നുപറഞ്ഞത്. താൻ ഒറ്റയ്ക്ക് ഒരു കെ.എഫ്.സി ബക്കറ്റ് മുഴുവൻ കഴിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഞാൻ സ്കോട്ട്‌ലൻഡിൽ നീയാത് ഷൂട്ട് ചെയ്യുമ്പോൾ ആരോ​ഗ്യാവസ്ഥ വളരെ മോശമായിരുന്നു. ഓരോ ഭക്ഷണത്തിനും മുൻപും ദിവസം മൂന്നു തവണ ഇൻസുലിൻ ഷോട്ടുകൾ എടുക്കുകയായിരുന്നു. എനിക്ക് 140 കിലോ ഭാരമുണ്ടായിരുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരുന്നു. ഒരുപാട് ജോലി ചെയ്യുകയും ആരോഗ്യപരമായി വളരെ മോശമായിരിക്കുകയും ചെയ്യുന്നതിനാൽ ഡയബറ്റിക് സ്ട്രോക്ക് വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. അത്രയ്ക്ക് അനാരോഗ്യവാനായിരുന്നു ഞാൻ. ഒരു മാറ്റം അത്യാവശ്യമായിരുന്നു. അല്ലാത്തപക്ഷം ഞാൻ അധികനാൾ ജീവിച്ചിരിക്കില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.