കാസർകോട്: ഹൃദയത്തിന് ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് രക്തം പമ്പുചെയ്യാൻ കഴിയാതെ വരുന്ന ഹാർട്ട് ഫെയിലിയർ ചികിത്സയിൽ വലിയ മുന്നേറ്റവുമായി നൂതന മരുന്നുകളും ഹൃദയോപകരണങ്ങളും. രോഗികളുടെ ആയുസ്സ് വർധിപ്പിക്കാനും ആവർത്തിച്ചുള്ള ആശുപത്രിവാസം കുറയ്ക്കാനും പുതിയ ചികിത്സാരീതികൾ സഹായിക്കുമെന്ന് ഹൃദ്രോഗ വിദഗ്ധർ.

To advertise here,

ബേക്കൽ താജ് ഗേറ്റ്‌വേയിൽ ശനിയാഴ്ച ആരംഭിച്ച ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി (ഐസിസി) കേരള ചാപ്റ്റർ വാർഷിക സമ്മേളനത്തിലാണ് പുതിയ വൈദ്യശാസ്ത്ര മുന്നേറ്റങ്ങൾ ചർച്ചയായത്.

രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിൽമാത്രം ഹാർട്ട് ഫെയിലിയർ ചികിത്സ ഒതുങ്ങുന്നില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഐസിസി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ പറഞ്ഞു. നൂതന ചികിത്സകളിലൂടെ രോഗികളുടെ ആയുസ്സ് വർധിപ്പിക്കാനും ആശുപത്രിവാസം കുറയ്ക്കാനും സാധിക്കും. കൂടുതൽ സജീവമായ ജീവിതം നയിക്കാനും പുതിയ ചികിത്സാരീതികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിവിധ മരുന്നുകൾ സംയോജിപ്പിച്ച് നൽകുന്നതിനാണ് പുതിയ അന്താരാഷ്ട്ര ചികിത്സാ മാർഗനിർദേശങ്ങൾ ഊന്നൽ നൽകുന്നത്.

ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ മോശമാകാതെ നോക്കുന്നതിനാണ് ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. പി. രവീന്ദ്രൻ പറഞ്ഞു. രോഗം നേരത്തേ കണ്ടെത്തി ഫലപ്രദമായ മരുന്നുകൾ യഥാസമയം നൽകുന്നത് നിർണായകമാണ്. ശരിയായ മരുന്നുകൾ സംയോജിപ്പിച്ചുള്ള ചികിത്സ ദീർഘകാല ഫലം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹാർട്ട് ഫെയിലിയർ ചികിത്സയിലെ പുതിയ മാർഗനിർദേശങ്ങളും മരുന്നുകൾ നൽകിയിട്ടും രോഗലക്ഷണങ്ങൾ തുടരുന്നവർക്കുള്ള ചികിത്സകളും സമ്മേളനത്തിൽ ചർച്ചയായി.

എല്ലാ ഹാർട്ട് ഫെയിലിയർ രോഗികൾക്കും ഒരേ ചികിത്സ ഫലപ്രദമാകണമെന്നില്ലെന്ന് ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. സി.വി. ഉമേശൻ പറഞ്ഞു. ചിലർക്ക് മരുന്നുകളിൽ മാറ്റം വരുത്തിയാൽ മതിയാകും. മറ്റുചിലർക്ക് പ്രത്യേക ഹൃദയോപകരണങ്ങളോ കൂടുതൽ സങ്കീർണമായ ചികിത്സകളോ ആവശ്യമായിവരും. ഓരോ രോഗിയുടെയും അവസ്ഥ വിലയിരുത്തി അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയത്തിന്റെ പമ്പിങ് പ്രവർത്തനം മെച്ചപ്പെടുത്തുന്ന പ്രത്യേക പേസ്മേക്കറുകൾ, അപകടകരമായ ഹൃദയമിടിപ്പുകൾ നിയന്ത്രിക്കുന്ന ഉപകരണങ്ങൾ, ഹൃദയവാൽവുകളിലെ ചോർച്ച പരിഹരിക്കുന്ന നൂതന ചികിത്സകൾ എന്നിവയും വിദഗ്ധർ അവതരിപ്പിച്ചു.

ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയശേഷമുള്ള പരിചരണത്തിനും തുല്യപ്രാധാന്യമുണ്ടെന്ന് ഡോ. ഉമേശൻ വ്യക്തമാക്കി. കൃത്യമായ തുടർപരിശോധനയും ആവശ്യാനുസരണം മരുന്നുകളിൽ മാറ്റം വരുത്തുന്നതും രോഗം നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിന്റെ പ്രവർത്തനം മോശമാകുന്നതിന്റെ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തിയാൽ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നത് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐസിസി കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ഇ. രാജീവ്, സെക്രട്ടറി ഡോ. സി.ഡി. രാമകൃഷ്ണ, ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. പി. രവീന്ദ്രൻ, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. സി.വി. ഉമേശൻ, ട്രഷറർ ഡോ. തോമസ് മാത്യു എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.

സ്മാർട്ട് വാച്ചുകൾ വഴി ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ കണ്ടെത്തൽ, ഹൃദ്രോഗ സാധ്യത വിലയിരുത്താൻ ആവശ്യമായ പരിശോധനകൾ, കൊളസ്ട്രോൾ നിയന്ത്രണത്തിനുള്ള പുതിയ മരുന്നുകൾ, സങ്കീർണ ആൻജിയോപ്ലാസ്റ്റി ചികിത്സയിലെ മുന്നേറ്റങ്ങൾ തുടങ്ങിയവയും സമ്മേളനത്തിൽ ചർച്ചയായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറിലേറെ ഹൃദ്രോഗ വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ഞായറാഴ്ച സമാപിക്കും.