കണ്ണൂർ: അപകടഘടകങ്ങളെ മാറ്റിനിർത്തിയിരുന്നെങ്കിൽ ലോകത്തുണ്ടായ കാൻസറുകളിൽ അഞ്ചിൽ രണ്ടും തടയാമായിരുന്നുവെന്ന് പഠനം. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ലോകാരോഗ്യ സംഘടനയ്ക്ക് കീഴിലുള്ള യുണൈറ്റഡ് നാഷൻസ് കാൻസർ ഏജൻസി എന്നിവയിലെ ഗവേഷകരടക്കം നടത്തിയ ബൃഹദ് പഠനത്തിലാണ് വെളിപ്പെടുത്തൽ. 185 രാജ്യങ്ങളിൽനിന്നായി 1.87 കോടി കാൻസർ കേസുകൾ വിശകലനം ചെയ്ത റിപ്പോർട്ട് നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ചു. 36 തരം കാൻസറുകളെയാണ് പഠനവിധേയമാക്കിയത്. 2022-ലെ ഡേറ്റയാണ് പഠനവിധേയമാക്കിയത്.

To advertise here,

ശ്വാസകോശം, ആമാശയം, ഗർഭാശയഗളം എന്നിവിടങ്ങളിലെ കാൻസറുകളാണ് ഒഴിവാക്കാമായിരുന്നവയിൽ മുഖ്യം. പുരുഷന്മാരിൽ 45.4 ശതമാനവും സ്ത്രീകളിൽ 30 ശതമാനവും കാൻസർ ഇത്തരത്തിൽ ഒഴിവാക്കാം.

ഒഴിവാക്കാനാകുന്ന അപകട ഘടകങ്ങൾ: പുകവലി, പുകയില ഉപയോഗം, അണുബാധ, മദ്യപാനം, തടിയും ഭാരവും കൂടുന്നത് കാരണമുള്ള ഉയർന്ന ബോഡിമാസ് ഇൻഡക്സ്, വ്യായാമരഹിത ജീവിതം. അന്തരീക്ഷ മലിനീകരണം.

ഗർഭാശയഗള കാൻസറിന് വഴിവെക്കുന്ന ഹ്യുമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി.), ആമാശയത്തെ ബാധിക്കുന്ന ഹെലിക്കോബാക്ടർ പൈലോറി അണുബാധ എന്നിവയാണ് സ്ത്രീകളിൽ ഏറ്റവും ഭീഷണി. എച്ച്.പി.വി. വാക്സിൻ സ്വീകരിച്ചാൽ ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാം. 11-12 വയസ്സുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകേണ്ടത്.

എച്ച്. പൈലോറി അണുബാധ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാനാകും. അസന്തുലിതവും അനാരോഗ്യകരവുമായ ഭക്ഷണം, വ്യായാമരഹിത ജീവിതം എന്നിവ ബോഡിമാസ് ഇൻഡക്സ് (ബി.എം.ഐ.) കൂടാനും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിക്കാനും ഇടയാക്കുന്നതായും പഠനത്തിൽ പറയുന്നു. വർത്തമാനകാലത്തെ ജീവിതശൈലി ബി.എം.ഐ. കൂടി സ്തനാർബുദ സാധ്യത കൂടാൻ ഇടയാക്കുമെന്നും പ്രവചിക്കുന്നു.

പുകവലിയാണ് പുരുഷന്മാരിൽ ശ്വാസകോശ കാൻസർ ഉൾപ്പെടെ 12 അർബുദങ്ങൾക്ക് കാരണമാകുന്ന പ്രധാന അപകടഘടകമായി കണ്ടെത്തിയത്. 60 ശതമാനം ശ്വാസകോശ കാൻസർ കേസുകളും പുകവലി മൂലമാണ്. ലോകത്ത് 33 ലക്ഷം കാൻസർ കേസുകൾക്ക് പുകവലിയും ഏഴുലക്ഷം കേസുകൾക്ക്‌ മദ്യപാനവും കാരണമായി. ഇവയ്ക്ക്‌ പുറമെ ജനിതക ഘടകങ്ങളും കാൻസറിന്‌ കാരണമാകാം.