മ്മുടെ ആരോഗ്യത്തെ ദീർഘകാലം ബാധിക്കുന്ന പല ശീലങ്ങളും രൂപപ്പെടുന്നത് 20-കളിലും 30-കളിലുമാണ്. ഈ ശീലങ്ങൾ ഇപ്പൊഴേ ശ്രദ്ധിക്കുന്നത് പിന്നീട് പ്രമേഹം ഉണ്ടാകുമോ ഇല്ലയോ എന്നതിനെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ 20-നും 40-നും ഇടയിൽ പ്രായമുള്ള ആളുകളെ ടൈപ്പ് 2- പ്രമേഹം ബാധിക്കുന്നതായി 'രജിസ്ട്രി ഓഫ് യൂത്ത് ഓൺസെറ്റ് ഡയബറ്റിസ് ഇൻ ഇന്ത്യ' എന്ന പഠനത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 2016-ൽ ജേണൽ ഓഫ് ഡയബറ്റിസ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ക്രമരഹിതമായ ഭക്ഷണരീതിയും ജീവിതശൈലിയുമാണ് ഇവിടുത്തെ പ്രധാന വില്ലൻ.

To advertise here,

ഉദാസീനമായ ജീവിതശൈലിയും കുറഞ്ഞ വ്യായാമവും

  • ദീർഘനേരം ഇരിക്കുന്നതും പരിമിതമായ ചലനങ്ങളും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുന്നു. ഇത് പ്രമേഹം വരാനുള്ള സാധ്യത ഉയർത്തുന്നു.
  • പ്രമേഹ സാധ്യത കുറയ്ക്കാൻ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യണമെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.
  • സജീവമായ ഒരു ജീവിതശൈലി ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും പ്രമേഹത്തെ തടയാനും സഹായിക്കുന്നു.

അമിതഭാരത്തിൽ ശ്രദ്ധവേണം

  • അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, നാരുകൾ കുറഞ്ഞതും ഉയർന്ന കലോറിയുള്ളതുമായ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
  • ആരോഗ്യകരമായി ഭക്ഷണം കഴിക്കുകയും, ശരീരഭാരം നിലനിർത്തുകയും, പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവായിരുന്നു.

ആവശ്യത്തിന് ഉറങ്ങാം

  • ക്രമരഹിതമായ ഉറക്കം, ഷിഫ്റ്റ് ജോലി, രാത്രി വൈകി ഉറങ്ങുന്നത്, അതിരാവിലെ എഴുന്നേൽക്കുന്നത് എന്നിവ ചെറുപ്പക്കാർക്കിടയിൽ സാധാരണമാണ്. തടസ്സപ്പെട്ട ഉറക്കവും ബയോളജിക്കൽ ക്ലോക്കിന്റെ കൃത്യതയില്ലായ്മയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് ഇൻസുലിൻ പ്രതിരോധം വർധിപ്പിച്ചേക്കും.
  • കൃത്യമായ ഉറക്കസമയം പാലിക്കുന്നത് ആരോഗ്യകരമായ ഉപാപചയ പ്രവർത്തനത്തെ സഹായിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ക്രമരഹിതമായ ഭക്ഷണസമയം

  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിനും ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതിനും കാരണമാകുന്നു.
  • ക്രമരഹിതമായ ഭക്ഷണസമയവും ഭക്ഷണങ്ങൾക്കിടയിലുള്ള വലിയ ഇടവേളകളും ഗ്ലൈസെമിക് സ്ട്രെസ് വർധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയ്യും.
  • ചിട്ടയായ ഭക്ഷണക്രമവും പോഷകസമ്പന്നമായ പ്രഭാതഭക്ഷണവും ഉപാപചയ സ്ഥിരത നിലനിർത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ലഹരിവസ്തുക്കളോട് നോ പറയാം

  • പുകവലി ഇൻസുലിന്റെ കാര്യക്ഷമതയും പാൻക്രിയാസിന്റെ പ്രവർത്തനത്തേയും ബാധിക്കുന്നു.
  • അമിതമായ മദ്യപാനം കലോറി വർധിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും.

മാനസികാരോഗ്യം പ്രധാനം

  • ജോലി, സാമ്പത്തികം, അല്ലെങ്കിൽ ജീവിതത്തിലെ മാറ്റങ്ങൾ എന്നിവയിൽ നിന്നുള്ള ദീർഘകാല മാനസിക സമ്മർദ്ദം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം.
  • ഈ ഹോർമോണുകൾ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും, അടിവയറ്റിൽ കൊഴുപ്പടിയാൻ കാരണമാകുകയും ചെയ്യുന്നു. ഇത് പ്രമേഹ സാധ്യത വർധിപ്പിച്ചേക്കും.
  • മാനസിക സമ്മർദ്ദം പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ക്രമരഹിതമായ ഉറക്കം എന്നിവയിലേക്ക് നയിച്ചേക്കും.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)