പ്രമേഹം നിയന്ത്രിക്കുന്നവരേയും അത് തടയാൻ ആഗ്രഹിക്കുന്നവരേയും സംബന്ധിച്ച് വ്യായാമം വലിയ മാറ്റംകൊണ്ടുവരാൻ സഹായിച്ചേക്കും. സ്ഥിരമായ വ്യായാമം ശരീരത്തിന് ഇൻസുലിൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, നിങ്ങൾ എത്ര വ്യായാമം ചെയ്യുന്നു എന്നതിൽ മാത്രമല്ല കാര്യം. മറിച്ച്, എപ്പോൾ ചെയ്യുന്നു എന്നതും പ്രധാനമാണ്. ശരിയായ സമയത്തുള്ള ചെറിയ വ്യായാമങ്ങൾ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കാര്യമായ വ്യത്യാസം വരുത്തും.
വിദഗ്ധർ പറയുന്നത്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ് വ്യായാമമെന്ന് ഡോ. രാഹുൽ പരാശറിനെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പതിവായുള്ള വ്യായാമം ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്നു. ഇതുവഴി ഗ്ലൂക്കോസ് രക്തത്തിൽ തങ്ങിനിൽക്കാതെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷമുള്ള ചെറിയൊരു നടത്തം പോലും ദിവസം മുഴുവൻ ഗ്ലൂക്കോസിൻ്റെ അളവ് മികച്ച രീതിയിൽ നിലനിർത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണം കഴിച്ച് 30 മിനിറ്റിനുള്ളിൽ നടക്കുന്നത് ആഹാരത്തിന് ശേഷം ഗ്ലൂക്കോസ് സ്പൈക്ക് ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. ലഘുവായതോ മിതമായതോ ആയ വ്യായാമങ്ങങ്ങളും സഹായിച്ചേക്കാം.
സ്ഥിരത പ്രധാനം
വ്യായാമമെന്നാൽ ജിമ്മിൽ പോയി ചെയ്യുന്ന കഠിനമായ പരിശീലനം മാത്രമല്ല. തീവ്രതയേക്കാൾ പ്രധാനമാണ് സ്ഥിരതയെന്ന് വിദഗ്ധർ പറയുന്നു. പേശികളുടെയും സന്ധികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആഴ്ചയിൽ 150 മിനിറ്റ് മിതമായ രീതിയിലും രണ്ട് നേരം ലഘുവായ റെസിസ്റ്റൻസ് പരിശീലനവും ശീലമാക്കുക.
സ്ഥിരമായുള്ള വ്യായാമം ഹൃദയാരോഗ്യത്തിനും മനോനില മെച്ചപ്പെടുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കും. ഇവയെല്ലാം പ്രമേഹമുള്ളവരേയും അത് വരാൻ സാധ്യതയുള്ളവരേയും സംബന്ധിച്ച് നിർണായകമാണ്.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover the best times and effective ways to exercise for diabetes management. Improve insulin sensitivity and control blood sugar levels with expert advice.
Published: 08 Nov 2025, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented