മധുരമാർന്ന ശീതളപാനീയങ്ങൾക്ക് അടിമകളായിട്ടുള്ളവർ നിരവധിയാണ്. ആഡഡ് ഷു​ഗർ അമിതമായ അളവിലുള്ള ഇവ കുടിക്കുക വഴി അമിതവണ്ണം, പ്രമേഹം, ഹൃദ്രോ​ഗങ്ങൾ, രക്തസമ്മർദം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചിലരാകട്ടെ ഇത്തരത്തിലുള്ള മധുരപാനീയങ്ങൾ നിരന്തരം കുടിക്കുമ്പോഴും മതിയായ വ്യായാമം ചെയ്യുന്നുണ്ടല്ലോയെന്ന് മറുന്യായം പറയുന്നവരാണ്. എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നു വ്യക്തമാക്കുകയാണ് ഒരു പഠനം. എത്രതന്നെ വ്യായാമം ചെയ്യുന്നവരാണെങ്കിലും മധുരമാർന്ന ശീതളപാനീയങ്ങൾ നിരന്തരം കുടിക്കുന്നവരാണെങ്കിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. 

To advertise here,

ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.  പഞ്ചസാര പാനീയങ്ങൾ കുടിക്കുന്നവരാണെങ്കിൽ ആഴ്ച്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്താലും കാര്യമില്ലെന്നാണ് ​ഗവേഷകർ പറയുന്നത്. ഹൃദ്രോ​ഗങ്ങളെ പ്രതിരോധിക്കാൻ ലോകാരോ​ഗ്യസംഘടന നിർദേശിക്കുന്നത് ആഴ്ച്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്നാണ്. എന്നാൽ വ്യായാമം കൊണ്ടുമാത്രം കാര്യമില്ലെന്നു വ്യക്തമാക്കുകയാണ് ഈ ​ഗവേഷകർ. 

ആഴ്ച്ചയിൽ രണ്ടുതവണയിലേറെ ഇത്തരം പാനീയങ്ങൾ കുടിക്കുന്നവരിൽ ഹൃദ്രോ​ഗസാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ഏകദേശം ഒരുലക്ഷത്തോളം പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആഴ്ച്ചയിൽ രണ്ടുതവണമാത്രം ഇവ കുടിക്കുന്നു എന്നത് ചെറിയതോതല്ലേ എന്നു കരുതുമ്പോഴും അവയ്ക്ക് ഹൃദയാരോ​ഗ്യത്തെ വിപരീതമായി ബാധിക്കാൻ കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്. മാത്രമല്ല എത്രത്തോളം ഇവ കുടിക്കുന്നതിന്റെ അളവ് കൂടുന്നോ അതിനനുസരിച്ച് ഹൃദയാരോ​ഗ്യം അപകടകരമാകാം എന്നും ​ഗവേഷകർ പറയുന്നുണ്ട്. 

ഇത്തരം പാനീയങ്ങളുടെ ഉപഭോ​ഗത്തിൽ ആളുകൾ കൂടുതൽ കരുതലെടുക്കണമെന്നാണ് തങ്ങളുടെ പഠനത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. 

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. 

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.