ഹൃദയാരോഗ്യം കാക്കുന്ന കാര്യം വരുമ്പോൾ കൊളസ്ട്രോൾ നില മാത്രം പരിഗണിച്ചാൽ മതിയെന്നു കരുതുന്നവരുണ്ട്. എന്നാൽ കൊളസ്ട്രോൾ മാത്രമല്ല, മാനസികാരോഗ്യവും ദൈനംദിന ശീലങ്ങളുമെല്ലാം ഇക്കാര്യത്തിൽ പ്രധാനമാണെന്നു പറയുകയാണ് അരിസോണയിൽ ഹൃദ്രോഗവിദഗ്ധനായ ഡോ. ജാക്ക് വോൾഫ്സൺ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജാക്ക് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ‌

To advertise here,

കൊളസ്‌ട്രോളിനുള്ള സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കുന്നുവെന്നതുകൊണ്ടു മാത്രം ഹൃദയാഘാതത്തെ ചെറുക്കാനാവില്ലെന്ന് ഡോ.ജാക്ക് പറയുന്നു. സ്റ്റാറ്റിൻ മരുന്നുകളെടുക്കുന്നത് കൊളസ്ട്രോൾ നില കുറയ്ക്കും. എന്നാൽ അതുകൊണ്ടുമാത്രം ഹൃദയാഘാതത്തെ തടയാനാവില്ല. എന്തുകൊണ്ടാണ് ഹൃദയാഘാതമുണ്ടാകുന്നതെന്നും കഴിക്കുന്ന ഭക്ഷണവും ജീവിതരീതിയും ചിന്തകളുമൊക്കെ എങ്ങനെ അതിനെ സ്വാധീനിക്കുന്നുവെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.‌

ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതം, ആരോഗ്യകരമായ ചിന്ത എന്നിവയ്ക്കൊപ്പം പരിശോധനകൾക്കും ഊന്നൽ നൽകുന്ന സമീപനമാണ് താൻ നിർദേശിക്കുകയെന്ന് ഡോ.ജാക്ക് പറയുന്നു. കൊളസ്ട്രോൾ നിലയ്ക്ക് പ്രാധാന്യം നൽകിയുള്ള പരിശോധനാരീതികളാണ് പരമ്പരാഗതമായി സ്വീകരിച്ചുവരാറുള്ളതെന്നും 25 വർഷത്തിലേറെയായി കാർഡിയോളജിസ്റ്റായി ജോലി ചെയ്യുന്ന ജാക്ക് പറയുന്നു. അതിനൊപ്പം ഭക്ഷണരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ശീലങ്ങൾ, മാനസിക ഘടകങ്ങൾ എന്നിവ കൂടി പരിഗണിച്ച് വിലയിരുത്തുന്നതിലൂടെ അപകടസാധ്യത കണക്കാക്കൽ എളുപ്പമാകുമെന്നും ഡോ.ജാക്ക് കൂട്ടിച്ചേർക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾതന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ തുടക്കം ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.