ഉറങ്ങാന്‍ നേരം ഫോണില്‍ നോക്കിയിരിക്കുന്നത് ശീലമാക്കിയ ഒരുപാടുപേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഈ ദുശ്ശീലം ഉറക്കമില്ലായ്മ 59 ശതമാനം വർധിപ്പിക്കുമെന്നും ഉറക്കസമയം 24 മിനിറ്റോളം കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നോർവേയിൽ 45,202 പേരെ കേന്ദ്രീകരിച്ച് 'Frontiers of Psychiatry'-യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 

To advertise here,

ആഴ്ചയിൽ മൂന്നുതവണയെങ്കിലും ഉറങ്ങാനുള്ള ബുദ്ധിമുട്ട്, പകൽ സമയത്ത് ഉറക്കംതൂങ്ങുക എന്നീ ലക്ഷണങ്ങൾ മൂന്ന് മാസത്തോളം തുടരുന്ന അവസ്ഥയാണ് ഇൻസോംനിയ അഥവാ ഉറക്കമില്ലായ്മ. ഉറങ്ങാൻ കിടക്കുമ്പോൾ ഏത് തരം സ്ക്രീൻ ഉപയോ​ഗിക്കുന്നതും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നത്. അതിന് മൊബൈൽ ഫോണെന്നോ, ലാപ്ടോപ്പെന്നോ ടാബ്ലെറ്റെന്നോ വ്യത്യാസമില്ല. കൂടാതെ, സാമൂഹ്യമാധ്യമങ്ങളുടെ ഉപയോ​ഗം മാത്രമല്ല വില്ലൻ. കിടക്കയിൽ ഏത് തരത്തിലുള്ള സ്ക്രീൻ ടൈമും ദോഷം ചെയ്യും. 

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവയുടെ സ്‌ക്രീനില്‍നിന്ന് പുറപ്പെടുന്ന നീലവെളിച്ചം ഉറക്കത്തെ ബാധിക്കുമെന്ന് നേരത്തെ പഠനങ്ങളിൽ നിന്ന് വ്യക്തമായ കാര്യമാണ്. ദിവസം ഒരുമണിക്കൂറില്‍ താഴെ ഫോണ്‍ ഉപയോഗിക്കുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍ നാലു മണിക്കൂറിലധികം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു 30 മിനിറ്റ് വൈകിയാണ് നല്ല ഉറക്കം ലഭിക്കുന്നതെന്നും ഉറക്കമുണരുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള പ്രകാശം മസ്തിഷകപ്രവര്‍ത്തനങ്ങളെയും ഉറക്കത്തിനുസഹായിക്കുന്ന ഹോര്‍മോണായ മെലാറ്റോണിന്റെ ഉത്പാദനത്തെയും ബാധിക്കുമെന്നും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉറക്കസമയത്തെയും ഉറക്കത്തിന്റെ ഗുണമേന്മയെയും തടസ്സപ്പെടുത്തും.