വായ ശുചിയാക്കി വയ്ക്കുന്നത് ശരീരം ശുചിയാക്കി വയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണ്. ശരീരത്തിലെ മിക്ക അവയവങ്ങളുമായും മറ്റു അസുഖങ്ങളുമായും വായയ്ക്കുള്ള ബന്ധം പലർക്കും അറിയില്ല. ഇപ്പോഴിതാ, ദന്താരോഗ്യവും ഹൃദയാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

To advertise here,

മോണരോഗമോ ദന്തക്ഷയമോ ഉണ്ടാകുമ്പോൾ, വായയിലെ ബാക്ടീരിയകൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിച്ച് ശരീരത്തിൽ വീക്കം ഉണ്ടാവുന്നതിനിടയാക്കും. Gingivitis, periodontitis പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന വീക്കം രക്തക്കുഴലുകളെ ബാധിക്കുന്നു. കാലക്രമേണ ഇത് ധമനികളിൽ പ്ലാക്ക് രൂപപ്പെടാൻ കാരണമാകുകയും, പിന്നീട് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ള വായയുള്ളവരെ അപേക്ഷിച്ച് മോണരോഗമുള്ളവർക്കു ഹൃദയാഘാതം വരാനുള്ള സാധ്യത 28% കൂടുതലാണ് എന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു. അടഞ്ഞ ധമനികൾക്കുള്ളിൽ നിന്ന് വായിലെ ചില ബാക്ടീരിയകളെ കണ്ടെത്തിയതായി നേരത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മോണരോഗം ഹൃദയാഘാതം, പക്ഷാഘാതം, അല്ലെങ്കിൽ മറ്റ് ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് വർധിപ്പിക്കുന്നതായി ഹാർവാർഡ് ഹെൽത്തിന്റെ ഒരു പഠനവും സൂചിപ്പിച്ചിരുന്നു.

ദന്താരോഗ്യം ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു

  • ബാക്ടീരിയയുടെ വ്യാപനം: മോണകളിലെ അണുബാധയിൽ നിന്നുള്ള ഹാനികരമായ ബാക്ടീരിയകൾക്ക് രക്തത്തിൽ പ്രവേശിക്കാൻ കഴിയും. അവ അണുബാധ, വീക്കം, ഹൃദയത്തിന്റെ പാളികൾക്ക് കേടുപാടുകൾ (endocarditis) എന്നിവയുണ്ടാക്കാം.
  • വീക്കം: വായിലെ ബാക്ടീരിയകളോടുള്ള ശരീരത്തിന്റെ പ്രതികരണം വായയെ മാത്രമല്ല, ശരീരം മുഴുവനായും ബാധിക്കുന്നു.
  • പ്ലാക്ക് അടിഞ്ഞുകൂടുന്നത്: വായിലെ ബാക്ടീരിയകൾ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എളുപ്പമാക്കുന്നു. ഇത് atherosclerosis (ധമനികൾ കട്ടിയാവുകയും ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) വേഗത്തിലാക്കുന്നു.

ലക്ഷണങ്ങൾ

  • മോണയിൽ നിന്ന് രക്തസ്രാവം
  • വീങ്ങിയതോ ചുവന്നതോ ആയ മോണകൾ
  • വിട്ടുമാറാത്ത വായ്നാറ്റം
  • പല്ലുകൾക്ക് ഇളക്കം
  • മോണയിറക്കം
  • ചവയ്ക്കുമ്പോൾ വേദന

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)