കൃത്യമായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയുംകൊണ്ട് ഒരുപരിധിവരെ നിയന്ത്രണത്തിലാക്കാന്‍ കഴിയുന്ന രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ചില നിത്യോപയോഗ സുഗന്ധവ്യഞ്ജനങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷനിസ്റ്റ് കനുപ്രീത് അറോറ നാരംഗ്. ഉലുവ, കറുവപ്പട്ട, മഞ്ഞള്‍, ഗ്രാമ്പൂ, ഇഞ്ചി എന്നിവയാണവ. 

To advertise here,

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ വസ്തുവാണ് ഉലുവ. ഇത് നാരുകളാല്‍ സമ്പുഷ്ടമാണ്. ചൂടുവെള്ളത്തില്‍ 10 ഗ്രാം ഉലുവ കുതിര്‍ത്ത്‌ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വൈറ്റമിന്‍ ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കറുവാപ്പട്ട. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂട്ടാനും ഇത് സഹായിക്കുന്നു. ദിവസവും ആറ് ഗ്രാം വരെ കറുവപ്പട്ട വെച്ച് 40 ദിവസം തുടര്‍ച്ചയായി കഴിക്കുന്നത് ഷുഗര്‍ കൂടുന്നത് തടയുമെന്ന് പഠനം പറയുന്നു. ബിരിയാണിയിലും കറികളിലും മറ്റും കറുവാപ്പട്ട ചേര്‍ക്കുന്നതിനൊപ്പം സ്മൂത്തി കുടിയ്ക്കുമ്പോഴും പാന്‍കേക്കുകള്‍ കഴിക്കുമ്പോഴും കറുവാപ്പട്ടയുടെ പൊടി വിതറുന്നതും നല്ലതാണ്.

മഞ്ഞളിലടങ്ങിയിട്ടുള്ള 'കുര്‍കുമിന്‍' എന്ന പദാര്‍ഥം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുകയും അതുവഴി പ്രമേഹത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യും. ഗ്രാമ്പൂ ഇന്‍സുലിന്‍ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നുണ്ട്. കൂടാതെ ഗ്രാമ്പൂവിന്റെ ആന്റി-സെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ളമേറ്ററി സവിശേഷതകള്‍ ദഹനപ്രക്രിയയേയും സഹായിക്കുന്നു. ആരോഗ്യത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സുസ്ഥിരമാക്കി നിലനിര്‍ത്തുന്നതില്‍ ഇഞ്ചിയ്ക്ക് വലിയ പങ്കുണ്ട്. മാത്രമല്ല, ടൈപ്പ്-2 പ്രമേഹമുള്ളവരില്‍ ഇഞ്ചി ഫാസ്റ്റിങ് സെറം ഗ്‌ളൂക്കോസിന്റെ അളവ് കുറയ്ക്കുമെന്നാണ് ജേണല്‍ ഓഫ് എത്‌നിക് ഫുഡ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.