ലോകമെമ്പാടുമുള്ള മരണങ്ങളിൽ മുക്കാൽ ഭാ​ഗത്തിനും പിന്നിൽ  ഹൃദ്രോ​ഗം, ഡയബറ്റിസ്, കാൻസർ തുടങ്ങിയ സാംക്രമികേതര രോ​ഗങ്ങളാണെന്ന് ലോകാരോ​ഗ്യസംഘടന. കുറച്ചുപേർ മാത്രമേ ഇവയുടെ ആഘാതങ്ങൾ അനുഭവിക്കുന്നുള്ളു എന്നതിനാൽ തന്നെ  പലപ്പോഴും അവ​ഗണിക്കപ്പെടുകയും മതിയായ ഫണ്ട് ലഭിക്കാതെയുമുള്ള വിഭാ​ഗമാണ് ഈ രോ​ഗങ്ങളെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നു. 

To advertise here,

ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകാരോ​ഗ്യസംഘടന ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഫലപ്രദവും തെളിയിക്കപ്പെട്ടതുമായ ഇടപെടലുകളിലൂടെ രാജ്യങ്ങൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ട സമയമായെന്നും റിപ്പോർട്ടിലുണ്ട്. 

ഈ നൂറ്റാണ്ട് നേരിടുന്ന പ്രധാന പൊതുജനാരോ​ഗ്യ വികസന വെല്ലുവിളികളിൽ ഒന്നാണ് സാംക്രമികേതര രോ​ഗങ്ങൾ. അവ പകർച്ചവ്യാധികളേക്കാൾ കൂടുതൽ മരണത്തിന് കാരണമാകുന്നുണ്ട്. ഓരോ വർഷവും 1.7 കോടി ജനങ്ങളുടെ അകാലമരണത്തിന് സാംക്രമികേതര രോ​ഗങ്ങൾ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

ഈ മരണങ്ങളിൽ 86 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. അവയിൽ പലതും തെളിയിക്കപ്പെട്ട ഫലപ്രദമായ ഇടപെടലുകളിലൂടെ പ്രതിരോധിക്കാവുന്നതുമാണ്. 2030ഓടെ സാംക്രമികേതര രോ​ഗങ്ങളിൽ നിന്നുള്ള മരണങ്ങൾ മൂന്നിലൊന്നായി കുറയ്ക്കാനാണ് യുഎൻ അം​ഗരാജ്യങ്ങളുടെ ലക്ഷ്യം. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നുമാണത്. പല രാജ്യങ്ങളും നിലവിൽ അത് നേടിയെടുക്കാനുള്ള പാതയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. 

പല സാംക്രമികേതര രോ​ഗങ്ങളുടെയും അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ പുകയില, അനാരോ​ഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവും ആക്കം കൂട്ടുന്നുണ്ട്. പലർക്കും പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിയാത്തതുകൊണ്ടാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നത് എന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നു. 

ഓരോവർഷവും 4.1 കോടി പേർ സാംക്രമികേതര രോ​ഗങ്ങൾ മൂലം മരണപ്പെടുന്നുവെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഹൃദ്രോ​ഗമാണ് മരണത്തിന് കാരണമാകുന്ന പ്രധാനികളിൽ ഒന്ന് എന്നും അതു മൂലം 1.7കോടി പേർ വർഷംതോറും മരണപ്പെടുന്നുവെന്നുമാണ് കണക്കുകൾ പറയുന്നത്. കാൻസർ മൂലം പ്രതിവർഷം മരണപ്പെടുന്നവർ 93ലക്ഷവും ശ്വാസകോശരോ​ഗങ്ങളാൽ മരണപ്പെടുന്നവർ 41 ലക്ഷവും ഡയബറ്റിസ് മൂലം ഇരുപതുലക്ഷവും മരണപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 

മരണത്തിനു പുറമേ സാംക്രമികേതര രോ​ഗങ്ങൾ മൂലം ജീവിതനിലവാരത്തിൽ മാറ്റം വരുന്നുണ്ടെന്നും പല രോ​ഗങ്ങളും പെട്ടെന്നു പിടിപെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇത് കോവിഡ് കാലത്ത് വ്യക്തമായതുമാണ്. സാംക്രമികേതര രോ​ഗങ്ങളുള്ള പലരിലും കോവിഡ് ​ഗുരുതരമാകുന്ന സാഹചര്യം നിലനിന്നിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഹൃദ്രോ​ഗവും കാൻസറുമല്ലാതെ മരണപ്പെടുന്ന കാരണങ്ങളിൽ മൂന്നാം സ്ഥാനം കോവിഡിനാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ നിശബ്ദ കൊലയാളിയാണ് സാംക്രമികേതര രോ​ഗങ്ങളെന്നും എന്നാൽ ഫലപ്രദമായ ഇടപെടലുകളിലൂടെ അവ പ്രതിരോധിക്കാവുന്നതാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.