തിരുവനന്തപുരം: മകന്റെ വിരൽത്തുമ്പിലെ ഗ്ലൂക്കോമീറ്ററിന്റെ റീഡിങ് ഉയർന്നപ്പോൾ മാറിയത് ഒരു അമ്മയുടെ ജീവിതം. കാര്യവട്ടം സ്വദേശിനി ബുഷ്‌റ ശിഹാബിന് അത് മകൻ ഇഹ്സാന്റെ മാത്രം വേദനയായിരുന്നില്ല, കേരളത്തിലെ എണ്ണായിരത്തോളം വരുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ നൊമ്പരമായിരുന്നു. ജീവിതകാലം മുഴുവൻ ഇൻസുലിനെ ആശ്രയിക്കേണ്ടിവരുന്ന രോഗം രണ്ടാംവയസ്സിൽ മകനെ തേടിയെത്തിയപ്പോൾ ബുഷ്‌റ തളർന്നില്ല. അധ്യാപികയും കൗൺസലിങ് സൈക്കോളജിസ്റ്റുമായ ആ അമ്മ നിവേദനക്കെട്ടുകളുമായി യാത്ര തുടങ്ങി. പി.എസ്.സി. പരീക്ഷാ ഹാൾ മുതൽ എസ്.സി.ഇ.ആർ.ടി. പാഠപുസ്തകംവരെ നീളുന്ന ആറ്‌ ചരിത്ര ഉത്തരവുകളിലേക്കാണ് ആ യാത്ര എത്തിനിന്നത്. 

To advertise here,

പോരാട്ട വിജയം

2017-മുതലാണ് ബുഷ്റയുടെ ഈ യാത്ര ആരംഭിക്കുന്നത്. ഒപ്പം അർബുദത്തെ അതിജീവിച്ച ഭർത്താവ് ശിഹാബും. ഇരുവരും ചേർന്ന് ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ തുടങ്ങി. ശിഹാബ് ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറിയായി കൂടെനിന്നു. ഇന്ന് ബാലാവകാശ കമ്മിഷനും സർക്കാരും പുറപ്പെടുവിച്ച ഓരോ ഉത്തരവിനുപിന്നിലും ഈ അമ്മയുടെ കാത്തിരിപ്പുണ്ട്. ഈ നിരന്തര പോരാട്ടത്തിനു പുരസ്‌കാരങ്ങളും ബുഷ്‌റയെ തേടിയെത്തി.

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുള്ള സർക്കാർ ജീവനക്കാരെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റരുതെന്ന ഉത്തരവ്, പരീക്ഷാഹാളിൽ ഇൻസുലിൻ പമ്പും ലഘുഭക്ഷണവുമായി കയറാൻ അനുമതി, സ്‌കൂളുകളിൽ ഇൻജക്ഷൻ എടുക്കാൻ പ്രത്യേക സൗകര്യം, ഇൻഷുറൻസ് നിഷേധിക്കുന്നത് അവകാശലംഘനമാണെന്ന ഉത്തരവ്, പാഠപുസ്തകത്തിൽ ടൈപ്പ് വൺ പ്രമേഹം ഉൾപ്പെടുത്തിയത്, മിഠായി പദ്ധതിയുടെ വരുമാനപരിധി ഉയർത്താൻ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ തുടങ്ങിയ ഉത്തരവുകൾ ഓരോന്നും ബുഷ്‌റ നേടിയെടുത്തതാണ്.

തീരാത്ത ആഗ്രഹങ്ങൾ

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെല്ലാം തങ്ങളുടെ കുട്ടികളുടെ അവകാശസംരക്ഷണത്തിനായി പൊതുസമൂഹത്തിലേക്കിറങ്ങണമെന്നാണ് ബുഷ്‌റയുടെ ആഗ്രഹം. പൊതുപ്രവർത്തനത്തിന് ഇറങ്ങുന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് ബുഷ്‌റ പറഞ്ഞു. കാൻസർ രോഗികളായ കുട്ടികളെ ലക്ഷ്യമിട്ട് കാൻസർ എന്ന വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണവർ.

ഇനിയുമേറെ പ്രതീക്ഷ

കാസർകോട്ടുനിന്ന് മൂന്നു മാസത്തിലൊരിക്കൽ എസ്.എ.ടി. ആശുപത്രിയിൽ ചെക്കപ്പിന് വരുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടി കെ.എസ്‌. ആർ.ടി.സി.യിൽ സൗജന്യ യാത്ര എന്നത് ബുഷ്‌റയുടെ ഏറെക്കാലത്ത ആഗ്രഹങ്ങളിലൊന്നാണ്. കീം, ഫാർമസി പരീക്ഷകളിൽ ടൈപ്പ് വൺ കുട്ടികൾക്ക് അധിക സമയത്തിന് മന്ത്രി റോജി എം.ജോണിനു നിവേദനം നൽകി കാത്തിരിക്കുകയാണവർ. ടൈപ്പ് വൺ രജിസ്ട്രി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി ജോലി നൽകുമ്പോൾ രോഗാവസ്ഥയുള്ള കുട്ടികളുടെ അമ്മമാർക്ക് പ്രധാന്യം നൽകണമെന്ന നിവേദനം മന്ത്രി ഷിബു ബേബി ജോണിന് ബുഷ്‌റ സമർപ്പിച്ചിരുന്നു. ഒരമ്മ വിചാരിച്ചാൽ ചുവപ്പുനാടയിൽ കുരുങ്ങിയ ഫയലുകൾപോലും മാറുമെന്ന് തെളിയിക്കുകയാണ് ബുഷ്‌റ.