കൊച്ചി: പ്രമേഹം, അമിതവണ്ണം, രക്താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ദീർഘകാല രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ശാസ്ത്രീയമായ ജീവിതശൈലി ചികിത്സയെ മുഖ്യധാരാ ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കണമെന്ന് മെഡിക്കൽ വിദഗ്ധർ. ലൈഫ്‌സ്റ്റൈൽ മെഡിസിൻ അക്കാദമി ഇന്ത്യയുടെ നേതൃത്വത്തിൽ ലെ മെറിഡിയനിൽ, അന്താരാഷ്ട്ര സമ്മേളനമായ എൽ എം എ കോൺ 2026-ലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ശരീരഭാര നിയന്ത്രണം, മതിയായ ഉറക്കം, മാനസിക സമ്മർദ നിയന്ത്രണം എന്നിവ രോഗപ്രതിരോധത്തിൽ നിർണായകമാണ്. ചില ടൈപ്പ് 2 പ്രമേഹരോഗികൾക്ക് മരുന്നില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്താനുമാകും. എന്നാൽ, ഇത്തരം മാറ്റങ്ങൾ ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണമെന്നും നിലവിലുള്ള ചികിത്സയ്ക്ക് പകരമാകരുതെന്നും വിദഗ്ധർ പറഞ്ഞു.

രോഗചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ദീപക് ജോയ് എംഎൽഎ പറഞ്ഞു. ആരോഗ്യകരമായ ജീവിതശീലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ആരോഗ്യപ്രവർത്തകരും സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ഓർഗനൈസിങ് ചെയർമാൻ പ്രൊഫ. ഡോ. സുനിൽ കുമാർ, ഓർഗനൈസിങ് സെക്രട്ടറി ഡോ. അരുൺദാസ് എച്ച്., ബയോനെസ്റ്റ് സിഇഒ ഡോ. കെ. അമ്പാടി, നാഷണൽ റിസോഴ്‌സ് സെന്റർ ഫോർ എൻസിഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ജെ. ഇടയാറന്മുള, പുഷ്പഗിരി മെഡിക്കൽ കോളേജ് മുൻ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ഫെലിക്സ് ജോൺ, സർജൻ ക്യാപ്റ്റൻ ഉമങ്ങ് എസ് ബി ലാൽ, ഫിലിപ്പീൻ കോളേജ് ഓഫ് ലൈഫ് സ്റ്റെൽ മെഡിസിൻ പ്രസിഡൻ്റ് ഡോ മിഷേൽ പാൽമ എന്നിവർ സംസാരിച്ചു.

മരുന്നുകൾക്കും മറ്റ് ചികിത്സകൾക്കുമൊപ്പം ഭക്ഷണം, വ്യായാമം, ഉറക്കം, മാനസികാരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്ന് പ്രൊഫ. ഡോ. സുനിൽ കുമാർ പറഞ്ഞു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഇത്തരം ഇടപെടലുകൾ പതിവ് ചികിത്സയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘകാല രോഗങ്ങൾ പൂർണമായി മാറ്റാമെന്ന വ്യാജവാഗ്ദാനങ്ങൾ രോഗികളെ അപകടത്തിലാക്കുമെന്ന് ഡോ. അരുൺദാസ് എച്ച്. പറഞ്ഞു. വേഗത്തിൽ ശരീരഭാരം കുറയ്ക്കാമെന്നും മരുന്നുകൾ ഒഴിവാക്കാമെന്നുമുള്ള അശാസ്ത്രീയ പ്രചാരണങ്ങൾ വിശ്വസിച്ച് ചികിത്സ നിർത്തരുത്. രോഗം നിയന്ത്രണത്തിലായാലും തുടർപരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമുള്ള ആരോഗ്യവിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനത്തിൽ പ്രമേഹനിയന്ത്രണവും രോഗശമനവും, അമിതവണ്ണം, ഹൃദ്രോഗ പ്രതിരോധം, പോഷകാഹാരം, വ്യായാമ ചികിത്സ, ഉറക്കപ്രശ്നങ്ങൾ, മാനസികാരോഗ്യം, ഫാറ്റി ലിവർ, ആരോഗ്യകരമായ വാർധക്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ചികിത്സാരംഗത്തെ നിർമിതബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും സാധ്യതകളും സമ്മേളനം പരിശോധിക്കുന്നു.

ഇന്റർനാഷണൽ ബോർഡ് ഓഫ് ലൈഫ്‌സ്റ്റൈൽ മെഡിസിന്റെ (ഐബിഎൽഎം) അംഗീകാരമുള്ള 20 മണിക്കൂർ തുടർമെഡിക്കൽ വിദ്യാഭ്യാസ പരിപാടിയും സമ്മേളനത്തിന്റെ ഭാഗമാണ്. 

ലണ്ടനിലെ ഇംപീരിയൽ കോളേജിലുള്ള ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രം, വേൾഡ് എൻസിഡി ഫെഡറേഷൻ, നാഷണൽ റിസോഴ്‌സ് സെന്റർ ഫോർ എൻസിഡീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടക്കുന്നത്.