ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ അന്താരാഷ്ട്ര ജനസംഖ്യാ പഠനകേന്ദ്രം നടത്തിയ ആറാമത് ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് രാജ്യത്തെ വിളർച്ചാ (അനീമിയ) ബാധിതരുടെ തോത്, ശുചിത്വ പുരോഗതി, പാചകവാതക ഉപയോഗം തുടങ്ങിയ നിർണായക സൂചികകൾ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ ജനനനിരക്കിലെ ലിംഗാനുപാതം, ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക് എന്നിവ സംബന്ധിച്ചുള്ള കണക്കുകളുമില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്ക്കാനായെന്ന് കണ്ടെത്തിയ സർവേയിൽ പക്ഷേ സ്ത്രീകളിലെയും പുരുഷന്മാരിലെയും പോഷകാഹാരക്കുറവ് ഗ്രാമീണമേഖലയിൽ വൻതോതിൽ ഉയരുന്നതായി കണ്ടെത്തി. വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും സാമ്പത്തിക ദുരിതത്തിന്റെയും ഫലമാകാം ഇതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കുട്ടികളിലെ പോഷകാഹാരക്കുറവ് കുറയാൻ കാരണമായി വിദഗ്ദ്ധർ പറയുന്നത്, കുട്ടികളുടെ ജനനത്തോത് കുറയുന്നതും കുട്ടികളുടെ ക്ഷേമത്തിനും ആരോഗ്യപോഷണത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി തങ്ങളുടെ വിഭവങ്ങൾ പരമാവധി ചെലവിടാൻ രക്ഷിതാക്കൾ തയാറാകുന്നതിനാലുമാകാം എന്നാണ്.

To advertise here,

വെളിയിട വിസർജ്യ മുക്ത രാജ്യം, പ്രധാനമന്ത്രി ഉജ്വല യോജനപ്രകാരമുള്ള പാചകവാതക ലഭ്യതയുറപ്പാക്കൽ എന്നിവയിന്മേലുള്ള കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ തെളിയിക്കാനുള്ള കണക്കുകളാണ് ശുചിത്വ, പാചകവാതക ഉപയോഗ സൂചികകളെ ഒഴിവാക്കിയതിലൂടെ നഷ്ടമായത്. എന്തുകൊണ്ട് ഒഴിവാക്കിയെന്നത് ചോദ്യചിഹ്നമാകുന്നു. 715 ജില്ലകളിലെ 6.79 ലക്ഷം കുടുംബങ്ങളിലാണ് സർവേ നടന്നത്.

ശരീരഭാര സൂചിക സാധാരണയിലും താഴെ

ശരീരഭാര സൂചിക (ബോഡി മാസ് ഇൻഡക്‌സ്) സാധാരണ വേണ്ട അളവിലും കുറഞ്ഞ സ്ത്രീകളുടെ തോത് നഗരമേഖലകളിൽ 13.2 ശതമാനവും ഗ്രാമങ്ങളിൽ 22.5 ശതമാനവുമാണ്. കഴിഞ്ഞ സർവേയിൽ ഇത് യഥാക്രമം 19.7ഉം 18.7ഉം ആയിരുന്നു. പുരുഷന്മാരുടേത് നഗരമേഖലയിൽ 14.2%വും ഗ്രാമങ്ങളിൽ 21.9%വുമാണ്. കഴിഞ്ഞ തവണ 19.7%ഉം 16.2%വുമായിരുന്നു.

പൊണ്ണത്തടി കൂടി

സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടി വരുന്നു. നഗരങ്ങളിൽ സ്ത്രീകളിൽ 42.8%വും ഗ്രാമങ്ങളിൽ 25.5%വുമാണ് പൊണ്ണത്തടി. കഴിഞ്ഞ തവണ 30.7%വും 24%വുമായിരുന്നു. പുരുഷന്മാരുടെ തോത് നഗരങ്ങളിൽ 36.3%വും ഗ്രാമങ്ങളിൽ 23%വുമാണ്. കഴിഞ്ഞ തവണ ഇത് നഗരങ്ങളിൽ 27.3ഉം 22.9ഉമായിരുന്നു. 18- 49 പ്രായത്തിലുള്ള സ്ത്രീകളിൽ ഭർത്തൃപീഡനം നേരിടേണ്ടി വന്നവർ നഗരങ്ങളിൽ 17.5%വും ഗ്രാമങ്ങളിൽ 24.4%വുമാണ്. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ തോത് ഗ്രാമങ്ങളിൽ ഉയരുന്നതും ഗൗരവതരമാണ്. 15 വയസ്സോ കൂടുതലോ ഉള്ള സ്ത്രീകളിലെ പുകയില ഉപയോഗം ഗ്രാമങ്ങളിൽ 10 ശതമാനവും നഗരങ്ങളിൽ 4.6 ശതമാനവുമാണ്. കഴിഞ്ഞ തവണ 8.9%വും 8.4%വുമായിരുന്നു. പുരുഷന്മാരുടേത് നഗരങ്ങളിൽ 26.2%, ഗ്രാമങ്ങളിൽ 41.1%. കഴിഞ്ഞ സർവേയിൽ യഥാക്രമം 36.3, 38.

ചില പ്രധാന സൂചികകൾ

ആശുപത്രികളിലെ പ്രസവനിരക്ക്- 90.6%

ഗർഭകാലത്തെ സ്ത്രീകളുടെ ചികിത്സാപരിചരണ തോത് - 95.9%

കുട്ടികളിലെ വളർച്ചാ മുരടിപ്പ് കുറഞ്ഞു- കഴിഞ്ഞ തവണ 32% ആയിരുന്നത് 17% ആയി.

വിളർച്ചാ കണക്ക് വിവാദമായി, ഡയറക്ടർ തെറിച്ചു

കഴിഞ്ഞ കുടുംബാരോഗ്യ സർവേയിൽ അനീമിയ (വിളർച്ച) ബാധിതരുടെ കണക്കിലുണ്ടായ ഞെട്ടിക്കുന്ന വർധന കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ഇതേത്തുടർന്ന് സർവേയ്ക്ക് നേതൃത്വം കൊടുത്ത അന്നത്തെ ജനസംഖ്യാപഠനകേന്ദ്രം ഡയറക്ടർ മലയാളിയായ ഡോ. ജെയിംസിന്റെ സ്ഥാനം തെറിച്ചത് വിവാദമായി. പുതിയ ചോദ്യാവലിയിൽ അനീമിയബാധിതരെ ഒഴിവാക്കിയത് അന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

ഗാർഹിക പീഡനങ്ങൾ കേരളത്തിലും ഉയരുന്നു

18-49 പ്രായപരിധിയിലുള്ള വിവാഹിതരിൽ ഭർത്തൃപീഡനം നേരിടുന്ന സ്ത്രീകളുടെ തോത് കേരളത്തിലും കൂടുന്നുവെന്ന് സർവേയിൽ കണ്ടെത്തി. ഗ്രാമങ്ങളിലെ തോത് കഴിഞ്ഞ സർവേയിൽ 9.8% ആയിരുന്നത് 19.7%ആയി. നഗരങ്ങളിലെ തോത് ഇത്തവണ 15.6%. കഴിഞ്ഞ തവണ 17.7%.

ഇതേ പ്രായക്കാരിൽ ഗർഭ കാലത്ത് ശാരീരിക പീഡനമേൽക്കേണ്ടി വന്നവർ ഗ്രാമങ്ങളിൽ കഴിഞ്ഞ തവണ 0.5% ആയിരുന്നത് ഇപ്പോൾ 1.9%ആയി. നഗരങ്ങളിൽ ഇത്തവണ 1.6%. കഴിഞ്ഞ തവണ 1.7%.‌

മുതിർന്നവരിലെ പോഷകാഹാരക്കുറവ് കേരളത്തെയും ബാധിക്കുന്നു. 15- 49 പ്രായക്കാരിൽ ഇത് സ്ത്രീകളിൽ നഗരങ്ങളിൽ 11%, ഗ്രാമങ്ങളിൽ 12.9%. കഴിഞ്ഞ സർവേയിൽ ഇത് യഥാക്രമം 12%വും 10.1%വുമായിരുന്നു. പുരുഷന്മാരിൽ നഗരങ്ങളിൽ 14.3%, ഗ്രാമങ്ങളിൽ 16.7%. കഴിഞ്ഞ സർവേയിൽ യഥാക്രമം 15.5%, 10%.

പൊണ്ണത്തടിയുള്ളവരും കൂടി. 15- 49 പ്രായപരിധിയിലെ സ്ത്രീകളിൽ നഗരങ്ങളിൽ 48.3%, ഗ്രാമങ്ങളിൽ 45.1%. കഴിഞ്ഞ തവണ 46.7%, 38.2%. പുരുഷന്മാർ ഇത്തവണ 40.1%, 34%. കഴിഞ്ഞ തവണ 37%, 36.4%.