നിത്യയൗവനത്തിനായി കോടികൾ മുടക്കുന്ന ശതകോടീശ്വരൻ എന്ന പേരിലാണ് ബ്രയാൻ ജോൺസൺ എന്ന നാൽപ്പത്തിയഞ്ചുകാരൻ അറിയപ്പെടുന്നത്. കാലിഫോർണിയയിൽ നിന്നുള്ള ശതകോടീശ്വരനായ ബ്രയാൻ പതിനാറുകോടി രൂപയാണ് ചെറുപ്പംനിലനിർത്താനുള്ള ചികിത്സകൾക്ക് ചെലവഴിക്കുന്നതെന്ന് പറഞ്ഞിരുന്നു. നിരവധി പരീക്ഷണങ്ങളിലൂടെ അഞ്ചു വയസ്സോളം കുറഞ്ഞെന്ന അവകാശവാദവും ബ്രയാൻ പങ്കുവെച്ചിരുന്നു.  വ്യായാമങ്ങളും ഭക്ഷണരീതിയും മാത്രമല്ല രക്തം കൈമാറ്റം ചെയ്യുന്ന ചികിത്സ ഉൾപ്പെടെയാണ് ബ്രയാൻ പ്രായം കുറയ്ക്കാനായി ചെയ്തുവരുന്നത്. ഇപ്പോഴിതാ പ്രായംകുറയ്ക്കൽ പ്രക്രിയയുടെ ഭാ​ഗമായ ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് ബ്രയാൻ. പ്രോജെക്റ്റ് ബ്ലൂപ്രിന്റ് എന്നുപേരിട്ടാണ് ബ്രയാൻ തന്റെ വണ്ണംകുറയ്ക്കൽ ഉദ്യമം ആരംഭിച്ചത്. പ്രത്യേകമായൊരു ഡയറ്റും അതിന്റെ പേരിൽ ബ്രയാൻ ആരംഭിച്ചിരുന്നു. അതേക്കുറിച്ചാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

പ്രോജെക്റ്റ് ബ്ലൂപ്രിന്റിലെ, ബ്ലൂപ്രിന്റ് സ്റ്റാക്ക് എന്നുപേരിട്ട രീതിയാണ് ബ്രയാൻ വിൽപനയ്ക്കായി വച്ചത്. ഒരു പ്രത്യേകപാനീയം, എട്ടു​ഗുളികകൾ, സ്നേക്ക് ഓയിൽ, 67 തെറാപ്പികൾ, 400 കലോറികൾ തുടങ്ങിയവ അടങ്ങിയതാണ് ബ്രൂപ്രിന്റ് സ്റ്റാക്ക്. ആയിരത്തിലേറെ ക്ലിനിക്കൽ ട്രയലുകൾക്കൊടുവിൽ വിജയകരമാണെന്നു തെളിയിച്ചതാണ് ഇതെന്നും ബ്രയാൻ പറയുന്നുണ്ട്. 

​ഗവേഷണത്തെ ആസ്പദമാക്കിയ ഈ പദ്ധതിക്ക് ഫാസ്റ്റ്ഫുഡിനേക്കാൾ ചെലവ് കുറവേ വരൂവെന്നും മാസത്തിൽ 343 ഡോളർ മുടക്കിയാൽ മതിയെന്നും ബ്രയാൻ പറയുന്നുണ്ട്. മുലപ്പാലിനുശേഷം പോഷകസമ്പന്നമായ മറ്റൊന്ന് എന്നരീതിയിലാണ് ബ്രയാൻ ഈ ഡയറ്റിനെ അവതരിപ്പിക്കുന്നത്. 

ഭക്ഷണത്തിനു പകരമല്ല മറിച്ച് പോഷകങ്ങളുടെ കുറവുനികത്തി വണ്ണംകുറയ്ക്കാൻ സഹായിക്കുന്നതാണ് തന്റെ പദ്ധതിയെന്നാണ് ബ്രയാൻ അവകാശപ്പെടുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഇറ്റലി, നെതർലാന്റ്സ്, നോർവേ, പോളണ്ട്, പോർച്ചു​ഗൽ, സ്പെയിൻ, സ്വീഡൻ, യു.എ.ഇ, യു.കെ. തുടങ്ങി ഇരുപത്തിമൂന്നോളം രാജ്യങ്ങളിൽ തന്റെ ഉത്പന്നങ്ങൾ ലഭ്യമാകുമെന്നും ബ്രയാന് പറയുന്നു. 

അടുത്തിടെ ബ്രയാന്റെ ഭക്ഷണശീലത്തേക്കുറിച്ച് മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. പകൽസമയം പതിനൊന്ന് മണിക്കാണ് ബ്രയാൻ തന്റെ അവസാനഭക്ഷണമായ അത്താഴം കഴിക്കുന്നത് എന്നാണ് പുറത്തുവന്നത്. പലരും പ്രാതൽ കഴിക്കുന്ന ഈ സമയത്താണ് ബ്രയാൻ തന്റെ ആ ദിവസത്തെ അവസാനത്തെ ഭക്ഷണം കഴിക്കുന്നത്. ട്വിറ്ററിൽ ഒരാൾ ചോദിച്ച സംശയത്തിന് മറുപടിയായാണ് ബ്രയാൻ ഇക്കാര്യം തുറന്നുപറഞ്ഞത്. 

കൗമാരക്കാരനായ മകനിൽ നിന്ന് രക്തം കൈമാറ്റം ചെയ്ത ബ്രയാൻ നൂറിലധികം സപ്ലിമെന്റുകളാണ് ദിവസവും എടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല ദിവസവും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ബ്രയാന്റെ യൗവനത്തിലേക്കുള്ള ഈ പ്രക്രിയയിൽ പിന്തുണയ്ക്കാനായി മാത്രം മുപ്പതോളം ഡോക്ടർമാരുടെ സംഘത്തേയും നിയോ​ഗിച്ചിട്ടുണ്ട്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രൊജക്ട് ബ്ലൂ പ്രിന്റ് എന്നുവിളിക്കുന്ന പദ്ധതിയിലൂടെ പ്രായം കുറയ്ക്കൽ പ്രക്രിയ തുടങ്ങിയ വിവരം ബ്രയാൻ പങ്കുവെച്ചത്. ചികിത്സ തുടങ്ങി വച്ച തനിക്ക് ഇപ്പോൾ പതിനെട്ടുകാരന്റെ ശാരീരിക പ്രകൃതിയും മുപ്പത്തിയേഴുകാരന്റെ ഹൃദയവും ഇരുപത്തിയെട്ടുകാരന്റെ ചർമവുമാണ് ഉള്ളതെന്ന് ബ്രയാൻ പറഞ്ഞിരുന്നു. 

ബ്രെയിൻട്രീ എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ പ്രശസ്തനായ ബ്രയാൻ ജോൺസൺ പിന്നീട് അത് എണ്ണൂറ് മില്യൺ ഡോളറിന് വിൽക്കുകയും ചെയ്തിരുന്നു. നിലവിൽ കെർണേൽ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ. ആയ ബ്രയാൻ പ്രായം കുറയ്ക്കാനായി പ്ലാസ്മ സ്വാപ്പിങ് എന്ന രക്ത കൈമാറ്റ ചികിത്സ നടത്തുന്നത് വാർത്തകളിൽ ഇടം നേടുകയും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ചികിത്സയ്ക്കു പിന്നിൽ വ്യക്തമായ ശാസ്ത്രീയ അടിത്തറയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ​ഗവേഷകർ ഉൾപ്പെടെ ബ്രയാനെ വിമർശിച്ചത്.