തൃശ്ശൂർ: പശ്ചിമേഷ്യയിലെ സംഘർഷം നമ്മുടെ ആരോഗ്യപരിപാലനരംഗത്തെ ചെലവ് കൂട്ടുമെന്ന ആശങ്കയേറി. പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമംമൂലം ഔഷധനിർമാണഘടകങ്ങൾ കിട്ടാതായതാണ് പ്രശ്‌നം. മെഡിക്കൽ ഉപകരണ നിർമാണരംഗത്തെ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തിരിച്ചടിയാകുന്നുണ്ട്. വലിയ നഷ്ടം നികത്തണമെന്ന് ഔഷധ നിർമാതാക്കളുടെ സമ്മർദത്തിന് അധികൃതർ വഴങ്ങിയാൽ ജൂലായ് മുതൽ നിയന്ത്രണത്തിലില്ലാത്ത മരുന്നുകളുടെ വില പത്തുശതമാനം കൂടിയേക്കുമെന്നാണ് വിലയിരുത്തൽ.
സക്രിയ ഔഷധ ചേരുവകളുടെ വില കുത്തനെ ഉയരുകയാണ്. ഫെബ്രുവരി മുതൽ ഇവയുടെ വില 30 മുതൽ 50 ശതമാനം ഉയർന്നെന്നാണ് കമ്പനികൾ പറയുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽത്തന്നെ നിയന്ത്രണത്തിലില്ലാത്ത ചില മരുന്നുകളുടെ വില കൂട്ടിയതായാണ് വിവരം. പട്ടികയിലില്ലാത്ത മരുന്നുകളുടെ വില ഒരുവർഷം പത്തുശതമാനംവരെ ഉയർത്താൻ നിർമാതാക്കൾക്ക് നിയമപരമായി അധികാരമുണ്ട്. ഈ മരുന്നുകളുടെ വില നിശ്ചയിക്കുന്നതിൽ ഔഷധവില നിയന്ത്രണസമിതിക്ക് വലിയ പങ്കില്ല.
വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, ത്വഗ്രോഗ മരുന്നുകൾ, മനോരോഗ മരുന്നുകൾ എന്നിവയടക്കമുള്ളവയ്ക്ക് വില കൂടാൻ സാധ്യതയുണ്ട്. വ്യവസായ ലോകത്തിന്റെ ആശങ്കകളും രോഗികളുടെ ആവശ്യങ്ങളും സന്തുലിതമാക്കുന്നതിന് കേന്ദ്ര ഡ്രഗ്‌സ് വിഭാഗവുമായി ചർച്ച നടക്കുകയാണെന്ന് ഇന്ത്യൻ ഡ്രഗ്സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ ദേശീയ വക്താവ് ഡോ. വിരാഞ്ചി ഷാ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വില വർധന അനുവദിക്കണമെന്ന് ബന്ധപ്പെട്ട വ്യവസായ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുമ്പോൾ ആനുകൂല്യം രോഗികൾക്ക് കൈമാറുന്നത് ഉറപ്പാക്കുന്നതിനുള്ള നീക്കം നടക്കുന്നതായും സൂചനകളുണ്ട്.
Content Highlights: Middle East conflict causing raw material shortages for medicine manufacturing., Active Pharmaceutical Ingredients (API) costs rose by 30-50% since February 2026
Published: 20 May 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented